Connect with us

Eranakulam

പുലിയുടെ നഖങ്ങളും പല്ലുകളും വില്‍പ്പന നടത്താന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പുലിയുടെ നഖങ്ങളും പല്ലുകളും വില്‍പ്പന നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍

പുനലൂര്‍: പുലിയുടെ നഖങ്ങളും പല്ലുകളും വില്‍പ്പന നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരേ വനംവകുപ്പ് അധികൃതര്‍ പിടികൂടി. പുലിയുടെ നാല് പല്ലുകളും പതിമൂന്ന് നഖങ്ങളും ഇവ കടത്താന്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.
പിറവന്തൂര്‍ കുര്യോട്ടുമല ആദിവാസി കോളനിയില്‍ ചിത്രാഭവനില്‍ രാമചന്ദ്രന്‍(45), ഉറുകുന്ന് പുത്തന്‍പുര വീട്ടില്‍ റോയി ജോസഫ്(40), തട്ടത്തുമല മറവന്‍കുഴി പണയില്‍ വീട്ടില്‍ ബദ്‌റുദ്ദീന്‍ (60), അഞ്ചല്‍ വടമണ്‍ രമണി വിലാസത്തില്‍ ഭുവനേന്ദ്രന്‍(49), പുനലൂര്‍ വെട്ടിത്തിട്ട അനുരാജ് ഭവനില്‍ തോബിയാസ്(45) എന്നിവരാണ് പിടിയിലായത്. ഇതില്‍ റോയി തോമസ് പാസ്റ്ററാണെന്ന് അവകാശപ്പെട്ടു. പുനലൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ കോശി ജോണിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുളിയറ ഭാഗത്ത് കാട്ടില്‍ ചത്തുകിടന്ന പുലിയുടെ നഖവും പല്ലുമാണിതെന്നും രാമചന്ദ്രന്‍ ഇത് ശേഖരിച്ച ബന്ധുവിന് കൈമാറിയതിനെത്തുടര്‍ന്നാണ് ഇത് വില്‍പ്പന നടത്താന്‍ ശ്രമം നടന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് വയസ്സ് പ്രായം വരുന്ന പുലിയുടേതാണിത്. പല്ലിനും നഖത്തിനും ഒരു വര്‍ഷത്തെ പഴക്കമുണ്ട്. ഇടനിലക്കാര്‍ മുഖേനയാണ് ഇത് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്.
വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി എഫ് ഒയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് അഞ്ച് പേരും പിടിയിലായത്. പുനലൂരിലെ ഡി എഫ് ഒ ഓഫീസിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
പുനലൂരിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ ടോണി വര്‍ഗീസ്, ചെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാനാവാസ്, റേഞ്ച് ഓഫീസര്‍മാരായ പി സുഭാഷ്, പി ജി ചന്ദ്രന്‍പിള്ള, എന്‍ എസ് ഗിരീഷ്ബാബു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സി രാജുക്കുട്ടി തുടങ്ങിയവരും അന്വേഷണത്തില്‍ പങ്കെടുത്തു.