Connect with us

Eranakulam

ജയിലില്‍ നിന്നിറങ്ങി രണ്ടാം ദിവസം സ്വര്‍ണം മോഷ്ടിച്ച യുവാവ് പിടിയില്‍

Published

|

Last Updated

കൊച്ചി: മോഷണക്കുറ്റത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി രണ്ടാം ദിവസം ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച യുവാവിനെ തൃക്കാക്കര പോലീസ് മുംബൈയില്‍ നിന്ന് പിടികൂടി. ചാലക്കുടി വെറ്റിലപ്പാറ മല്‍പ്പാന്‍ വീട്ടില്‍ അസിന്‍ ജോസി (27) നെയാണ് മുംബൈയിലെ മലാഡ് എന്ന സ്ഥലത്തുവച്ച് അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴിന് ജയില്‍ മോചിതനായ പ്രതി പിറ്റേന്ന് തന്നെ കാക്കനാട് വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്‌സ് ഫഌറ്റില്‍ നിന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു പ്രതി സംസ്ഥാനം വിടുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര അസി. കമ്മീഷ്ണര്‍ ബിജോ അലക്‌സാണ്ടറുടെ നിര്‍ദേശം പ്രകാരം കളമശ്ശേരി സി ഐ സി ജെ മാര്‍ട്ടിന്‍, തൃക്കാക്കര എസ് ഐ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുംബൈയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 2012ല്‍ പനമ്പള്ളി നഗര്‍ നേവല്‍ ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 15 പവന്‍
സ്വാര്‍ണാഭരണവും ക്യാമറയും മോഷ്ടിച്ച ഇയാളെ ബെംഗ്ലുരുവില്‍ നിന്നുമാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ 2013 ല്‍ ഹൈക്കോടതിക്ക് സമീപമുള്ള പ്രസന്ന വിഹാര്‍ ഫല്‍റ്റില്‍ നിന്ന് 24 പവന്‍ സ്വാര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ 2014ല്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസില്‍ ശിക്ഷ അനുഭവിച്ചു ജയില്‍ മോചിതനായ ശേഷമാണ് പിറ്റേന്ന് വാഴക്കാലയില്‍ മോഷണം നടത്തിയത്.
പ്രതിയുടെ പേരില്‍ മറ്റു ജില്ലകളിലും നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണ ശേഷം മുന്തിയ ഹോട്ടലുകളില്‍ താമസിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുകയാണ് ജോസിന്റെ പരിപാടി.
മാന്യമായി വസ്ത്ര ധാരണം നടത്തിയാണ് മോഷണത്തിനെത്തുന്നത്. അന്വേഷണ സംഘത്തില്‍ എസ് ഐ തിലകരാജ്, എ എസ് ഐ വിനായകന്‍, പോലീസുകാരനായ ബേസില്‍ പി ഐസക് എന്നിവരും ഉണ്ടായിരുന്നു.

Latest