Connect with us

Kerala

പി എസ് സി: നിശ്ചിതസമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രം പരീക്ഷക്കവസരം

Published

|

Last Updated

തിരുവനന്തപുരം: 115 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ചെറുതും വലുതുമായ തസ്തികകള്‍ ഇതില്‍പ്പെടും. പി എസ് സിയിലെ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന് പോകുന്നതിന് അനുമതി നല്‍കും. പി എസ് സിയിലെ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കമ്മീഷന്റെ നേരത്തെയുള്ള തീരുമാനം. ഇതിലാണ് ഇപ്പോള്‍ മാറ്റംവരുത്തിയിരിക്കുന്നത്. പി എസ് സി പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിന് നിശ്ചിത സമയപരിധി വെക്കുന്നത് സംബന്ധിച്ച നിര്‍ദേശത്തിന് അന്തിമ അംഗീകാരം നടപ്പാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
പുതിയ സംവിധാനമനുസരിച്ച് നിശ്ചിതസമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കുക. ഇങ്ങനെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പര്‍ അച്ചടിക്കും. ഇതിന് ശേഷം പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് അപ്രത്യക്ഷമാകും. സമയപരിധി നിശ്ചയിക്കുന്നതിലൂടെ പി എസ് സിക്കുണ്ടാവുന്ന അനാവശ്യചെലവ് ഒഴിവാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. പി എസ് സി പരീക്ഷക്ക് ധാരാളം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും പകുതിയോളം പേര്‍ പരീക്ഷക്ക് ഹാജരാകാത്തതിനാല്‍ വന്‍തോതില്‍ പാഴ്‌ച്ചെലവുണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇപ്പോള്‍ പരീക്ഷാ സമയത്തിന് മുമ്പ് വരെ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ 27ന് നടന്ന പി എസ് സി നടത്തിയ വിവാദമായ ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായില്ല.
ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കണമെന്ന് മൂന്ന് പേരൊഴികെ എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍, വിഷയം അജന്‍ഡയിലുള്‍പ്പെടുത്തിയിട്ടില്ലെന്നും ചര്‍ച്ച ചെയ്യാനാകില്ലെന്നുമുള്ള ചെയര്‍മാന്റെ അഭാവത്തില്‍ അധ്യക്ഷത വഹിച്ച മുതിര്‍ന്ന അംഗം പി ജമീല നിലപാട് സ്വീകരിച്ചു. ഇതോടെ യോഗത്തില്‍ രൂക്ഷമായ തര്‍ക്കവുമുണ്ടായി. ഒടുവില്‍ അജന്‍ഡയിലുള്‍പ്പെട്ട മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തശേഷം യോഗം പിരിയുകയായിരുന്നു.