Connect with us

National

മാവോയിസ്റ്റ് ബന്ധം; പ്രൊഫ. സായിബാബ വീണ്ടും നാഗ്പൂര്‍ ജയിലില്‍

Published

|

Last Updated

നാഗ്പൂര്‍: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ ജി എന്‍ സായിബാബ വീണ്ടും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍. ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ജയില്‍ അധികാരികള്‍ക്ക് മുന്നിലെത്തുകയായിരുന്നു. ഈ മാസം 31 വരെ ജാമ്യ കാലാവധിയുള്ളപ്പോഴാണ് വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം ജയിലില്‍ എത്തിയത്. ജാമ്യം നീട്ടണമെന്ന് കാണിച്ച് അദ്ദേഹം നല്‍കിയ ഹരജി ഈ മാസം 23ന് ബഞ്ച് തള്ളിയിരുന്നു. 28 മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്താന്‍ ബഞ്ച് ഉത്തരവിടുകയും ചെയ്തു. കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രൊഫ. സായിബാബയുടെ ആവശ്യം തള്ളിയ ജസ്റ്റിസ് അരുണ്‍ ചൗധരി, അദ്ദേഹം കീഴടങ്ങുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
ജയിലില്‍ പ്രൊഫസര്‍ക്ക് മതിയായ വൈദ്യസഹായം നല്‍കണമെന്ന് ബഞ്ച് ഉത്തരവിട്ടു. ജാമ്യം നീട്ടുന്നതിനായി സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു ഇത്. നക്‌സലുകളുമായി ബന്ധമാരോപിച്ച് 2014 മെയിലാണ് പ്രൊഫ. സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂര്‍ണിമാ ഉപാധ്യായ് എന്ന സാമൂഹിക പ്രവര്‍ത്തക ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഈ കത്ത് പൊതു താത്പര്യ ഹരജിയായി പരിഗണിച്ചാണ് അദ്ദേഹത്തിന് മൂന്ന് മാസം താത്കാലിക ജാമ്യം നല്‍കിയത്. എന്നാല്‍ പോലീസ് ഈ ജാമ്യത്തിനെതിരെ ഹരജി സമര്‍പ്പിക്കുകയായിരുന്നു.