Connect with us

Kerala

ഡി ജി പിയുടെ ഉത്തരവ് അട്ടിമറിച്ച് പോലീസിന്റെ വാഹന പരിശോധന

Published

|

Last Updated

കണ്ണൂര്‍: കൊടുംവളവുകളില്‍ വാഹന പരിശോധന പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് ഡി ജി പി. ടി പി സെന്‍കുമാര്‍ പുറത്തിറക്കിയ ഉത്തരവ് പോലീസ് തന്നെ അട്ടിമറിക്കുന്നു. കൊടുംവളവുകളില്‍ പോലീസിന്റെ വാഹന പരിശോധന പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് ഇത് തടഞ്ഞു കൊണ്ട് സര്‍ക്കുലര്‍ ഇറങ്ങിയത്. ഇത് ഗൗനിക്കാതെയാണ് പോലീസ് വാഹന പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കുന്നത്. ഡി ജി പി ആയി ചുമതലയേറ്റെടുത്ത ശേഷം പുറത്തിറക്കിയ ആദ്യ സര്‍ക്കുലറിലാണ് സെന്‍കുമാര്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്.
വളവുകളില്‍ പരിശോധന നടത്തുന്ന പോലീസ്, വാഹന യാത്രക്കാരെ കൈ കാണിക്കുമ്പോള്‍ പെട്ടെന്ന് വാഹനങ്ങള്‍ നിര്‍ത്തുന്നത് കാരണം അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിലും ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലല്ലാതെ പരിശോധന പാടില്ലെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പോലീസ് അട്ടിമറിക്കുന്നത്. ഇടുങ്ങിയ റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി കൊണ്ടുള്ള പോലീസിന്റെ വാഹന പരിശോധന പീഡനമാകുന്നതായാണ് യാത്രക്കാരുടെ പരാതി.
പരിശോധന പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ട ഇരുചക്രവാഹനങ്ങളിലെത്തുന്നവര്‍ അതിവേഗത്തില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. വാഹനപരിശോധനക്കെത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ബൈക്ക് യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്.
കൊല്ലം ജില്ലയില്‍ എസ് എന്‍ കോളജിന് സമീപത്തെ വളവിലും ബീച്ച് റോഡിന് സമീപത്തെ വളവിലും ഇത്തരത്തില്‍ വാഹന പരിശോധന പതിവാണ്. കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതയില്‍ പള്ളിക്കുന്ന് രാമതെരുവിലെയും പുതിയതെരു കമ്പില്‍ റൂട്ടിലെ കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടിന് സമീപത്തെയും വളവില്‍ പോലീസിന്റെ വാഹന പരിശോധന പതിവ് കാഴ്ചയാണ്. പ്രധാനമായും ഹെല്‍മറ്റ് ധരിക്കാത്തവരെയാണ് ഇവര്‍ പിടികൂടുന്നത്. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ചെര്‍ക്കള. കുമ്പള എന്നിവിടങ്ങളിലും ഇത്തരത്തില്‍ പോലീസ് പരിശോധന നടക്കുന്നുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനകത്തേക്ക് ബസ് കയറുന്ന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തായാണ് പോലീസിന്റെ വാഹനപരിശോധന തകൃതിയായിരിക്കുന്നത്. ദിവസവും തിരക്കേറുന്ന സ്ഥലമായതിനാല്‍ തന്നെ ഇവിടത്തെ വാഹന പരിശോധന യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ റോഡിന് അപ്പുറത്തും ഇപ്പുറത്തും ബസ് സ്റ്റാന്റായതിനാല്‍ ബസ് കയറാനും മറ്റുമായി രണ്ടുഭാഗത്തേക്കും ആളുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലുള്ള പോലീസിന്റെ വാഹനപരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. ജില്ലാ പോലീസ് മേധാവി തന്നെ കാഞ്ഞങ്ങാട് പോലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ വാഹനപരിശോധന വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് പോലീസ്. കാഞ്ഞങ്ങാട്ടെ പഴയ കൈലാസ് തിയേറ്ററിന് സമീപത്ത് വാഹനപരിശോധന നടത്താന്‍ സൗകര്യമുണ്ടായിട്ടും പോലീസ് ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് വിമര്‍ശം. അശാസ്ത്രീയമായ വാഹന പരിശോധനക്കിടയില്‍ തൃശൂര്‍ ജില്ലയില്‍ സമീപനാളില്‍ രണ്ട് പേരാണ് ദാരുണമായി മരണപ്പെട്ടത്. കൊല്ലം ജില്ലയില്‍ എസ് എന്‍ കോളജിന് സമീപത്തെ വളവിലും ബീച്ച് റോഡിന് സമീപത്തെ വളവിലും ഇത്തരത്തില്‍ വാഹന പരിശോധന പതിവാണ്.
വളവുകളില്‍ നിന്ന് 100 മീറ്റര്‍ മാറി വേണം വാഹനങ്ങള്‍ പരിശോധിക്കാന്‍ എന്നതാണ് ചട്ടം. അപകടങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് പരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. എന്നാല്‍, പെറ്റി കേസ് ചുമത്തി പിഴ ഈടാക്കുന്നതിലാണ് പോലീസില്‍ അധികം പേര്‍ക്കും താത്പര്യം.
ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കാത്തതിന്റെ പേരിലും പോലീസ് യാത്രക്കാരെ പീഡിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ലൈസന്‍സിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി കാണിച്ചാലും രക്ഷയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. തലശ്ശേരി റോഡില്‍ കണ്ണൂര്‍ കാല്‍ടെക്‌സ് ബസ്‌സ്‌റ്റോപ്പിന് സമീപത്തെ വളവിലും വാഹന പരിശോധന നടക്കാറുണ്ട്. ഏറെ വാഹനത്തിരക്കേറിയ ഇവിടെ നിരവധി വാഹനയാത്രക്കാരാണ് പരിശോധനയില്‍ കുടുങ്ങുന്നത്. വാഹനമോടിക്കുന്നവരെ നിയമമനുസരിക്കാന്‍ പ്രേരിപ്പിക്കാനായിരിക്കണം പരിശോധനയെന്നും അവരെ കേസില്‍ കുടുക്കാനാകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും നേരേ മറിച്ചാണ് കാര്യങ്ങളുടെ പോക്ക്. നിയമങ്ങള്‍ മറികടന്നുകൊണ്ട് പോലീസ് നടത്തുന്ന വാഹന പരിശോധനക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്. പെറ്റി കേസുകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രം വാഹന പരിശോധന നടത്തരുതെന്നും ഡി ജി പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
പരിശോധിക്കുന്ന വാഹനം ഓടിക്കുന്നവരെ പുരുഷന്‍ ആണെങ്കില്‍ സര്‍ എന്നോ സ്ത്രീ ആണെങ്കില്‍ മാഡം എന്നോ അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍ ഇതെല്ലാം പോലീസ് തന്നെ ലംഘിക്കുന്നതായാണ് പരാതി.

Latest