Connect with us

National

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മാംസാഹാരം വിളമ്പുന്നത് നിര്‍ത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മാംസാഹാരം വിളമ്പുന്നത് നിര്‍ത്തുന്നു. ജനുവരി ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രകളില്‍ മാംസാഹാരം വിളമ്പേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ തീരുമാനിച്ചു. ഉച്ചഭക്ഷണവും, അത്താഴവും വിളമ്പുന്ന വിമാനങ്ങളില്‍ ചായയും കോഫിയും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രകളില്‍ മാംസം അടങ്ങിയതും അടങ്ങാത്തതുമായ സാന്‍വിച്ച് വിതരണം ചെയ്യുന്നുണ്ട്. ജനുവരി ഒന്ന് മുതല്‍ ഇത് ഒഴിവാക്കി എയര്‍ ഇന്ത്യയെ പൂര്‍ണമായും സസ്യാഹാരവത്കരിക്കാനാണ് തീരുമാനം.

അതേസമയം, ചൂടുള്ള ഭക്ഷണം വിളമ്പി ഭക്ഷണത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ന്യായീകരിച്ചു. നേരത്തെ സാന്‍വിച്ചും കേക്കും അടങ്ങിയ ലഘുഭക്ഷണം മാത്രമാണ് വിളമ്പിയിരുന്നത്. ഇത് മാറ്റി ചൂടുള്ള ഭക്ഷണം നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചത്. 150 യാത്രക്കാരുള്ള വിമാനത്തില്‍ രണ്ട് ക്യാബിന്‍ ക്രൂ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ സ്ഥിതിയില്‍ യാത്രക്കാരുടെ ഇഷ്ടാനിഷ്ടത്തിനനുസരിച്ച് വിവിധ തരം ഭക്ഷണങ്ങള്‍ നല്‍കാന്‍ സമയമുണ്ടാകില്ലെന്നും ഒരു മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

Latest