Connect with us

Malappuram

അലിഗഢ് സര്‍വകലാശാല വികസനം: ഡല്‍ഹിയില്‍ ഉന്നതതല യോഗം

Published

|

Last Updated

പെരിന്തല്‍മണ്ണ: അലിഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുമെന്ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സമീറുദ്ദീന്‍ ഷാ അറിയിച്ചു.
കഴിഞ്ഞഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇ അഹമ്മദ് എം പി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്, മന്ത്രി മഞ്ഞളാംകുഴി അലി എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉന്നതതല യോഗം നടത്താന്‍ ധാരണയായത്. യോഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ക്യാമ്പസ് സന്ദര്‍ശിച്ച വി സി പറഞ്ഞു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവരുമായി സംവദിച്ചു. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അലിഗഢിന്റെ പദവി ഒന്നാം സ്ഥാനത്തെത്തിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും യത്‌നിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അധ്യാപനത്തിലും ഗവേഷണത്തിലും ഗുണമേന്മ ഉറപ്പ് വരുത്താന്‍ അധ്യാപകസമൂഹം തയ്യാറാവണം. പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫാ ആശുപത്രിയുമായി സഹകരിച്ച് സെന്ററില്‍ ചികിത്സാ സംവിധാനമൊരുക്കാന്‍ കിംസ് അല്‍ശിഫാ മാനേജര്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അബീര്‍ ആറങ്ങോടന്‍ എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി. മലപ്പുറം കേന്ദ്രത്തില്‍ സ്‌കൂള്‍ തുടങ്ങുന്നതിനുള്ള തടസങ്ങള്‍ മറികടക്കാന്‍ വേണ്ടത് ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അലിഗഢ് വി സിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോഴാണ് കേന്ദ്രം തുടങ്ങിയ കാലം മുതലുള്ള ആവശ്യം മുഖ്യമന്ത്രി വി സിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
അലിഗഢ് ആക്ടില്‍ ഭേദഗതി വരുത്തുന്നതോടെ മലപ്പുറം കേന്ദ്രത്തിന്റെ കീഴില്‍ സ്‌കൂള്‍ തുടങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസിന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പരിപൂര്‍ണ സഹകരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, ഡല്‍ഹിയിലെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ക്യാമ്പസില്‍, നടന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വി സി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വിശാലമായ സ്ഥല സൗകര്യം ഒരുക്കി പൂര്‍ണ പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ വി സി അഭിനന്ദിച്ചു. “എ” ഗ്രേഡുള്ള നാക്ക് അംഗീകാരം, അക്കാദമിക കെട്ടിടങ്ങളുടെ ശിലാസ്ഥാപനം, അക്കാദമിക ബ്ലോക്കുകളുടെ നിര്‍മാണത്തിന് യു ജി സിയുടെ 15 കോടി, ബി എസ് എ എല്‍ ബി കോഴ്‌സിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം, പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സമ്പൂര്‍ണ വൈ ഫൈ ക്യാമ്പസ്, ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരാധ്യാപകരുടെ നിയമനം, ബി എഡ് കോഴ്‌സിന് എന്‍ സി ടി ഇ യുടെ അംഗീകാരത്തിനുള്ള നടപടി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നതെന്നും വി സി വിശദീകരിച്ചു.
മുഖ്യമന്ത്രിക്ക് പുറമേ വിവിധ നേതാക്കളുമായും വി സി കൂടിക്കാഴ്ച നടത്തി. വൈസ് ചാന്‍സിലും പത്‌നിയും ഇന്നലെ രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ വികസന സാധ്യതകളെകുറിച്ച് തങ്ങളുമായി ആശയവിനിമയം നടത്തി.

Latest