Connect with us

Articles

എന്തിനാണിവര്‍ ഈ മനുഷ്യനെ കല്ലെറിയുന്നത്?

Published

|

Last Updated

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു നരാധ മന്‍ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയ ദിവസം രാത്രി ഞാന്‍ ക്ലിഫ് ഹൗസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. “അറക്കാന്‍ പോകുന്ന കുഞ്ഞാടിനെ പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും….” എന്ന ബൈബിള്‍ വാക്യമാണ് എനിക്ക് അപ്പോള്‍ ഓര്‍മ വന്നത്. അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയും മകളും അവിടെ ഉണ്ടായിരുന്നു. അപ്പോഴും ജനനിബിഡമായിരുന്നു ക്ലിഫ് ഹൗസ്. ഈ കുടുംബവുമായി വര്‍ഷങ്ങളായി അടുപ്പമുള്ള ഒരാളാണ് ഞാന്‍. എങ്കിലും എനിക്ക് മറിയാമ്മയുടെയും മകളുടെയും മുഖത്ത് നോക്കാന്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടായി. എന്നെപ്പോലെ അവിടെ വന്നിരുന്ന എല്ലാവരുടെയും മുഖത്ത് നിന്ന് ഞാന്‍ അത് വായിച്ചെടുത്തു. അവരൊന്നും ഇതൊന്നും വിശ്വസിച്ചില്ലെന്നതിന്റെ തെളിവായിരുന്നു അവിടെ കൂടിയ ജനക്കൂട്ടം. വളരെ കുറഞ്ഞ സമയം ഉറങ്ങി ഭക്ഷണവും ഫയല്‍ നോട്ടവും ജനങ്ങളുടെ നടുവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യന്റെ നന്മകള്‍, 58 ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന ഒരു കൊടും ക്രിമിനലിന്റെ, ആര്‍ക്കോ വേണ്ടി രചിക്കപ്പെട്ട തിരക്കഥയില്‍ തകര്‍ന്നടിയുമെന്ന് കരുതി ഇത് ഏറ്റെടുത്ത മാധ്യമങ്ങളോടും പ്രതിപക്ഷത്തോടും പ്രതിപക്ഷ നേതാവിനോടും എനിക്ക് അപ്പോള്‍ പുച്ഛമാണ് തോന്നിയത്.
എന്താണ് ഉമ്മന്‍ ചാണ്ടി ചെയ്ത കുറ്റം? കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന യു ഡി എഫ് സര്‍ക്കാറിനെ അടിപതറാതെ നയിച്ച നേതൃത്വമാണ് ഉമ്മന്‍ ചാണ്ടിയുടേത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിച്ചേക്കുമെന്ന അലോസരം പ്രതിപക്ഷത്തിന് ഉറക്കം നഷ്ടപ്പെടുത്തുന്നു. വിട്ടുപോയ ചില ഘടകകക്ഷികളുടെ പരിശ്രമഫലമായി അഴിച്ചുവിട്ട ഇത്തരം വ്യക്തിഹത്യകള്‍ക്ക് പ്രതിപക്ഷം കുട പിടിച്ചതെന്തിനാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. മ്ലേച്ചമായ നിരവധി സമര പരിപാടികള്‍ അവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രയോഗിച്ചു. കേരളത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തി. പിന്നീട് അദ്ദേഹത്തെ അവര്‍ സെക്രട്ടറിയേറ്റില്‍ തടഞ്ഞുെവച്ച് വീട് ഉപരോധിച്ചു. ജനസമ്പര്‍ക്ക പരിപാടി തടഞ്ഞു, ബഹിഷ്‌കരിച്ചു. ഈ മുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു. കറുത്ത തുണി വീശിയും കല്ലും കമ്പും എറിഞ്ഞും നന്മയുടെ ഈ വടവൃക്ഷത്തെ അവര്‍ ആക്ഷേപിച്ചു. കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഇത്തരം ഒരു അഗ്നി പരീക്ഷ നേരിടേണ്ടി വന്നിട്ടില്ല.
ആക്ഷേപങ്ങളുടെയും ആരോപണങ്ങളുടെയും പെരുമഴതന്നെ പെയ്തിറങ്ങി. ഏറ്റവും കുറഞ്ഞ ഭൂരിപ ക്ഷമുള്ള ഒരു സര്‍ക്കാറിനെ മുന്നോട്ട് നയിച്ചുകൊണ്ട് വന്‍കിട പദ്ധ തികള്‍ വിഭാവനം ചെയ്ത് നട പ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചതും ശ്രദ്ധിക്കേണ്ടതാണ്. ഓരോ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും അതിനെതിരെ ആക്ഷേപങ്ങള്‍ ചൊരിയാനും അടി സ്ഥാ നര ഹി ത മായ ആരോപണ ങ്ങള്‍ ഉന്നയിക്കാനും പ്രതിപക്ഷം എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്ന കാര്യവും ഓര്‍ക്കണം. ഈ സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത് കൊച്ചി മെട്രോ പദ്ധതിയാണ്. ഈ പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ്് പ്രതിപക്ഷത്തിന് കൈത്താങ്ങായി സരിത ഉന്നയിച്ച ആക്ഷേപങ്ങള്‍ ലഭിക്കുന്നത്. കേട്ട പാതി കേള്‍ക്കാത്ത പാതി പ്രതിപക്ഷം സരിതയെ ഏറ്റെടുത്ത് ആഘോ ഷിച്ചു. ഈ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു.
