Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദ് കനേഡിയന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കനേഡിയന്‍ പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജാനുമായി കൂടിക്കാഴ്ച നടത്തി. അല്‍ ശാത്തി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. സൈനിക-പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനുള്ള കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.
യു എ ഇയിലെയും ക്യാനഡയിലെയും ജനങ്ങള്‍ക്കിടയില്‍ ശക്തമായ സൗഹൃദമാണ് തുടരുന്നതെന്ന് ഇരു നേതാക്കളും പറഞ്ഞു. യമന്‍ ഉള്‍പെടെയുള്ള മേഖലയിലെ പ്രശ്‌നങ്ങളും ഇരുവരും സംസാരിച്ചു. തീവ്രവാദത്തിനെതിരായ യു എ ഇയുടെ സന്ധിയില്ലാസമരത്തെക്കുറിച്ച് ജനറല്‍ ശൈഖ് മുഹമ്മദ് കനേഡിയന്‍ മന്ത്രിയെ ധരിപ്പിച്ചു.
അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‌റൂഇ, ജന. ശൈഖ് മുഹമ്മദിന്റെ ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജുമ അഹ്മദ് അല്‍ ബവാര്‍ഡി, യു എ ഇയിലെ കനേഡിയന്‍ സ്ഥാനപതി ആരിഫ് ലലാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.