Connect with us

Malappuram

മാവോയിസ്റ്റ് ഭീഷണി; വനം വകുപ്പ് സുരക്ഷ ശക്തമാക്കുന്നു

Published

|

Last Updated

നിലമ്പൂര്‍: മാവോയിസ്റ്റ് ‘ഭീഷണി ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് ഒരുങ്ങുന്നു. വനം വകുപ്പ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി സുരക്ഷ ശക്തമാക്കാനാണ് പദ്ധതി. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ പോലീസിന്റെ സഹകരണത്തോടെ മാത്രം വന സംരക്ഷണം സാധ്യമാക്കാനാണ് വകുപ്പ് അധികൃതരുടെ ശ്രമം. മാവോയിസ്റ്റുകളെ തുരത്താന്‍ ആദിവാസികളുടെ സഹകരണം ലഭ്യമാക്കാനും ശ്രമം നടത്തും. വനം വകുപ്പില്‍ ഒഴിവുള്ള തസ്തികകള്‍ നികത്താനും വാഹന സൗകര്യം വര്‍ധിപ്പിക്കാനും ആവശ്യപ്പെടും. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ ചേര്‍ന്ന വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വന സുരക്ഷക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പ്രശ്‌ന ബാധിത ഔട്ട് പോസ്റ്റുകളായ ടി കെ കോളനി, പാട്ടക്കരിമ്പ്, നെല്ലിക്കുത്ത്, പൂളക്കപ്പാറ, മുണ്ടപ്പൊട്ടി, ഇരുട്ടുകുത്തി, എന്നിവിടങ്ങളില്‍ രാത്രി സമയത്ത് സ്റ്റാഫിന്റെ താമസം ഒഴിവാക്കാനും ഒരു ഗ്രൂപ്പ് തയ്യാറാക്കി നിരന്തരം പെട്രോളിംഗ് നടത്താനും തീരുമാനിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ റിസര്‍വ് ഫോഴ്‌സില്‍ നിലവിലുള്ള പോലീസിനെ ഉപയോഗപ്പെടുത്തും.
നിലമ്പൂര്‍,വഴിക്കടവ്, കരുളായി , കാളികാവ് റൈഞ്ചുകളില്‍ 20 വീതം ആംഡ് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനും ഓരോ സ്‌റ്റേഷനുകളിലും നിലനില്‍ക്കുന്ന സ്റ്റാഫിന്റെ ഒഴിവുകള്‍ നികത്താനും പുതിയ എട്ട് ബീറ്റ് ഓഫീസര്‍മാരേയും രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരേയും ആവശ്യപ്പെടാനും തീരുമാനിച്ചു. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകള്‍ക്കായി നാല് വാഹനങ്ങളും മാവോയിസ്റ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പോലീസിന് ലഭിക്കുന്ന രൂപത്തിലുള്ള റിസ്‌ക് അലവന്‍സും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടും.

---- facebook comment plugin here -----

Latest