Connect with us

Articles

ക്രിസ്തു ഉലകം ചുറ്റുന്നു, അഭയാര്‍ഥികള്‍ക്കൊപ്പം

Published

|

Last Updated

ഓരോ ക്രിസ്മസ് വരുമ്പോഴും വിമോചന ദൈവശാസ്ത്രകാരന്മാര്‍ ചോദിക്കാറുണ്ട്; എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പള്ളികള്‍ക്കു മുമ്പിലും വീടുകള്‍ക്കു മുമ്പിലും ഒരു പ്രദര്‍ശനവസ്തുവായി പുല്‍ക്കൂട് ഒരുക്കുന്നത്? നിങ്ങളുടെ പള്ളികളിലും വീടുകളിലും ഒന്നും ക്രിസ്തുവിനു ജനിക്കാന്‍ ഒട്ടും ഇടമില്ലാഞ്ഞിട്ടാണൊ പുല്‍ക്കൂട്ടില്‍ തന്നെ ജനിക്കണമെന്ന് നിങ്ങള്‍ ഇപ്പോഴും ശാഠ്യം പിടിക്കുന്നത്?
ക്രിസ്മസ് ഒരര്‍ഥത്തില്‍ അഭയാര്‍ഥി പ്രയാണത്തിന്റെ അനുസ്മരണം കൂടിയാണ്. ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം ഭൂമിയിലെ മനുഷ്യരോടൊപ്പം വസിക്കാന്‍ സ്വര്‍ഗത്തിലെ ദൈവം ഒരു അഭയാര്‍ഥിയെ പോലെ അലഞ്ഞു നടന്നതിന്റെയും പ്രതിഫലമായി വധശിക്ഷ ഏറ്റുവാങ്ങിയതിന്റെയും ചരിത്രത്തിനു തുടക്കം കുറിക്കുന്നത് ബത്‌ലഹേമിലെ കാലിത്തൊഴുത്തിലാണ്. മറ്റു നിവൃത്തിയില്ലാതെ അഭയാര്‍ഥികളായി അന്യനാട്ടില്‍ എത്തിയ ജോസഫിന്റെയും മേരിയുടെയും ഒട്ടും തന്നെ അഭിമാനാര്‍ഹമല്ലാത്ത ജീവിതാനുഭവങ്ങളുടെ തുടക്കമായിരുന്നു അന്ന് ബത്‌ലഹേം കാലിത്തൊഴുത്തില്‍ നിന്നുയര്‍ന്ന നവജാത ശിശുവിന്റെ കരച്ചിലിന്റെ ശബ്ദം എന്ന് ക്രൈസ്തവര്‍ കരുതുന്നു. അപ്പത്തിന്റെ വീട് എന്നു അര്‍ഥമുള്ള ബത്‌ലഹേം അവര്‍ക്ക് അത്രയൊന്നും ആത്മബന്ധമുള്ള സ്ഥലം ആയിരുന്നില്ല. അവരവിടേക്ക് ആട്ടിപ്പായിക്കപ്പെടുകയായിരുന്നു. ബത്‌ലഹേമില്‍ അവര്‍ക്കൊരു വീടോ അടുത്ത ബന്ധുജനങ്ങളൊ ഉണ്ടായിരുന്നില്ല. ഒരു സത്രത്തില്‍ മാന്യമായി രാത്രി കഴിക്കാനുള്ള സാമ്പത്തിക ശേഷിയോ സാമൂഹിക അന്തസ്സോ അവര്‍ക്കുണ്ടായിരുന്നില്ല എന്നുകൂടി ലൂക്കോസ് 2 :1 -20 ഭാഗത്തു നിന്നു വായിക്കാം.
