Connect with us

Gulf

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ പിരിച്ചു വിടുന്നു

Published

|

Last Updated

ദോഹ: ആരോഗ്യ വകുപ്പ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍ക്ക് പരിച്ചുവിടല്‍ നോട്ടീസ്. നഴ്‌സ്, എയ്ഡ് ബോയ് തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. എണ്ണവിലയിടിവിനെത്തുടര്‍ന്ന് രാജ്യം പുലര്‍ത്തുന്ന സാമ്പത്തിക ജാഗ്രതയുടെ ഭാഗമായുള്ള നടപടികളെത്തുടര്‍ന്നാണ് പിരിച്ചു വിടലെന്നാണ് സൂചന.
മറ്റു വകുപ്പുകളിലെയും താഴ്ന്ന തസ്തികകളില്‍ പിരിച്ചുവിടല്‍ നടക്കുന്നുണ്ട്. മലയാളികള്‍ ധാരാളം പ്രവര്‍ത്തിക്കുന്ന തസ്തികകളാണിത്. സ്ഥാപനത്തില്‍ പുനക്രമീകരണം നടത്തുന്നതിന്റെ ഭാഗമായാണ് ഒഴിവാക്കുന്നതെന്നും ഉത്തരവാദിത്തം കൈമാറണമെന്നും അറിയിച്ചാണ് ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചത്. ഹെല്‍ത്ത് സെന്ററുകളില്‍ മറ്റു വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പുതിയ നിയമന, ഫിനിഷിംഗ് ലിസ്റ്റുകള്‍ അടുത്തയാഴ്ച മുതല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഭരണ വികസനകാര്യ മന്ത്രാലയത്തിലേക്കു അയച്ചുതുടങ്ങുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും പിരിച്ചുവിടല്‍ ഭീഷണിയുള്ളതായി നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലാത്ത സിദ്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ റിക്രൂട്ട് ചെയ്ത തൊഴിലാളികളില്‍ 200ഓളം പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി വാര്‍ത്ത വന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. ജീവനക്കാരുടെ എണ്ണം കുറക്കുതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഖത്വര്‍ പെട്രോളിയം കഴിഞ്ഞ എട്ടു മാസത്തിനിടെ 3000 ത്തോളം വിദേശ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മലയാളികള്‍ ഉള്‍പ്പെടെ പരിചയ സമ്പരായ നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. റാസ് ഗ്യാസില്‍ 250 വിദേശികളെ പിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എണ്ണവില സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവു ചുരുക്കിയുള്ള ഇടപാടുകള്‍ക്കാണ് അടുത്ത വര്‍ഷത്തെ ബജറ്റ് നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാരെ ചുരുക്കുകയും സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാര്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്ന രീതി സ്വീകരിക്കുകയാണ്. മലയാളികളുള്‍പ്പെടെയുള്ള പ്രവാസി സമൂഹം ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ഇപ്പോള്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്.