Connect with us

Wayanad

അമ്പലവയലില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളജ്: അടുത്ത അധ്യയന വര്‍ഷം സീറ്റുകളില്‍ 30 ശതമാനം വയനാട്, ഇടുക്കി ജില്ലക്കാര്‍ക്ക് സംവരണം

Published

|

Last Updated

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല വയനാട്ടില്‍ അനുവദിച്ച ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അടുത്ത അധ്യയനവര്‍ഷം പ്രവര്‍ത്തനം തുടങ്ങും. അമ്പലവയലിലെ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം വളപ്പിലായിരിക്കും സ്ഥാപനം. കോളേജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ബി.എസ്‌സി ഓണേഴ്‌സ് ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സില്‍ 50 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് സര്‍വകലാശാല നീക്കം.
സീറ്റുകളില്‍ 30 ശതമാനം ഇടുക്കി, വയനാട് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് സംവരണം ചെയ്യും. സംസ്ഥാനത്ത് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ആദ്യത്തെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജായിരിക്കും അമ്പലവയലിലേത്. എട്ട് സെമസ്റ്ററുകളിലായി നാല് വര്‍ഷമായിരിക്കും കോഴ്‌സ് ദൈര്‍ഘ്യം. കാസര്‍കോട് ജില്ലയിലെ പടന്നക്കാട്, തിരുവനന്തപുരം ജില്ലയിലെ വെള്ളായനി, തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളില്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ കാര്‍ഷിക കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അമ്പലവയലില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് ആരംഭിക്കുന്നതിന് മേഖല കാര്‍ഷിക ഗവേഷണ നിലയം അസോസിയറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ 2014 ഓഗസ്റ്റില്‍ സമര്‍പ്പിച്ച പദ്ധതിക്ക് സര്‍വകലാശാല എക്‌സിക്യുട്ടീവ് കമ്മിറ്റി അടുത്തിടെയാണ് അംഗീകാരം നല്‍കിയത്. നിയുക്ത വയനാട് ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസറായി വെള്ളാനിക്കര ഗവേഷണ കേന്ദ്രം അസോസിയറ്റ് ഡയറക്ടര്‍ പ്രൊഫ.ദേവദാസിന് സര്‍വകലാശാല നിയമനവും നല്‍കിയിട്ടുണ്ട്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിലവിലുള്ള സൗകര്യങ്ങളാണ് കോളേജിനായി ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തുകയെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു.
1946ല്‍ വയനാട് കോളനൈസേഷന്‍ സ്‌കീമിന്റെ ഭാഗമായി ആരംഭിച്ചതാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. 1968ല്‍ സെന്‍ട്രല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സ്റ്റേഷനായി ഉയര്‍ത്തിയ സ്ഥാപനം 1972ലാണ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് കൈമാറിയത്. 1984ലാണ് സ്റ്റേഷന് മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം പദവി ലഭിച്ചത്.
15 ബ്ലോക്കുകളിലായി ഏഴ് ഹെക്ടര്‍ വയല്‍ അടക്കം 87.03 ഹെക്ടര്‍ ഭൂമിയാണ് അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശം.
ഓഫീസ് മന്ദിരത്തിനു പുറമേ ഫാം ഓഫീസ്, സ്റ്റോര്‍ മുറികള്‍, ടിഷ്യു കള്‍ച്ചര്‍ ലാബ്, പഴം-പച്ചക്കറി സംസ്‌കരണ കേന്ദ്രം, ജൈവവളം നിര്‍മാണശാല, അതിഥി മന്ദിരം, ഡോര്‍മിറ്ററി തുടങ്ങിയവ ഗവേഷണ കേന്ദ്രം വളപ്പിലുണ്ട്. നഴ്‌സറികള്‍, സ്ഥിരം ഉദ്യാനം, തോട്ടവിള, സുഗന്ധവിള, പഴം-പുഷ്പ വിള തോട്ടങ്ങള്‍ തുടങ്ങിയവയും ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാണ്.
ലിച്ചി, മാംഗോസ്റ്റിന്‍, റംബുട്ടാന്‍, അവൊകാഡോ, ശീതകാല പച്ചക്കറികള്‍, വിവിധതരം പൂക്കള്‍ എന്നിവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനു ഉതകുന്ന ഗവേഷണ പരിപാടികള്‍ കേന്ദ്രത്തില്‍ നടന്നുവരികയാണ്.
വിളകളുടെ വൈവിധ്യത്തിനും ബാഹുല്യത്തിനും പ്രസിദ്ധമാണ് കാര്‍ഷിക ജില്ലയായ വയനാട്. 1998 മുതല്‍ കാര്‍ഷിക പ്രതിസന്ധി നേരിടുകയാണ് ജില്ല. ഔദ്യോഗിക കണക്കനുസരിച്ച് 1999 ഏപ്രിലിനും 2006 ജൂണിനും ഇടയില്‍ ജില്ലയില്‍ 379 കര്‍ഷകരാണ് കടക്കെണിയിലകപ്പെട്ട് ജീവനൊടുക്കിയത്. കാലത്തിനും മാറുന്ന സാഹചര്യങ്ങള്‍ക്കുമൊത്ത് കാര്‍ഷിക മുറകളില്‍ മാറ്റം വരുത്താന്‍ കൃഷിക്കാര്‍ക്ക് കഴിയാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമായതിന്റെ മുഖ്യകാരണമായി കാര്‍ഷിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ശാസ്ത്രീയമായി കൃഷി ചെയ്താല്‍ എന്തും വിളയുന്ന മണ്ണാണ് വയനാട്ടിലേത്. എന്നാല്‍ ഇത് മനസ്സിലാക്കാനും പുത്തന്‍ കൃഷിരീതികള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും കര്‍ഷകരില്‍ ഭൂരിപക്ഷത്തിനും കഴിയുന്നില്ല. ജില്ലയില്‍നിന്നു ഓരോ വര്‍ഷവും ഏകദേശം 200 വിദ്യാര്‍ഥികള്‍ കൃഷിയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നുണ്ട്. വന്‍തുക ഫീസ് നല്‍കിയാണ് ഈ വിദ്യാര്‍ഥികളുടെ പഠനം. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തയാറാക്കിയ രാജ്യത്തെ 150 പിന്നാക്ക ജില്ലകളുടെ പട്ടികയിലും വയനാട് ഇടം പിടിച്ചിട്ടുണ്ട്. ഇതെല്ലാം ജില്ലയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് തുടങ്ങുന്നതിനും വിജയകരമായി നടത്തുന്നതിനുമുള്ള സാധ്യതകളായി പ്രൊജക്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഐ.സി.എ.ആര്‍ സിലബസ് അനുസരിച്ചായിരിക്കും ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ അധ്യയനമെന്ന് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞു. സെമസ്റ്ററിനു 75,000 രൂപ ഫീസ് ഈടാക്കാനാണ് ആലോചന.

Latest