Connect with us

Oman

അന്നം തന്ന നാടിന്റെ കുപ്പായമണിഞ്ഞ് ജന്മ നാട്ടില്‍ അവരെത്തി

Published

|

Last Updated

മസ്‌കത്ത് : ബാറ്റ് പിടിക്കാനും ബോള്‍ എറിയാനും ബാഡ് കെട്ടാനും പഠിച്ച നാട്ടില്‍ അവര്‍ അണിയുന്നത് എതിര്‍ ടീമിന്റെ ജേഴ്‌സി. പരിശീലന മത്സരങ്ങള്‍ക്കായി ഗുജ്‌റാത്തിലെത്തിയ ഒമാന്‍ ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ രാജേഷ്‌കുമാര്‍ റണ്‍പുരയും സ്പിന്‍ മാന്ത്രികന്‍ അജയ് ലാല്‍ചെട്ടയും ഗുജ്‌റാത്തുകാരാണ്. ഇന്ത്യന്‍ ടീമിലെ ഇരിപ്പിടവും സ്വപ്നം കണ്ട് ഏതൊരു ഇന്ത്യയിലെ ക്രിക്കറ്റര്‍മാരെയും പോലും കളിച്ചുവളര്‍ന്ന ലാല്‍ചെട്ടക്കും റണ്‍പുരക്കും ഒടുവില്‍ ലഭിച്ചത് ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി. അന്നം തേടി ഒമാനിലെത്തിയ ഇവര്‍ ജോലിക്കിടെ കമ്പനിക്കും ക്ലബുകള്‍ക്കുംവേണ്ടി കളിച്ചാണ് ഒമാന്‍ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയത് തികിച്ചും യാദര്‍ശ്ചികമായാണ്.
ജന്മനാട്ടില്‍ ഹൃദ്യമായ സ്വീകരണമാണ് ഇരുവര്‍ക്കും ലഭിച്ചത്. എതിര്‍ ടീമിന് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും അന്നം തന്ന നാടിന് വേണ്ടി അദ്ധ്വാനിക്കാനുള്ള ഇവരുടെ മനസ്സിനെ ക്രിക്കറ്റ് പ്രേമികളായ നാട്ടുകാര്‍ അംഗീകരിക്കുകയാണ്. ഗുജ്‌റാത്തിലെ രണ്ട് താരങ്ങള്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പോര്‍ബന്തര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജേഷ്‌സിംഗ് ജഡേജ പറഞ്ഞു.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ യോഗ്യത നേടിയ ഒമാന്‍ ക്രിക്കറ്റ് ടീം സൗരാഷ്ട്ര ക്രിക്കറ്റ് ക്ലബുമായാണ് മത്സരിക്കുന്നത്. മത്സരം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്‌കോട്ട് ജാംനഗര്‍ ഹൈവേയിലെ കന്ദേരിയില്‍വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
പരിശീലന മത്സരം ആണെങ്കിലും ഒമാന്‍ ടീമിനെ സംബന്ധിച്ചെടുത്തോളം ഇന്ത്യന്‍ പിച്ചുകളുമായും കാലാവസ്ഥയുമായും ഇണങ്ങാനുള്ള പ്രധാന അവസരമാണിത്. ഈ മത്സരത്തിലെ മികവും പോരായ്മയും മനസ്സിലാക്കിയാകും ഒമാന്‍ ടീമിന്റെ ഇനിയുള്ള പരിശീലനങ്ങള്‍ ക്രമീകരിക്കുക. ഒമാന്‍ ടീമില്‍ പുതുതായി എത്തിയ സ്പിന്‍ കോച്ചും മുന്‍ ഇന്ത്യന്‍ ബൗളറുമായ സുനില്‍ ജോഷിക്കും ടീം അംഗങ്ങളുടെ മത്സരം നേരില്‍ കാണാനും വിലയിരുത്താനും മത്സരം ഉപകരിക്കും.