Connect with us

Business

സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായി മൂന്നാം വാരത്തിലും നേട്ടത്തിലേക്ക്

Published

|

Last Updated

സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ മൂന്നാം വാരത്തിലും നേട്ടം സ്വന്തമാക്കാന്‍ വര്‍ഷാന്ത്യ വ്യാപാരത്തിന് ഒരുങ്ങുന്നു. അമേരിക്കന്‍ കേന്ദ്രബേങ്ക് മാസമധ്യം പലിശ നിരക്ക് ഉയര്‍ത്തിയത് ഇന്ത്യന്‍ മാര്‍ക്കറ്റിനും ഗുണകരമായി. ബി എസ് ഇ സെന്‍സെക്‌സ് 319 പോയിന്റും നിഫ്റ്റി 99 പോയിന്റും കഴിഞ്ഞ വാരം ഉയര്‍ന്നു. വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ വന്‍ നിക്ഷേപത്തിന് ഉത്സാഹിച്ചു.
പ്രദേശിക നിക്ഷേപകര്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് താല്‍പര്യം കാണിച്ചു. വ്യാഴാഴ്ച ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്പ്ഷന്‍സില്‍ ഡിസംബര്‍ സീരീസ് സെറ്റില്‍മെന്റാണ്. ഓപ്പറേറ്റര്‍മാര്‍ ഷോട്ട് കവറിംഗിന് മുതിര്‍ന്നാല്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ സെന്‍സെക്‌സ് 26,000 നും നിഫ്റ്റി 8,000 പോയിന്റിനും മുകളില്‍ വര്‍ഷാന്ത്യ വ്യാപാരം അവസാനിപ്പിക്കാനാകും.
ക്രിസ്മസ് പ്രമാണിച്ച് പോയ വാരം വിപണി നാല് ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വാരം 983 കോടി രൂപയുടെ ഓഹരി വാങ്ങി. വിദേശ നിക്ഷേപം കനത്തതോടെ വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 66.40 ല്‍ നിന്ന് 65.97 ലേക്ക് കയറി.
കണ്‍സ്യൂമര്‍ ഇന്‍ഡക്‌സിന് തളര്‍ച്ച നേരിട്ടു. എന്നാല്‍ സ്റ്റീല്‍, പവര്‍, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡക്‌സുകള്‍ കഴിഞ്ഞ വാരം തിളങ്ങി. മുന്‍ നിരയിലെ പത്തു കമ്പനികളുടെ വിപണി മൂല്യം 28,383 കോടി രൂപ ഉയര്‍ന്നു. ഐ റ്റി സി, കോള്‍ ഇന്ത്യ, ഇന്‍ഫോസീസ്, റ്റി സി എസ്, ആര്‍ ഐ എല്‍, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് യു എല്‍, സണ്‍ ഫാര്‍മ എന്നിവക്കും നേട്ടം.
നിഫ്റ്റി സൂചിക വാരാന്ത്യം 7861 ലാണ്. 7752 ല്‍ നിന്നുള്ള കുതിപ്പില്‍ 7878 വരെ സൂചിക ഉയര്‍ന്നു. ഈ വാരം നിഫ്റ്റിക്ക് 7908 ല്‍ പ്രതിരോധവും 7782-7704 താങ്ങുണ്ട്. നിഫ്റ്റിയുടെ സാങ്കേതിക വശങ്ങള്‍ കണക്കിലെടുത്താല്‍ എം ഏ സി ഡി, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ആര്‍ എസ് ഐ എന്നിവ ബുള്ളിഷ് സിഗ്‌നലിലാണ്. ബോംബെ സൂചിക 25,839 ലാണ്. സെന്‍സെക്‌സിന് ഈവാരം 26,018-26,197 ല്‍ പ്രതിരോധവും 25,562-25,287ല്‍ താങ്ങും പ്രതീക്ഷിക്കാം.
ചൈനയിലെ സാമ്പത്തിക പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഐ എം എഫ് 2015 ലെ ആഗോള സാമ്പത്തിക വളര്‍ച്ച 3.3 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി നേരത്തെ കുറച്ചു. ചൈനീസ് വ്യവസായിക ഉത്പാദന രംഗം തുടര്‍ച്ചയായ ആറാം മാസത്തിലും തളര്‍ച്ചയിലാണ്. എറ്റവും പുതിയ കണക്കുകള്‍ പ്രകാരം നവംമ്പറില്‍ അവരുടെ ഉത്പാദനം 1.4 ശതമാനം ഇടിഞ്ഞു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ നേരിയ റേഞ്ചില്‍ നീങ്ങി. അമേരിക്കന്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി സജീവമാകൂ. ലണ്ടനില്‍ ക്രൂഡ് ഓയില്‍ ബാരലിന് 38.10 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1075 ഡോളറിലുമാണ്.

Latest