Connect with us

Kerala

ബാര്‍ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകള്‍ നല്‍കിയ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി തള്ളിയാല്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും അത്. 324 ബാറുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. എന്നാല്‍ മദ്യനയത്തിന് കോടതി അംഗീകാരം ലഭിച്ചാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ വലിയ നേട്ടമായി ഇത് വിലയിരുത്തപ്പെടും. അതുകൊണ്ട്തന്നെ സര്‍ക്കാരിനും ബാറുടമകള്‍ക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ വിധി.

മദ്യനയത്തില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നെന്നാണ് ബാറുടമകളുടെ വാദം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ബാറുകളാക്കാമെന്ന കേന്ദ്ര ചട്ടം നടപ്പിലാക്കാന്‍ കോടതി ഉത്തരവിടുകയും മറ്റു ബാറുകള്‍ക്ക് ഫോര്‍ സ്റ്റാര്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സമയം അനുവദിക്കുകയും ചെയ്യുമെന്നാണ് ബാറുടമകള്‍ കരുതുന്നത്.

അതേസമയം സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതിക്ക് ഇടപെടാനവകാശമില്ലെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി മദ്യപാനം മൗലികാവകാശമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ 27 ഫൈവ് സ്റ്റാര്‍ ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുള്ള 33 ക്ലബ്ബുകളും 806 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Latest