Connect with us

Kerala

കരുണാകരനെ അട്ടിമറിച്ചതിന് ചെറിയാന്‍ ഫിലിപ്പിന്റെ ക്ഷമാപണം

Published

|

Last Updated

തിരുവനന്തപുരം: കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന് ചെറിയാന്‍ ഫിലിപ്പിന്റെ മാപ്പപേക്ഷ. കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് അദ്ദേഹം മാപ്പ് ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് ലീഡർ കെ കരുണാകരന്റെ അഞ്ചാം ചരമ വാർഷിക ദിനമാണ് – 1995 ൽ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ച ഹീനവൃത്തിയിൽ ഭാഗികമായി പങ്കാളിയാകേണ്ടി വന്നതിൽ പരസ്യമായി മാപ്പ് അപേക്ഷിക്കുന്നു. ഇരുപതു വർഷം കഴിഞ്ഞിട്ടും ഈ അപരാധത്തിൽ കുറ്റബോധം എന്നെ വേട്ടയാടുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ക്ഷമാപണത്തിന് മുതിരുന്നത് .
1994-95 കാലഘട്ടത്തിൽ ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമായി കൊണ്ഗ്രസിലെ “എ” വിഭാഗം കരുണാകരനെ ചാരനായും രാജ്യദ്രോഹിയായും ചിത്രീകരിച്ചാണ് ജനമദ്ധ്യത്തിൽ താറടിച്ചത്. മുഖ്യമന്ത്രി കരുണാകരനെതിരെ കോണ്ഗ്രസ് ഹൈക്കമാണ്ടിനു കുറ്റപത്രം സമർപ്പിക്കുകയും, രാജി വെക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് നാടുനീളെ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തവർക്ക് ഇപ്പോഴെങ്കിലും മനസ്താപം ഉണ്ടാകേണ്ടതാണ്. കരുണാകരപക്ഷത്ത് ഉണ്ടായിരുന്ന ഏഴു എം എൽ എ മാരെ അടർത്തിയെടുത്ത്‌ നിയമസഭകക്ഷിയിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ കുതിരക്കച്ചവടം അധാർമികവും നീചവും ആയിരുന്നു. ഞാൻ ചെയ്ത കാര്യങ്ങൾ 1998 ൽ ലീഡറോട് തുറന്നു പറയുകയും, പ്രായശ്ചിത്തമെന്നോണം ലോകസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അദ്ദേഹത്തെ ജയിപ്പിക്കാൻ കഠിനയത്നം നടത്തുകയും ചെയ്തിരുന്നു . പിന്നീട് മരണം വരെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്ഥാനം നേടി . കെ കരുണാകരനെ കുറിച്ചുള്ള ഓർമ്മകൾക്കു മുമ്പിൽ ദുഖഭാരത്തോടെ തല കുനിക്കുന്നു

Latest