Connect with us

National

സി പി എം തൊഴിലിനും വേതനത്തിനും സമരങ്ങള്‍ ശക്തമാക്കും

Published

|

Last Updated

കൊല്‍ക്കത്ത: തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്കൊപ്പം സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങളും സിപിഐ എം ശക്തമാക്കും. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സിപിഐ എമ്മിന്റെ സംഘടനാ ശേഷി വര്‍ധിപ്പിക്കാനുള്ള നൂതനമാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
തൊഴിലാളികള്‍ കൂടാതെ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ തൊഴിലുകള്‍ എടുക്കുന്നവരുമായും അവരുടെ അസോസിയേഷനുകളുമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കും. സിപിഐ എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കും. പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ അഴിച്ചുവിടാനുതകും വിധം സംഘടനാ ശേഷി വര്‍ധിപ്പിക്കുകയാണ് പഌനത്തിന്റെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയെന്ന് ലക്ഷ്യംവയ്ക്കുന്ന 21ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അടവുനയത്തിന്റെ ചുവടുപിടിച്ചായിരിക്കുമിത്.
പഌനത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച സംഘടന സംബന്ധിച്ച കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെയുള്ള ബദല്‍ സൃഷ്ടിക്കലാണ് ലക്ഷ്യം. പാര്‍ടി സംഘടന ശക്തമാക്കാതെ ഇതിനായുള്ള പ്രക്ഷോഭം സാധ്യമാകില്ല. വര്‍ഗസമരം രണ്ടു തലങ്ങളിലാണ് ആവശ്യം. സാമ്പത്തിക ചൂഷണത്തിനെതിരായും സാമൂഹിക ചൂഷണത്തിനെതിരായും. രാജ്യത്തെ എഴ് ശതമാനം തൊഴിലാളികള്‍ മാത്രമാണ് സംഘടിത മേഖലയിലുള്ളത്. ബാക്കി 93 ശതമാനവും അസംഘടിത മേഖലയിലാണ്. കരാര്‍, താല്‍ക്കാലിക തൊഴിലുകള്‍ ചെയ്യുന്നവരാണ്. നവലിബറല്‍ നയം സൃഷ്ടിച്ച ഘടനാപരമായ മാറ്റങ്ങളെ ചെറുക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ക്കായി പുതിയ വഴികള്‍ തേടും.
ഇന്ത്യാ ചരിത്രത്തിനു പകരം മിത്തോളജിയും ഇന്ത്യന്‍ ഫിലോസഫിക്ക് പകരം ദൈവശാസ്ത്രവുമാണ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്. വലിയ വിഭാഗം പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയിലും രാഷ്ട്രീയ സംവാദം വിലക്കിയിരിക്കയാണ്. അംബേദ്കര്‍, പെരിയാര്‍ തുടങ്ങിയ സ്റ്റഡി ഗ്രൂപ്പുകള്‍ക്ക് പോലും മദ്രാസ് ഐഐടിയില്‍ വിലക്കാണ്. ജ്യോതിബാ ഫൂലെ, അംബേദ്കര്‍ എന്നിവരെപ്പോലുള്ള ഉന്നതശീര്‍ഷര്‍ക്ക് കോടിക്കണക്കിന് ദളിതരെ പ്രചോദിപ്പിക്കാനായെങ്കിലും ഇപ്പോഴും കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യെച്ചൂരി ചോദിച്ചു. മനസിക പരിവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഇവരുടെ ഊന്നല്‍. മാനസിക പരിവര്‍ത്തനം തുല്യത കൊണ്ടുവരില്ല. സാമ്പത്തിക സാഹചര്യങ്ങള്‍ മാറ്റിയാലേ തുല്യത ഉറപ്പാക്കാനാവൂ.
സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കും. എവിടെ തൊഴില്‍ശാലകളുണ്ടോ അവിടെയൊക്കെ ചെങ്കൊടി നാട്ടുന്നതില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.
എന്നാല്‍ പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കുന്നതില്‍പ്പോലും ദളിതര്‍ക്ക് വിലക്ക് കല്‍പ്പിക്കുന്ന ഗ്രാമങ്ങളിലെല്ലാം ചെങ്കൊടി നാട്ടുക എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല. മെച്ചപ്പെട്ട വേതനത്തിനുള്ള പോംവഴിയായി വ്യവസായ തൊഴിലാളികള്‍ കാണുന്നത് ചെങ്കൊടിയെയാണ്. സംവരണം നടപ്പാക്കി 60 വര്‍ഷം പിന്നിട്ടിട്ടും ഉന്നത സര്‍ക്കര്‍ തസ്തികകളില്‍ ദളിതരുടെ പ്രാതിനിധ്യം നാലു ശതമാനം മാത്രമാണ്. ഗ്രൂപ്പ് ഡി തസ്തികകളില്‍ മാത്രമാണ് സംവരണ മാനദണ്ഡ പ്രകാരമുള്ള പ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നത്.യെച്ചൂരി പറഞ്ഞു.