Connect with us

Kerala

വയനാട് ചുരം ബദല്‍ റോഡ്; പ്രതിബന്ധങ്ങള്‍ നീങ്ങിയില്ല

Published

|

Last Updated

കല്‍പ്പറ്റ: ശിലാസ്ഥാപനത്തിന് പ്രായം 21 തികഞ്ഞിട്ടും പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ഇനിയും സ്വപ്‌നം മാത്രം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിര്‍മാണോദ്ഘാടനം 1994 സെപ്തംബറിലാണ് ആഘോഷ പൂര്‍വം നടന്നത്. 27.225 കിലോമീറ്റര്‍ നീളമുള്ള ഈ ബദല്‍ റോഡിന്റെ നിര്‍മാണത്തിന് വിലങ്ങുതടിയായത് വനം വകുപ്പിന്റെ തടസ്സ വാദങ്ങളാണ്. നാട്ടുകാര്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംഘടിച്ച് രൂപവത്കരിച്ച റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധികാര സ്ഥാനങ്ങളില്‍ നിവേദനങ്ങള്‍ നല്‍കി മടുത്തു. എണ്ണമറ്റ പ്രക്ഷോഭങ്ങളും ഈ റോഡിന് വേണ്ടി നടന്നു. എന്നിട്ടും തടസങ്ങള്‍ നീങ്ങിയില്ല. കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ചുരം ബദല്‍ റോഡായി സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചിട്ടുള്ളതാണ് ഈ പാത. കോഴിക്കോട്, വയനാട് ജില്ലകളിലെ വനാതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പൂഴിത്തോട് നിന്നും വനാതിര്‍ത്തി വരെ മൂന്ന് കിലോമീറ്ററും, വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നിന്നും 12.22 കിലോമീറ്ററുമാണ് ബദല്‍പാത. വന ഭൂമിയിലൂടെ കടന്നുപോവുന്ന 19.940 കിലോമീറ്ററിന്റെ നിര്‍മാണമാണ് 21 കൊല്ലമായിട്ടും പുരോഗതിയില്ലാതെ കിടക്കുന്നത്. ഇതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാവാത്തതാണ് തടസ്സം. വനത്തിലൂടെ കടന്നു പോവുന്ന റോഡിന് ആവശ്യമായി വരുന്ന ഭൂമിക്ക് പകരം ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വനം വകുപ്പിന് വിട്ടുനല്‍കിയിട്ടുണ്ട്. 20.995 ഹെക്ടര്‍ ഭൂമിയാണ് റോഡിന് വനം വകുപ്പിന്റേതായി ആവശ്യമുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടി 52 ഏക്കര്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നും പകരമായി നല്‍കി. മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ റീ.സര്‍വ്വേ നമ്പര്‍ 1151ല്‍പ്പെട്ട 33 ഏക്കര്‍ റവന്യൂ ഭൂമിയും, തരിയോട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 684,684/1, 684/1A എന്നിവയില്‍പ്പെട്ട 10 ഏക്കര്‍ ഭൂമിയും ഇതേ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 685/1ല്‍പ്പെട്ട അഞ്ച് ഏക്കര്‍ ഭൂമിയുമാണ് വനം വകുപ്പിന് സൗജന്യമായി വിട്ടുകൊടുത്തിട്ടുള്ളത്. 52 ഏക്കറിലേക്ക് തികയാത്ത നാല് ഏക്കര്‍ ഭൂമി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, വെള്ളമുണ്ട വില്ലേജിലെ സര്‍വ്വേ നമ്പര്‍ 610ല്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും വാങ്ങി വനം വകുപ്പിന് കൈമാറിയിരുന്നു.
1991ല്‍ പൊതുമരാമത്ത് വകുപ്പ് ഇതിന്റെ സര്‍വ്വേ പൂര്‍ത്തിയാക്കിയതു പ്രകാരം 1992 ഓഗസ്റ്റ് മൂന്നിന് പൊതുമരാമത്ത് വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതേ വര്‍ഷം ഡിസംബര്‍ മൂന്നിന് റവന്യൂ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പിന് പകരം നല്‍കുന്ന ഭൂമി സംബന്ധിച്ച ധാരണയാവുകയും ചെയ്തു.
1993 ഓഗസ്റ്റ് 14ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പിന്റെ തടസ്സങ്ങള്‍ പരിഹരിക്കാനും, റോഡ് പ്രവൃത്തി എത്രയും വേഗം തുടങ്ങാനും തീരുമാനിച്ചു. ഇതനുസരിച്ച് 1994 ജനുവരിയില്‍ ഈ റോഡിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ജി ഒ (ആര്‍ ഇ ) നം. 95/94/പി ഡബ്ല്യു ആന്റ് പി ടി തീയ്യതി 13-1-1994ാം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റോഡ് പ്രവൃത്തികള്‍ക്കായി 960 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. 1994 സെപ്തംബര്‍ 23ന് പടിഞ്ഞാറത്തറയില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ റോഡിന്റെ പ്രവൃത്തി ഉദഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രിയായിരുന്ന പി കെ കെ ബാവയായിരുന്നു അധ്യക്ഷന്‍. ഇതിന് ശേഷം കോഴിക്കോട് ജില്ലയില്‍ പൂഴിത്തോട് വനാതിര്‍ത്തി മുതല്‍ പടിഞ്ഞാറത്തറ വരെയും പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ നല്‍കി റോഡ് ഗതാഗത യോഗ്യമാക്കി.
12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ റോഡ് 2005ല്‍ കേരള സര്‍ക്കാ സംസ്ഥാന ഹൈവേ 54 ആയി പ്രഖ്യാപിച്ചതാണ്. ഈ റോഡിലെ പ്രധാന പാലമായ വാരാമ്പറ്റ പാലം 3.40 കോടി രൂപ ചെലവില്‍ പണിപൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. എന്നിട്ടും പൂര്‍ണതോതില്‍ റോഡ് ഉപയോഗ യോഗ്യമാക്കാന്‍ കഴിയാത്തതിന് കാരണം വനം വകുപ്പിന്റെ എതിര്‍പ്പാണെന്ന ആരോപണം ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നു. ഈ വസ്തുകളൊക്കെ അറിയുന്നതിനാലാണ് നാല് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ബദല്‍ പാതകളും നടക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

---- facebook comment plugin here -----

Latest