Connect with us

National

ജുവനൈല്‍ ജസ്റ്റിസ് ബില്‍ രാജ്യസഭ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി :ബാലനീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കി. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. നേരത്തെ ലോക്‌സഭയും ബില്‍ പാസ്സാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടുകൂടി ബില്‍ നിയമമാകും. പതിനാറ് വയസ്സ് കഴിഞ്ഞാല്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് മുതിര്‍ന്നവരുടെതിനു സമാനമായ വിചാരണ ബാധകമാക്കുന്നതാണ് ബില്‍. ഉച്ചക്ക് രണ്ടിന് തുടങ്ങിയ ചര്‍ച്ച വൈകുന്നേരം ഏഴോടെ അവസാനിപ്പിച്ചാണ് ബില്ലിന് അംഗീകാരം നല്‍കയത.് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് സി പി എം അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.
വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണച്ചു. എന്നാല്‍, എസ് പിയും ജെ ഡിയുവും വിയോജിപ്പ് രേഖപ്പെടുത്തി. പതിനാറ് വയസ്സുള്ള കുറ്റവാളിയെ ഉടന്‍ ജയിലിലടക്കുക എന്നതല്ല ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനേകാ ഗാന്ധി പറഞ്ഞു. കുട്ടിക്കുറ്റവാളിക്ക് 21 വയസ്സാകുന്നതുവരെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ താമസിപ്പിക്കുകയും സ്വഭാവത്തില്‍ മാറ്റം വന്നെങ്കില്‍ സ്വതന്ത്രമാക്കുകയും അല്ലങ്കില്‍ ജയിലിലടക്കുകയുമാണ് പ്രധാന ഭേദഗതി. കുട്ടിയുടെ മാനസികാവസ്ഥ മനഃശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വിദഗ്ധര്‍ പരിശോധിക്കും.
പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ ഗുരുതര കുറ്റകൃതങ്ങളില്‍ ഇടപെടുന്നുവെങ്കില്‍ പ്രായപൂര്‍ത്തിയാവര്‍ക്കുള്ള രീതിയില്‍ വിചാരണ, ഗുരുതരമല്ലാത്ത കുറ്റകൃതങ്ങള്‍ ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ 21 വയസ്സിന് ശേഷമാണ് പിടിക്കപ്പെടുന്നതെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിചാരണ നേരിടണമെന്നും ബില്‍ നിര്‍ദേശിക്കുന്നു. എല്ലാ ജില്ലകളിലും ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡും ശിശുക്ഷേമ സമിതിയും രൂപവത്കരിക്കുക, കുട്ടികളെ വില്‍ക്കുന്നവര്‍ക്കും കുട്ടികള്‍ക്കെതിരെ ക്രൂരത കാണിക്കുന്നവര്‍ക്കും ലഹരി മരുന്ന് നല്‍കുന്നവര്‍ക്കും ശിക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകള്‍.
നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബില്‍ ചര്‍ച്ചക്കെടുത്തത്. ബില്‍ ചര്‍ച്ച ചെയ്യാനും പാസ്സാക്കാനും തയ്യാറാണെന്ന് ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും അറിയിച്ചതിനെ തുടര്‍ന്ന് രാജ്യസഭ ചര്‍ച്ചക്കെടുക്കുകയായിരുന്നു. രാജ്യസഭയില്‍ ബില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് സി പി എം ഉള്‍പ്പെടെയുള്ള പല പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാതെയാണ് ഭേദഗതി പാസ്സാക്കിയത്. ആദ്യ ഘട്ടത്തില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ശബ്ദ വോട്ടെടുപ്പിന് കോണ്‍ഗ്രസ് സഹകരിച്ചു. ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ മുതിര്‍ന്നവരുടേതിന് സമാനമായ രീതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കണമെന്നാണ് ഇന്ന് ആവശ്യപ്പെടുന്നതെന്നും നാളെയത് പതിനഞ്ച് ആക്കണമെന്ന് ആവശ്യപ്പെട്ടേക്കാമെന്നും സീതാറാം യെച്ചൂരി സഭയില്‍ പറഞ്ഞു.
ബില്‍ പാസ്സാക്കുന്നതിന് സാക്ഷിയാകാന്‍ ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ രാജ്യസഭയിലെത്തിയിരുന്നു. ഇവര്‍ രാഹുല്‍ ഗാന്ധിയെയും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെയും സന്ദര്‍ശിച്ച് ബില്‍ പാസ്സാക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, ബില്‍ ആറ് മാസം മുമ്പ് രാജ്യസഭ പാസ്സാക്കിയിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടില്ലായിരുന്നുവെന്ന് ജ്യോതി സിംഗിന്റെ മാതാവ് ആശാ ദേവി സിംഗ് പറഞ്ഞു.

Latest