സരിത ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടടങ്ങിയപ്പോഴാണ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ബാര്‍ മുതലാളി ബിജു രമേശ് പ്രതിപക്ഷത്തിന്റെ സഹായിയായി രംഗപ്രവേശം ചെയ്യുന്നത്. ഇതും പ്രതിപക്ഷം ഏറ്റെടുത്ത് ആഘോഷിച്ചു. പക്ഷേ, ഞങ്ങളപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പണി തീര്‍ന്ന് വരുന്ന റണ്‍വേയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനമിറക്കുന്നതിനുള്ള പ്രയത്‌നത്തിലായിരുന്നു. ജനുവരിയില്‍ മലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ട് കണ്ണൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനം പറന്നിറങ്ങുക തന്നെ ചെയ്യും.
ബിജു രമേശിന്റെ ക്രോധം തണുത്തുകൊണ്ടിരിക്കെ ആരോപണങ്ങളൊക്കെ തകര്‍ന്നടിഞ്ഞപ്പോഴാണ് പ്രതിപക്ഷത്തിന് ഇണങ്ങുന്ന ബിജു രാധാകൃഷ്ണനെ ലഭിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മകന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന 58 ക്രിമിനല്‍ കേസുകളിലെ പ്രതികൂടിയായ ഒരുവന്റെ വാക്കുകളുടെ പിന്നാലെ പ്രതിപക്ഷം പാഞ്ഞുകൊണ്ടിരിക്കെ ഞങ്ങള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന തിരക്കിലായിരുന്നു. പിന്നീട് അവര്‍ ഇല്ലാത്ത സി ഡിക്കു വേണ്ടി കോയമ്പത്തൂര്‍ വരെ പോയി. ആ ദിവസം സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി സഹമന്ത്രിമാരോടൊപ്പം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു.
വിഴിഞ്ഞം, കണ്ണൂര്‍ സ്വപ്‌ന പദ്ധതികള്‍ മുഖ്യമന്ത്രി എന്നെയാണ് ഏല്‍പ്പിച്ചത് ഈ പദ്ധതികള്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള അശ്രാന്ത പരിശ്രമങ്ങളും ത്യാഗങ്ങളും എനിക്കറിയാം. ഒരിക്കല്‍ വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതി സംബന്ധിയായി ചില തടസ്സങ്ങള്‍ ഉണ്ടായപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലായിരുന്നു. ക്ലിഫ് ഹൗസില്‍ð കാത്തിരുന്ന ഞാനും ഉദ്യോഗസ്ഥരും രാത്രി വൈകി 11. 30-ഓടെ എത്തിയ മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ ശ്രമിച്ചപ്പോള്‍ കാത്തുനിന്ന ജനക്കൂട്ടം മൂലം ഞങ്ങള്‍ക്കു സാധിച്ചില്ല. അവസാനത്തെ സന്ദര്‍ശകനേയും കണ്ടുകഴിഞ്ഞപ്പോള്‍ സമയം പാതിരാത്രി 1. 30. ശങ്കയോടെ മടിച്ചുനിന്ന ഞങ്ങളെ അടുത്തേക്കു വിളിച്ചു പദ്ധതിയേപ്പറ്റിയും പെട്ടെന്നുണ്ടായ തടസ്സങ്ങളെപ്പറ്റിയും യാതൊരു സങ്കോചവും കൂടാതെ കേട്ട അദ്ദേഹം ഉടന്‍ തന്നെ അതിനു പരിഹാരവും നിര്‍ദേശിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ സമയം പുലര്‍ച്ചെ 3. 00 മണിയായി. ഇങ്ങനെ ജനങ്ങള്‍ക്കു വേണ്ടി ദിവസം 20 മണിക്കൂര്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ഈ മുഖ്യമന്ത്രിയെ എന്തിനാണിവര്‍ കല്ലെ റിയുന്നത്? യു ഡി എഫിന്റേയും കോണ്‍ഗ്രസിന്റേയും ഈ മന്ത്രിസഭയുടേയും സംസ്ഥാനത്തിന്റേയും ശക്തി സ്രോതസ്സ് ഈ മനുഷ്യനാണ്. കേരളമിന്ന് അന്യ രാജ്യങ്ങളിലറിയപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയിലൂടെയും അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതികളിലൂടെയുമാണ്.
സദാ തുറന്നിട്ട വാതിലാണ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐക്യകേരളം കണ്ട മുഖ്യമന്ത്രിമാരില്‍ എന്തുകൊണ്ടും മുന്‍ നിരയില്‍ അദ്ദേഹമുണ്ട്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഒരു നവകേരളം നങ്കൂരമിട്ടത്. ഇതുവരെ കാണാത്ത വികസനവും സ്വപ്‌നങ്ങളും അദ്ദേഹം പ്രവര്‍ത്തിപഥത്തിലെത്തിച്ചു. ഒറ്റക്കിരിക്കുന്ന ഉമ്മന്‍ ചാണ്ടി ഒരപൂര്‍വ കാഴ്ചയാണ്. അദ്ദേഹം എപ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലാണ്. ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഊര്‍ജമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ ശക്തി. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചു കൊടുക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പാഠപുസ്തകമാണ്.
ഉമ്മന്‍ ചാണ്ടിയോടൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവവും ഭാഗ്യവുമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തിനെതിരെ എറിഞ്ഞ കല്ലുകളില്‍ ചിലത് എന്റെ മേലും പതിച്ചിരുന്നു. അപ്പോഴൊക്കെ ആത്മവിശ്വാസവും കൈത്താങ്ങുമായത് ഉമ്മന്‍ ചാണ്ടിയും, ഇതൊന്നും വകവെക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമാണ്. സമാനതകളില്ലാത്ത ഈ സാരഥിയെ ഒറ്റപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുവാന്‍ കേരള ജനത ഒരിക്കലും ആരെയും അനുവദിക്കില്ല.
ഇത്രയേറെ യാത്ര ചെയ്ത ഒരു രാഷ്ട്രീയ നേതാവും കേരളത്തിലില്ല. അദ്ദേഹം സഞ്ചരിക്കാത്ത ഒരു റോഡും കേരളത്തിലില്ല. ഉമ്മന്‍ ചാണ്ടി ഊണു കഴിക്കുന്നത് അപൂര്‍വ സംഭവമാണ്. ഉച്ചഭക്ഷണം പോയിട്ട് പ്രഭാത ഭക്ഷണവും അത്താഴവുമൊന്നും അദ്ദേഹത്തിന്റെ ജീവിതചര്യകളിലില്ല. പലരും പ്രശ്‌നങ്ങളിð നിന്നും ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടിയാകട്ടെ ഇവയൊക്കെ സധൈര്യം നേരിടും. അദ്ദേഹത്തിന്റെ വേഗതയോട് പൊരുത്തപ്പെടാന്‍ ഞങ്ങളിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കളെ വിസ്മയിപ്പിക്കുന്ന ഊര്‍ജ്ജസ്വലത അദ്ദേഹത്തെ പുതിയ തലമുറയോടു ചേര്‍ത്തു നിര്‍ത്തുന്നു . പുതിയ സാങ്കേതിക വിദ്യകളോട് യോജിച്ചുപോകുന്ന വികസന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട സാഹചര്യമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം സരിതയുടെയും ബിജു രമേശിന്റേയും ബിജു രാധാകൃഷ്ണന്റേയും ആരോപണങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. തട്ടിപ്പ്, കൊലപാതക കേസുകളില്‍ യു ഡി എഫ് സര്‍ക്കാര്‍ ജയിലിലടക്കുകയും ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്ത പ്രതികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന രണ്ടുപേര്‍. മറ്റൊരാള്‍ സര്‍ക്കാറിന്റെ മദ്യനയത്തിലൂടെ തന്റെ ഒന്‍പതോളം ബാറുകള്‍ പൂട്ടിപ്പോയതിന്റെ ഫലമായി കോടികള്‍ നഷ്ടപ്പെട്ട ഒരു ബാര്‍ മുതലാളിയാണ്. മൂന്നുപേര്‍ക്കും ഈ സര്‍ക്കാറിനോട് സ്വാഭാവികമായുണ്ടാകുന്ന പകയും പ്രതികാര ദാഹവും ഊഹിക്കാവുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ പതനമാണിവരുടേയും ഇവര്‍ക്കു കുഴലൂതുന്നവരുടേയും നിഗൂഢ ലക്ഷ്യം.

---- facebook comment plugin here -----

Latest