Connect with us

International

പനാമ മുന്‍ പ്രസിഡന്റിനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

പനാമ സിറ്റി: പനാമ മുന്‍ പ്രസിഡന്റ് മാര്‍ട്ടിനെല്ലിക്കെതിരെ അറസ്റ്റ് വാറണ്ട്. പനാമ സുപ്രീം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2009 മുതല്‍ 2014 വരെയുള്ള തന്റെ ഭരണ കാലത്ത് മാര്‍ട്ടിനെല്ലി 150 ഓളം പേരുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്തുവെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
രാഷട്രീയ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യൂനിയന്‍ അംഗങ്ങള്‍, അഡ്വക്കറ്റുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി 150 ഓളം പേരുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് മാര്‍ട്ടിനെല്ലി ശ്രമിച്ചത്. അവരുടെ ഫോണ്‍ കോളുകളും മെസ്സേജുകളും ചോര്‍ത്തി. 2009- 2014 ഭരണ കാലത്ത് രാജ്യത്തെ നികുതപ്പണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉപയോഗിച്ചായിരുന്നു മാര്‍ട്ടിനെല്ലി ചാരപ്രവര്‍ത്തനം നടത്തിയത്.
അരോപണത്തെ തുടര്‍ന്ന് മാര്‍ട്ടിനെല്ലിയെ താത്കാലികമായി അറസ്റ്റ് ചെയ്യാന്‍ ജഡ്ജി ലൂയിസ് മാരിയോ കരാസ്‌കോ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ട്ടിനെല്ലി ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ജനുവരിയാലാണ് അദ്ദേഹം ഒളിവില്‍ പോയത്. ഇപ്പോള്‍ മിയാമിയിലുണ്ടെന്നാണ് കരുതുന്നത്.
അതേസമയം ചാരപ്രവൃത്തി കേസടക്കം പൊതു മുതല്‍ ദുരുപയോഗം ചെയ്യല്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കോഴ കേസ് തുടങ്ങി ഒരു ഡസനോളം മറ്റു കേസുകളിലും മാര്‍ട്ടിനെല്ലി പ്രതിയാണ്. ഈ കേസുകളില്‍ ഇദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, തനിക്കെതിരായ അരോപണങ്ങള്‍ പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വറോലയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് മാര്‍ട്ടിനെല്ലി ട്വിറ്ററില്‍ പ്രതികരിച്ചു.

Latest