സുവിശേഷത്തില്‍ സൂചിപ്പിക്കുന്ന ലോകവ്യാപകമായ സെന്‍സസ് ചരിത്രത്തിലെ ഒരു കീറാമുട്ടിയായിരുന്നു. ഇതിന്റെ ചരിത്രപശ്ചാത്തലം അര്‍ക്കെലയോസ് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഫലസ്തീന്‍ നേരിട്ടു റോമിന്റെ കീഴില്‍ വന്നുചേരുകയും ചെയ്ത ചരിത്രസാഹചര്യമായിരുന്നു. ഇസ്‌റാഈല്‍ജനതക്ക് ഈ നടപടിക്കെതിരെ കടുത്ത അമര്‍ഷമുണ്ടായിരുന്നു. എരിവുകാര്‍ (zealots) എന്നറിയപ്പെട്ടിരുന്ന യഹൂദ മതതീവ്രവാദികളുടെ /വിപ്ലവത്തിനു ഇത് വഴിയൊരുക്കുക കൂടി ചെയ്തു. ഇപ്രകാരം നാടും വീടും ഉപേക്ഷിച്ച് തലചായ്ക്കാന്‍ ഇടം തേടി അലയുന്നതിനിടയില്‍ തെരുവോരത്ത് സ്ത്രീകള്‍ പ്രസവിക്കുന്നതും മാതാപിതാക്കളെ വേര്‍പിരിഞ്ഞ കുട്ടികള്‍ നിസ്സഹായരാക്കപ്പെടുന്നതും ഒന്നും ലോകചരിത്രത്തിലെ ആദ്യത്തെയോ അവസാനത്തെയൊ സംഭവം ആയിരുന്നില്ല. ബൈബിളില്‍ തന്നെ അഭയാര്‍ഥി പ്രവാഹത്തിന്റെ നീണ്ട ഒരു പരമ്പര നമുക്കു കാണാം. അബ്രഹാം മുതല്‍ രൂത്ത് വരെ വ്യാപിച്ചുകിടക്കുന്ന പഴയനിയമ സാഹിത്യം അഭയാര്‍ഥി പ്രവാഹത്തിന്റെ കരളലിയിക്കുന്ന കഥകളുടെ ഒരു സമാഹാരം കൂടിയാണ്. ബൈബിളില്‍ നിന്നു സമകാലിക ലോകചരിത്രത്തിലേക്കു വരുമ്പോഴും നിലക്കാത്ത അഭയാര്‍ഥി പ്രവാഹത്തിന്റെ കാതടപ്പിക്കുന്ന നിലവിളി നമ്മള്‍ നാലുഭാഗത്തുനിന്നും കേള്‍ക്കുന്നു.
ലോകവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളിലൂടെ ഒന്നു കണ്ണോടിക്കൂ. അല്ലെങ്കില്‍ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ മൗസൊന്നു ക്ലിക്ക് ചെയ്തു നോക്കൂ. എത്രയെത്ര ഹൃദയഭേദകമായ ചിത്രങ്ങളാണ് കണ്‍മുമ്പില്‍ തെളിയുന്നത്. ലബാനാന്റെ തെരുവുകളില്‍ എത്ര കുട്ടികളാണ് മാതാപിതാക്കളില്‍ നിന്നു വേര്‍പെട്ട നിലയില്‍ ബാലവേല ചെയ്യുന്നത്? അവരില്‍ മുക്കാല്‍ പങ്കും സിറിയയില്‍ നിന്നു അഭയാര്‍ഥികളായി എത്തിയവരുടെ മക്കളാണ്. അവരും അവരുടെ മാതാപിതാക്കളും സുരക്ഷിതമായ താവളങ്ങള്‍ തേടി യൂറോപ്പിലേക്ക് കുടിയേറാന്‍ ആവശ്യമായ പ്രാഥമിക ചെലവുകള്‍ക്കുള്ള ഡോളറുകള്‍ സമ്പാദിക്കാന്‍ കഷ്ടപ്പെട്ടു പണിയെടുക്കുന്നവരാണ്. ഇപ്പോഴത്തെ ഈ അഭയാര്‍ഥിപ്രവാഹത്തിനു കാരണമായത് മധ്യപൂര്‍വേഷ്യന്‍ പ്രദേശങ്ങളിലെ ഐ എസ് തീവ്രവാദികളുടെ ആക്രമണവും മറ്റ് ആഭ്യന്തര സംഘര്‍ഷങ്ങളുമാണ്. എന്നാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്കു ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. സ്വന്തമായി ഒരു നാടില്ലാത്തവര്‍, ഒരു നാട് സ്വന്തമാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതും അവിടെ എത്തിച്ചേര്‍ന്നാല്‍ തദ്ദേശീയ ജനതയുമായി കലഹിച്ചു തമ്മില്‍തല്ലി ചാകുന്നതും ഒന്നും പുതിയ സംഭവങ്ങളല്ല. വന്നവരും നിന്നവരും എന്ന നിലയിലുള്ള വേര്‍തിരിവ് എക്കാലത്തും ഉണ്ടായിരുന്നു. ഗോമാംസം ഭക്ഷിക്കുന്നവര്‍, ഭാരതമാതാവിനെ വണങ്ങാത്തവര്‍, അവരൊക്കെ ഇന്ത്യവിട്ട് പൊയ്‌ക്കൊള്ളണം എന്നു ജല്‍പിക്കുന്ന ഹിന്ദുമതമൗലികവാദികള്‍ പശ്ചിമേഷ്യയിലെ ഐ എസ് തീവ്രവാദികളുടെ ഇന്ത്യന്‍ പതിപ്പാണെന്നു പറയേണ്ടി വരും. ഭാഗ്യവശാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരുടെ ഉള്ളിലിരുപ്പിനെ പ്രതിരോധിക്കാന്‍ പാകത്തില്‍ ഇവിടുത്തെ രാഷ്ട്രീയപ്രബുദ്ധത സജീവമായതുകൊണ്ട് ഇന്ത്യാചരിത്രത്തില്‍ വീണ്ടും ദാരുണമായ ഒരഭയാര്‍ഥി പ്രവാഹം ഉടനെയെങ്ങും സംഭവിക്കുകയില്ലെന്നു പ്രതീക്ഷിക്കാം. കേരളം പോലെയുള്ള വികസനത്തുരുത്തുകളില്‍ സ്വന്തം അദ്ധ്വാനം വിറ്റ് ഉപജീവനം തേടി ചേക്കേറുന്ന ഉത്തരേന്ത്യന്‍ യൗവനങ്ങളെ നമുക്കു തത്ക്കാലം അഭയാര്‍ഥി പട്ടികയില്‍ നിന്നു മാറ്റി നിര്‍ത്താം.
അഭയാര്‍ഥികളെ സംബന്ധിച്ചുള്ള അമേരിക്കന്‍ സമിതിയുടെ കണക്കനുസരിച്ച് 16 ലക്ഷം ആളുകള്‍ 1968നു ശേഷവും അഭയാര്‍ഥികളായി ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ 1951 ലെ കണ്‍വന്‍ഷന്‍ അഭയാര്‍ഥിപ്രശ്‌നം സജീവ പരിഗണനക്കു വിധേയമാക്കുകയുണ്ടായി. കണ്‍വന്‍ഷന്റെ നിര്‍വചനമനുസരിച്ച് താഴെപ്പറയുന്ന പ്രകാരത്തിലുള്ള രണ്ട് കൂട്ടരാണ് അഭയാര്‍ഥികളായി പരിഗണിക്കപ്പെടുന്നത്.
1. വംശം, മതം, ദേശീയത്വം ഏതെങ്കിലും തരത്തില്‍പ്പെട്ട സാമൂഹികമോ രാഷ്ട്രീയമോ ആയ സംഘത്തിലെ അംഗത്വം എന്നിവ കാരണമായി പീഡനങ്ങള്‍ക്കിരയാക്കപ്പെടും എന്ന ഭീതി നിമിത്തം സ്വന്തം രാജ്യം വിട്ടു പോകണമെന്നും രാജ്യത്തിനു വെളിയില്‍ സംരക്ഷണം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവര്‍.
2. ദേശീയത്വം അവകാശപ്പെടാന്‍ ഒരു രാജ്യം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ വരുന്നവരും മുമ്പെങ്ങോ പൂര്‍വികര്‍ വസിച്ചിരുന്നതായി കേട്ടുകേള്‍വി മാത്രം ഉണ്ടായിരുന്ന രാജ്യത്തേക്ക് തിരിച്ചു പോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവര്‍.
അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് ഒട്ടേറെ പരിശ്രമിച്ചിട്ടുണ്ട്. നല്ലയൊരു വിഭാഗം അഭയാര്‍ഥികള്‍ പുനരധിവസിക്കപ്പെട്ടു, എങ്കിലും ഒട്ടേറെ പേരുടെ പ്രശ്‌നം ഇനിയും ബാക്കിനില്‍ക്കുന്നു. 16 ഉം 17 ഉം നൂറ്റാണ്ടുകളിലാണ് സിയോണിസം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. കിഴക്കന്‍ യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരായി അഴിച്ചുവിട്ട കൂട്ടക്കൊലകള്‍ സിയോണിയന്‍ സ്‌നേഹിതര്‍ എന്ന ഒരു അന്താരാഷ്ട്ര സംഘടനയുടെ രൂപവത്കരണത്തിലേക്കു നയിക്കുകയും ഇത് ഫലസ്തീനിലേക്കുള്ള ജൂതകര്‍ഷകരുടെയും വിദഗ്ധ കൈത്തൊഴിലുകാരുടെയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരന്തരമായി ഉയര്‍ന്നു വന്നിരുന്ന ജൂതവിരുദ്ധ ചിന്തകളെ നേരിട്ടുകൊണ്ടു തന്നെ തിയോഡോര്‍ഹേഴ്‌സല്‍ ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കന്നതിനുള്ള അവകാശവാദവുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. 1897ല്‍ അദ്ദേഹം ആദ്യത്തെ സിയോണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുകൂട്ടി. ഒന്നാം ലോകയുദ്ധാനന്തരം സിയോണിസ്റ്റ് പ്രസ്ഥാനത്തിനു ആക്കം വര്‍ധിച്ചു. അതോടെ പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. അറബി ജനത ഒന്നടങ്കം സിയോണിസ്റ്റ് പ്രസ്ഥാനത്തെ എതിര്‍ക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ജൂതരുടേയും അറബികളുടേയും അവകാശങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്തു. 1948ല്‍ ഇസ്‌റാഈലിന്റെ രൂപവത്കരണത്തോടെ സിയോണിസം അതിന്റെ ലക്ഷ്യം കൈവരിച്ചു. അതിനു വില കൊടുക്കേണ്ടി വന്നത് ഒരു ഭൂപ്രദേശം ഒന്നാകെ ആയിരുന്നു.
ഒരു കാലത്ത് സ്വര്‍ഗരാജ്യത്തിന്റെ പര്യായം എന്ന് കണക്കാക്കപ്പെട്ടിരുന്ന കനാന്‍ നാട് തന്നെയായിരുന്നു ഫലസ്തീന്‍ എങ്കില്‍ ഇന്നത് ജീവിതദുരിതങ്ങളുടെ വിളഭൂമിയാണ്. ജൂത മതത്തിനും ക്രിസ്തുമതത്തിനും ഇസ്‌ലാം മതത്തിനും ഒരു പോലെ പുണ്യനഗരമായിരുന്നു ഫലസ്തീന്‍. ചരിത്രാതീതകാലം മുതല്‍ ജനജീവിതത്തെ സമ്പുഷ്ടമാക്കിയതിന്റെ രേഖാചിത്രങ്ങള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നമുക്കു ദര്‍ശിക്കാം. ബൈബിള്‍ കാലഘട്ടത്തില്‍ ഇസ്‌റാഈല്‍, ജൂഡാ (ജൂഡിയാ) തുടങ്ങിയ രാജവംശങ്ങള്‍ ഇവിടുത്തെ ഭൂപ്രദേശങ്ങള്‍ അധീനപ്പെടുത്തി. അസ്സീറിയരും പേര്‍ഷ്യരും റോമും ബൈസാന്റിയരും പിന്നാലെ യൂറോപ്പിലെ കത്തോലിക്കാ രാജ്യങ്ങളില്‍ നിന്നെത്തിയ കുരിശുയുദ്ധക്കാരും ഓട്ടോമന്‍ തുര്‍ക്കികളും എന്നു വേണ്ട മധ്യകിഴക്കന്‍ പ്രദേശങ്ങളില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന എല്ലാ രാഷട്രീയ ശക്തികളും ഫലസ്തീന്‍ ഭൂപ്രദേശങ്ങള്‍ കൈയടക്കി വെക്കുകയുണ്ടായിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിന്റെ അവസാന കാലം തൊട്ട് 1948 വരെ ഐക്യരാഷട്രസംഘടനയുടെ അനുശാസനപ്രകാരം ബ്രിട്ടന്റെ അധീനതയിലായി ഫലസ്തീന്‍.
