Connect with us

International

മോഡി മോസ്‌കോയില്‍; ഇന്ത്യ - റഷ്യ കൂടിക്കാഴ്ച ഇന്ന്, സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും

Published

|

Last Updated

മോസ്‌ക്കോ: ഇന്ത്യാ – റഷ്യ 16ാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്‌കോയിലെത്തി. വുക്കോവോ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒരുക്കിയ അത്താഴവിരുന്നിലും പ്രധാനമന്ത്രി സംബന്ധിച്ചു. സ്വീകരണം ഊഷ്മളമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രസിഡന്റ് വഌഡ്മീര്‍ പുടിനുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ആണവ, പ്രതിരോധ, വ്യാപാര മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. റഷ്യയില്‍ നിന്ന് 200 കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് അടക്കമുള്ള കരാറുകളില്‍ ഒപ്പിടുമെന്നാണ് സൂചന. റഷ്യയില്‍ നിന്ന് എസ് 400 ത്രിമുഫ് വ്യോമ പ്രതിരോധ മിസൈലുകള്‍ വാങ്ങുന്നതിനായി 40,000 കോടി രൂപയുടെ ഇടപാടിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതിനായുള്ള കരാറിലും ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവെക്കും.

റഷ്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന മോഡി ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയായ ശേഷം മോഡി ഇതാദ്യമായാണ് റഷ്യയില്‍ എത്തുന്നത്.

അതിനിടെ, വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുമ്പോള്‍ മോഡി നടന്നുനീങ്ങിയത് വിവാദമായി. റഷ്യന്‍ മിലിട്ടറി ബാന്‍ഡ് അംഗങ്ങള്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് അത് ശ്രദ്ധിക്കാതെ മോഡി നടന്നുനീങ്ങിയത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്നാണ് ചട്ടം. മോഡിയുടെ നടത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.