Connect with us

Gulf

യമന് യു എ ഇ പിന്തുണ തുടരും: ജനറല്‍ ശൈഖ് മുഹമ്മദ്‌

Published

|

Last Updated

യമനില്‍ രക്തസാക്ഷിത്വം വരിച്ച ലെഫ്. യൂസുഫ് മബ്ഖൂത്ത് സുലൈമാന്‍ ഖദ്ഹാന്‍ അല്‍ മിന്‍ഹാലിയുടെ കുടുംബത്തെ യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സന്ദര്‍ശിച്ചപ്പോള്‍

അബുദാബി: യു എ ഇ യമന് നല്‍കുന്ന പിന്തുണ ശക്തമായി തുടരുമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ യമനീ ജനതയെ സഹായിക്കുന്നത് യു എ ഇ പൂര്‍വാധികം ശക്തമായി തുടരും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഹൂത്തിവിമതരില്‍ നിന്ന് യമനിനെ രക്ഷിക്കാനായി പോരാടുന്ന യമനി നേതാക്കളുമായി അല്‍ ബഹര്‍ പാലസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ജനറല്‍ ശൈഖ് മുഹമ്മദ് നിലപാട് ആവര്‍ത്തിച്ചത്. നീതിക്കായി പോരാടുന്നവരെ സഹായിക്കുകയെന്നത് യു എ ഇ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തിന്റെ ഭാഗമാണ്. സമ്പല്‍സമൃദ്ധവും സമാധാനം നിലനില്‍ക്കുന്നതുമായ ഒരു യമനാണ് യു എ ഇ ലക്ഷ്യമിടുന്നത്.
ഹൂത്തി വിമതര്‍ക്കെതിരായി പോരാടുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓപറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പില്‍ യു എ ഇ സൈനികര്‍ സജീമായി പങ്കെടുക്കുന്നുണ്ട്. യമനിന്റെ പല ഭാഗങ്ങളില്‍ നിന്നും ഹൂത്തി വിമതരെ തുരത്താന്‍ യു എ ഇ സേനയുടെ പ്രവര്‍ത്തനം ഇടയാക്കിയിരുന്നു. യമനിലെ പ്രധാനപ്പെട്ട തുറമുഖ നഗരമായ ഏദണ്‍ തിരിച്ചുപിടിക്കുന്നതിലും യു എ ഇ സൈനികരുടെ സേവനം ഏറെ വിലപ്പെട്ടതായിരുന്നു. മആരിബ് ഡാം തിരിച്ചുപിടിക്കുന്നത് ഉള്‍പെടെയുള്ള വിജയങ്ങളിലും യു എ ഇ സൈന്യം നിര്‍ണായകമായിരുന്നു.