ഇന്ന് ഈജിപ്ത്, സിറിയ, ഇറാന്‍, ഇറാഖ് പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങളുടെയും ക്രമാതീതമായ അഭയാര്‍ഥി നെട്ടോട്ടങ്ങളുടെയും മുഖ്യ സ്രോതസ്സ് ഇവിടെ പരാമര്‍ശിച്ച ഇസ്‌റാഈലിന്റെ സംസ്ഥാപനവും ആ പേരില്‍ തദ്ദേശവാസികള്‍ക്കെതിരെ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളുമായിരുന്നു. ഇവിടെ ഇസ്‌റാഈല്‍ ഒരു കരു മാത്രമായിരുന്നു. ഒരര്‍ഥത്തില്‍ ഇതൊരു പുത്തന്‍കുരിശു യുദ്ധമായിരുന്നു. പാശ്ചാത്യ ശക്തികള്‍ക്ക് എണ്ണ സമ്പന്നമായ അറബ ്‌രാജ്യങ്ങള്‍ക്കുമേല്‍ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള ഒരു രാഷ്ട്രീയതന്ത്രം.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 7.5 മില്യന്‍ ജനങ്ങളാണ് സ്വന്തം രാജ്യം ഉപേക്ഷിച്ച് സ്ഥലം വിട്ടത്. തീ പിടിച്ച ഈ പുരയില്‍ നിന്ന് എന്തെല്ലാം അടിച്ചു മാറ്റാമെന്നു ഒരു വശത്ത് യു എസും മറു വശത്ത് റഷ്യയും ഇറാനും ഇപ്പോള്‍ സഹായിക്കാനെന്ന ഭാവത്തില്‍ അങ്ങോട്ടടുക്കുകയാണ്. അഭയാര്‍ഥിപ്രവാഹത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളായിരുന്നു കുടിയേറിയവരില്‍ ഭൂരിഭാഗവും ലക്ഷ്യമാക്കിയത്. ഏതാണ്ട് രണ്ട് മില്യന്‍ പേരെങ്കിലും യൂറോപ്പിലേക്കുള്ള സഞ്ചാരപഥത്തില്‍ തുര്‍ക്കിയില്‍ തമ്പടിച്ചിരിക്കുന്നു. മധ്യപൂര്‍വേഷ്യന്‍ രാജ്യകാര്യങ്ങളുടെ വിശകലന വിദഗ്ദനും വാഷിംഗ്ടണിലെ അന്തര്‍ദേശീയ രാഷ്ട്രീയ പഠനകാര്യാലയത്തിന്റെ വക്താവും ആയ ആന്റണികോര്‍ഡ്‌സ്മാന്‍ പറയുന്നത് സിറിയ ഇനി ഒരിക്കലും പുനരുജ്ജീവിക്കപ്പെടില്ലെന്നാണ്. പകുതിയിലധികം ജനങ്ങളും രാജ്യത്തു നിന്ന് ബഹിഷ്‌കൃതരാക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കപ്പെട്ടവര്‍ തന്നെ യുദ്ധമേഖലകള്‍ വിട്ട് സുരക്ഷിത താവളങ്ങള്‍ തേടി അലയുന്നു. അവരില്‍ മിക്കവര്‍ക്കും വരുമാനമുള്ള ജോലിയോ വാസസ്ഥലങ്ങളോ ഇല്ല. അഭയാര്‍ഥികള്‍ക്കു മുമ്പില്‍ തുര്‍ക്കിയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും വാതിലുകള്‍ കൊട്ടിയടക്കുകയാണ്. അഭയാര്‍ഥികള്‍ക്കായി ഒരുക്കപ്പെട്ട സംരക്ഷിത ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും വിതരണം ചെയ്യാനെത്തുന്ന റെഡ്‌ക്രോസ് വളണ്ടിയര്‍മാരും കുരിശുചിഹ്നം പതിച്ച വാഹനങ്ങള്‍ പോലും അഭയാര്‍ഥികളുടെ ആക്രമണത്തിനിരയാകുന്നതായി വാര്‍ത്തയുണ്ട്. അവര്‍ക്കു കുരിശ് ഒരു രക്ഷാചിഹ്നമല്ല, ആക്രമണ സൂചനയാണ്. ശത്രുവാരെന്നും മിത്രമാരെന്നും തിരിച്ചറിയാനാകാത്ത സന്നിഗ്ദ സാഹചര്യങ്ങളിലേക്കാണ് ചില നേരങ്ങളില്‍ ചില മനുഷ്യര്‍ വലിച്ചെറിയപ്പെടുന്നത്. ആര്‍ക്കെന്തു ചെയ്യാന്‍ പറ്റും?
കെ സി വര്‍ഗീസ്, ഫോണ്‍. 9446268581