Connect with us

Gulf

അല്‍ ഖോര്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍

Published

|

Last Updated

ദോഹ: അല്‍ ഖോര്‍ ഹോസ്പിറ്റലിലെ വര്‍ധിച്ച ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ കൂടിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. പ്രത്യേകിച്ച് പ്രസവ സംബന്ധമായ സേവനം തേടിയെത്തുന്നവരും ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സക്കെത്തുന്നവരുമാണ് വര്‍ധിച്ചത്. ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നവര്‍ വര്‍ധിച്ചു. എമര്‍ജന്‍സി വിഭാഗത്തിലും നിരവധി പേര്‍ ചികിത്സ തേടുന്നു. ആശുപത്രിയിലെ പ്രസവ നിരക്ക് ഉയര്‍ന്നുവെന്നും എച്ച് എം സി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈവനിംഗ് കണ്‍സള്‍ട്ടിംഗ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഇരട്ടിച്ചു. ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലുമാണ് ഈവനിംഗ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുക എന്ന ആശയത്തിന്റെ ഭാഗമായാണ് സൗകര്യങ്ങളും പ്രവൃത്തി സമയവും വികസിപ്പിച്ച് സേവനം നല്‍കുന്നതെന്ന് ആശുപത്രി ആക്ടിംഗ് മേധാവി ഡോ. മറിയം ഖമീസ് അല്‍ സാഖ പറഞ്ഞു. ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ 11,158 പേരാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. മുന്‍ വര്‍ഷം ഇത് 7,938 പേര്‍ മാത്രമായിരുന്നു. 40 ശതമാനമാണ് വര്‍ധന. ആശുപത്രിയിലെത്തുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്.
എമര്‍ജന്‍സി ക്ലിനിക്കില്‍ മാത്രം ഈ വര്‍ഷം 7,437 പേര്‍ ചികിത്സ തേടിയെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണിത്. എമര്‍ജന്‍സി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ആകെ 11,667 പേര്‍ സേവനം തേടി. ഇതില്‍ 3,512 പേര്‍ ഖത്വരികളും 8,155 പേര്‍ വിദേശികളുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഗൈനക്കോളജി വിഭാഗത്തില്‍ 2,286 പേര്‍ ചികിത്സ തേടി. ആശുപത്രിയിലെ കിടത്തി ചികിത്സാ സൗകര്യം 93 ശതമാനം മുതല്‍ 100 ശതമാനം വരെ ഉപയോഗപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മുന്‍ വര്‍ഷത്തില്‍ ഇത് 73നും 100നും ഇടയിലായിരുന്നു. കഴിഞ്ഞ വര്‍ഷം 1,184 ജനനങ്ങളാണ് ആശുപത്രിയില്‍ നടന്നത്. ഇതില്‍ 804 സ്വാഭാവിക പ്രസവവും 380 സീസേറിയനുകളുമായിരുന്നു. ഇതില്‍ ഖത്വരികളുടെ പ്രസവം 204 മാത്രമായിരുന്നു. അതേ സമയം ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ മാത്രം 799 ശിശു ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ഗര്‍ഭിണികളെ ചികിത്സക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള മികച്ച സാങ്കേതിക സൗകര്യങ്ങളും അല്‍ ഖോര്‍ ആശുപത്രിയിലുണ്ട്. മികച്ച ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും ആത്മാര്‍ഥമായ സേവനവും ആശുപത്രിയില്‍ ലഭ്യമാക്കുന്നു.