Connect with us

International

വിക്ഷേപിച്ച റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറക്കി; ബഹിരാകാശ രംഗത്ത് നിര്‍ണായക നേട്ടം

Published

|

Last Updated

ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കേപ് കനാവെരാലിൽ നിന്നും കുതിച്ചുയരുന്നു (ഇടത്). ദൗത്യത്തിന് ശേഷം റോക്കറ്റ് സുരക്ഷിതമായി ഭൂമിയിലേക്ക് (വലത്ത്)

ഫ്‌ളോറിഡ: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടവുമായി വിക്ഷേപിച്ച ആളില്ലാ റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറക്കി. യുഎസ് കമ്പനിയായ സ്‌പേസ് എക്‌സ് ആണ് 11 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിനെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഭൂമിയില്‍ തിരിച്ചിറക്കിയത്. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. വിക്ഷേപിക്കുന്ന റോക്കറ്റ് ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുന്നത് ഇതാദ്യമായാണ്. സാധാരണ ദൗത്യപൂര്‍ത്തീകരണത്തിന് ശേഷം റോക്കറ്റ് സ്വയം എരിഞ്ഞമരുകയാണ് ചെയ്യാറ്.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി ഫ്‌ലോറിഡയിലെ കേപ് കനാവെറാലില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പത്ത് മിനുട്ടിന് ശേഷം ദൗത്യം പൂര്‍ത്തിയാക്കിയ റോക്കറ്റ് പ്രത്യേകം സജ്ജമാക്കിയ ലാന്‍ഡിംഗ് ഏരിയയില്‍ തിരിച്ചിറങ്ങി. വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും 9.65 കിലോമീറ്റര്‍ അകലെയാണ് ലാന്‍ഡിംഗ് ഏരിയ സംവിധാനിച്ചിരുന്നത്. 200 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച ശേഷമാണ് റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറങ്ങിയത്.

നേരത്തെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിരിച്ചിറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഭൂമിയില്‍ ഇടിച്ചിറങ്ങിയ റോക്കറ്റ് തകരുകയായിരുന്നു. ഈ വീഴ്ച പരിഹരിച്ച് രണ്ടാം തവണ നടത്തിയ ശ്രമമാണ് വിജയകരമായത്. ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായകമായ നേട്ടമാണ് ഇതോടെ കൈവരിക്കാനായത്. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചിലവ് ചുരുക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്‍മ. കൂടുതല്‍ വിക്ഷേപണങ്ങള്‍ക്ക് ഇനി ഒരേ റോക്കറ്റ് ഉപയോഗിക്കാനാകും.

യുഎസില്‍ ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സ്പേസ് എക്സ്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് നാസയുമായി സ്പേസ് എക്സ് 1.6 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എലോണ്‍ മുസ്ക് എന്ന ഹെെടെക് സംരംഭകനാണ് സ്പേസ് എക്സ് തലവന്‍.