Connect with us

Gulf

അന്താരാഷ്ട്ര ഭക്ഷ്യവിലക്കുറവ് ഖത്വറില്‍ വിലക്കയറ്റം തടയും

Published

|

Last Updated

ദോഹ: അടുത്ത രണ്ട് വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ഭക്ഷ്യസാധനങ്ങള്‍ക്കുള്ള വിലയില്‍ വലിയ കുറവുവരുമെന്നതിനാല്‍ ഖത്വറില്‍ വിലക്കയറ്റം നേരിയ രീതിയിലായിരിക്കുമെന്ന് ക്യു എന്‍ ബി. ഭക്ഷ്യസാധനങ്ങളില്‍ അധികവും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാലാണിത്.
2014 മുതല്‍ ആഗോള ഭക്ഷ്യവില 24.3 ശതമാനം ഇടിയുകയാണ് ചെയ്തതെന്ന് ലോകബേങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിളവെടുപ്പ്, ചുരുങ്ങിയ ആവശ്യം, ഇന്ധനവിലയിടിവ് തുടങ്ങിയവയാണ് ഭക്ഷ്യവില കുറയാന്‍ കാരണം. 2016ല്‍ ഭക്ഷ്യവിലയില്‍ വലിയ വിലയിടിവാണ് പ്രതീക്ഷിക്കുന്നത്. 2017ല്‍ കാര്യമായ പുരോഗതിയുണ്ടാകും. അതിനാല്‍ തന്നെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഖത്വറില്‍ വിലക്കയറ്റം നേരിയ തോതിലായിരിക്കും. ഖത്വറിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സി പി ഐ) നിലവില്‍ 12.6 ശതമാനമാണ്. സി പി ഐക്ക് വേള്‍ഡ് ബേങ്ക് ഭക്ഷ്യ വില സൂചികയുമായി ബന്ധമുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര ഭക്ഷ്യവിലകള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോള്‍ 2016ല്‍ ആഭ്യന്തര ഭക്ഷ്യവിലയില്‍ നേരിയ കൂടുതലുണ്ടാകും. ഗതാഗതം, നിര്‍മാണം, ചില്ലറ വില്‍പ്പന ചെലവ്, മുഖ്യ ഭക്ഷ്യോത്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്ന ആഭ്യന്തര നയങ്ങള്‍ തുടങ്ങിയവ കാരണം അന്താരാഷ്ട്ര ഭക്ഷ്യ വില നേരിട്ട് ആഭ്യന്തരവിപണിയില്‍ പ്രതിഫലിക്കില്ല.
ആഗോള വളര്‍ച്ചാനിരക്ക് ദുര്‍ബലമായതിനാല്‍ ഭക്ഷ്യസാധനങ്ങള്‍ക്കുള്ള ചോദനവളര്‍ച്ച വളരെ കുറഞ്ഞു. ആഗോള ആഭ്യന്തര ഉത്പാദന നിരക്ക് (ജി ഡി പി) 2015ല്‍ 0.2 ശതമാനം മുതല്‍ 3.1 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) ചൂണ്ടിക്കാട്ടുന്നു. 2014ല്‍ ഇത് 3.4 ശതമാനമായിരുന്നു. 2016ല്‍ ആഗോള വളര്‍ച്ചാ നിരക്ക് 3.6 ശതമാനം ആകുമെന്നാണ് ഐ എം എഫിന്റെ കണക്കുകൂട്ടല്‍. അനുകൂല കാലാവസ്ഥ കാരണം ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനും വന്‍തോതില്‍ ശേഖരിക്കാനും സാധിച്ചു. ചോളം, ഗോതമ്പ്, അരി തുടങ്ങിയ ധാന്യങ്ങളുടെ ശേഖരണ- ഉപയോഗ നിരക്ക് ശരാശരിക്കും മുകളിലാണ്. ഇത് ചരിത്രമായാണ് കണക്കാക്കുന്നത്. ചോദനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വിതരണം വളരെ കൂടുതലാണ്. സോയാബീന്‍, സോയാബീന്‍ എണ്ണ, പാംഓയില്‍ തുടങ്ങിയവയുടെ ഉത്പാദനവും വളരെ കൂടുതലാണ്. ഇന്ധനവില കുറഞ്ഞതിനാല്‍ കാര്‍ഷികമേഖലയിലെ ഊര്‍ജോപയോഗത്തിന്റെ ചെലവ് വളരെ കുറഞ്ഞു. വളം പോലെയുള്ള ഉത്പന്നങ്ങളുടെ വിലയും ഇന്ധനവിലയും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്.
ചൈന, യൂറോപ്യന്‍ യൂനിയന്‍, കസാഖിസ്ഥാന്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ഗോതമ്പ് ഉത്പാദനം വളരെ കൂടുതലാകുമെന്നാണ് പ്രതീക്ഷ. മറ്റ് ഉത്പന്നങ്ങളുടെയും ഉത്പാദനം കൂടും. സോയാബീന്‍, സോയാബീന്‍ എണ്ണ തുടങ്ങിയവയുടെ ഉത്പാദനം 2016ല്‍ വളരെ കൂടുതലാകുമെന്ന് ലോകബേങ്ക് പ്രവചിക്കുന്നു. പക്ഷെ 2016ഓടെ ഇന്ധനവില സ്ഥിരത കൈവരിക്കാന്‍ തുടങ്ങുമെന്നതിനാല്‍ കൂടിയ വിതരണം കുറയും. അതിനാല്‍ ഭക്ഷ്യവിലച്ചുരുക്കം 2016ല്‍ 1.6 ശതമാനമായി കുറയും. 2017ഓഠെ ഭക്ഷ്യവില സാധാരണ നില കൈവരിക്കാന്‍ തുടങ്ങും. ആഗോള വളര്‍ച്ചാ നിരക്ക് 3.8 ശതമാനമാകുകയും വിതരണവും ആവശ്യവും സന്തുലിതാവസ്ഥയിലാകുകയും ചെയ്യും. ഇത് കൂടുതലുള്ള വിതരണത്തെ തടയും. വിലക്കുറവ് കാരണം ഭക്ഷ്യോത്പാദകര്‍ നിക്ഷേപം കുറക്കുകയും ആവശ്യം വര്‍ധിക്കുകയും ചെയ്യും. ഇന്ധന വില സ്ഥിരത കൈവരിക്കുന്നതോടെ 2017ല്‍ അന്താരാഷ്ട്ര ഭക്ഷ്യവിലയില്‍ 3.7 ശതമാനം വര്‍ധന ഉണ്ടാകുമെന്നാണ് ക്യു എന്‍ ബി പ്രതീക്ഷിക്കുന്നത്. അതേസമയം, കാലാവസ്ഥയിലെ അനിശ്ചിതത്വം കാരണം ഭക്ഷ്യവില പ്രവചനം തെറ്റാകാന്‍ സാധ്യതയുണ്ട്. ഡിസംബര്‍- ഫെബ്രുവരി കാലയളവില്‍ എല്‍നിനോ പ്രതിഭാസം കൂടുമെന്നതിനാല്‍ ഭക്ഷ്യോത്പാദനത്തെ ബാധിക്കും.

Latest