Connect with us

Kollam

ജീവനക്കാരെ മര്‍ദിച്ച് പെട്രോള്‍പമ്പില്‍ നിന്ന് പണം കവര്‍ന്നു

Published

|

Last Updated

അമ്പലപ്പുഴ: ജീവനക്കാരെ മര്‍ദിച്ച് പെട്രോള്‍പമ്പില്‍ നിന്ന് പണം കവര്‍ന്നു. പുറക്കാട് പുത്തന്‍നട പെട്രോള്‍ പമ്പില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു കവര്‍ച്ച നടന്നത്. സംഘവുമായി നടന്ന മല്‍പ്പിടിത്തത്തില്‍ ജീവനക്കാരായ പുറക്കാട് മാത്തയില്‍ ശിവപ്രസാദ്(18), വിപിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. തലക്കും കൈക്കും പരുക്കേറ്റ ശിവപ്രസാദിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയശേഷം രണ്ട് പേര്‍ ബാത്ത് റൂമില്‍ പോകാനെന്ന് പറഞ്ഞ് പമ്പിലെത്തി. ഇതില്‍ ഒരാള്‍ പമ്പിലെ ഓഫീസിനുള്ളില്‍ കയറി പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് രണ്ടംഗ സംഘവുമായി ജീവനക്കാര്‍ മല്‍പ്പിടിത്തം നടത്തിയെങ്കിലും പണമടങ്ങിയ ബാഗുമായി കടന്നു. ജീവനക്കാര്‍ പിന്‍തുടര്‍ന്ന് കാറിന് സമീപത്തെത്തി പിടിവലിയുണ്ടാക്കി. ഇതിനിടയില്‍ കാറില്‍ ഉണ്ടായിരുന്ന ആളും പുറത്തിറങ്ങി ജീവനക്കാരെ മര്‍ദിച്ചു പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ദേശീയപാതയിലൂടെ വടക്ക് ഭാഗത്തേക്കാണ് സംഘം കടന്നത്. ജീവനക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്ന് പോലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. വിവിധ സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തലക്ക് സമീപം വെച്ച് കാര്‍ അര്‍ത്തുങ്കല്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പിടികൂടാനായില്ല. ബാഗില്‍ 37,000 രൂപ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.