Connect with us

Gulf

വിവാഹമോചന വര്‍ധന: കുടുംബ നിയമത്തില്‍ മാറ്റം വേണമെന്ന് ആവശ്യം

Published

|

Last Updated

ദോഹ: ഖത്വറില്‍ വിവാഹമോചനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കുടുംബ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് നിയമ വിദഗ്ധര്‍. ദാമ്പത്യ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഫാമിലി കണ്‍സള്‍ട്ടന്‍സി സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 7246 വിവാഹങ്ങളാണ് നടന്നത്. ഇക്കാലയളവില്‍ 3200 വിവാഹമോചനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10325 വിവാഹമോചനങ്ങളാണ് ഉണ്ടായത്. ഖത്വരി ലോയേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് അല്‍ ശര്‍ഖ് പത്രം നടത്തിയ സെമിനാറിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. സാമൂഹിക, സാമ്പത്തിക ഘടകങ്ങളും ദമ്പതികളുടെ കുടുംബാംഗങ്ങളുടെ ഇടപെടലും ഇരുവരുടെയും സാമ്പത്തികനില വ്യത്യാസപ്പെടുന്നതും തെറ്റുധാരണകളും ആണ് ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ തീര്‍ക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ടതും കുട്ടികളുടെ സംരക്ഷണവും വിവാഹമോചനത്തിന് ശേഷമുള്ള കുടുംബ ചെലവ് വഹിക്കുന്നതും തുടങ്ങിയവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് പാനലിസ്റ്റ് അഡ്വ. സഊദ് അല്‍ അദ്ബ പറഞ്ഞു.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1090 കേസുകളാണ് കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഫാമിലി കണ്‍സള്‍ട്ടന്‍സി സെന്റര്‍ വിദഗ്ധന്‍ നാസര്‍ മുബാറക് അല്‍ ഹജ്‌രി പറഞ്ഞു. കോടതികളില്‍ ജുസ്ഇയ്യ (സിംഗിള്‍ ജഡ്ജി), കുല്ലിയ്യ (മൂന്ന് ജഡ്ജിമാരടങ്ങിയ ബഞ്ച്) എന്നീ വിഭാഗങ്ങളാണ് കുടുംബ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കുല്ലിയ്യ 560 കേസുകളാണ് സ്വീകരിച്ചത്. ഇതില്‍ 399 വിവാഹമോചനങ്ങള്‍, സ്ത്രീകള്‍ വിവാഹമോചനം ആവശ്യപ്പെട്ട് 51 എണ്ണം, കുടുംബ ചെലവ് വഹിക്കുന്ന 13 കേസുകള്‍, ഭാര്യമാര്‍ വീട്ടിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടുള്ള 82 എണ്ണം, നിര്‍ബന്ധിത വിവാഹം തടയണമെന്ന ആറെണ്ണം, മറ്റ് ഒമ്പതെണ്ണം എന്നിങ്ങനെയാണ് കേസുകളുടെ അവസ്ഥ. 478 കേസുകളാണ് ജുസ്ഇയ്യ സ്വീകരിച്ചത്. കുട്ടികളുടെ സംരക്ഷണം (134), കുട്ടികളെ കാണുന്നതിന് (38), നല്ല പെരുമാറ്റം ആവശ്യപ്പെട്ടുള്ളത് (38), ചെലവ് വഹിക്കാന്‍ (207), നിര്‍ബന്ധിത വിവാഹം തടയല്‍ (അഞ്ച്), താമസസൗകര്യം (35), മറ്റുള്ളവ (10) എന്നിവ ഉള്‍പ്പെടെയാണിത്.

Latest