Connect with us

Gulf

പുതുവത്സരം; ആര്‍ ടി എ പൊതുഗതാഗത സേവനങ്ങള്‍ ദീര്‍ഘിപ്പിക്കും

Published

|

Last Updated

ദുബൈ: പുതുവത്സരം പ്രമാണിച്ച് ജനുവരി ഒന്ന്, രണ്ട് (വെള്ളി, ശനി) തിയ്യതികളില്‍ ആര്‍ ടി എ ഓഫീസുകള്‍ അടഞ്ഞുകിടക്കുമെന്ന് സി ഇ ഒ യൂസുഫ് അല്‍ റിദ അറിയിച്ചു. ജനുവരി മൂന്നിന് പതിവുപോലെ പ്രവര്‍ത്തിക്കും. ജനുവരി ഒന്നിന് മത്സ്യ കമ്പോളത്തില്‍ ഒഴികെ എല്ലാ പാര്‍ക്കിംഗുകളും സൗജന്യമായിരിക്കും.
ദുബൈ മെട്രോയില്‍ ചുകപ്പ് പാതയില്‍ ഡിസംബര്‍ 31ന് പുലര്‍ച്ചെ 5.30 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. പിറ്റെ ദിവസം പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു നില്‍ക്കും. വെള്ളിയാഴ്ചയും ഇതേ സമയക്രമമാണ് ഉണ്ടാകുക. പച്ചപ്പാതയില്‍ ഡിസംബര്‍ 31ന് പുലര്‍ച്ചെ 5.50നാണ് ആരംഭിക്കുക. ജനുവരി രണ്ട് പുലര്‍ച്ചെ ഒന്നുവരെ തുടരും. ട്രാം സര്‍വീസ് വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ഒന്നുവരെ ഉണ്ടാകും.
ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനില്‍ ബസ് സര്‍വീസുകള്‍ പുലര്‍ച്ചെ 4.25ന് ആരംഭിക്കും. പിറ്റേ ദിവസം പുലര്‍ച്ചെ ഒന്നുവരെ ഉണ്ടാകും. ഗുബൈബ സ്റ്റേഷനില്‍ പുലര്‍ച്ചെ അഞ്ചിനാണ് ആരംഭിക്കുക. രാത്രി 12.10 വരെ തുടരും. അതേസമയം, സി വണ്‍ റൂട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കും. അബൂ ഹൈല്‍, റാശിദിയ്യ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ഇബ്‌നു ബത്തൂത്ത, ബുര്‍ജ് ഖലീഫ, ഇത്തിസലാത്ത്, മെട്രോ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ 5.15 മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ ഒന്ന് വരെ ഫീഡര്‍ സര്‍വീസുകള്‍ ഏര്‍പെടുത്തും. ഗുബൈബയില്‍നിന്ന് ഷാര്‍ജയിലേക്ക് 24 മണിക്കൂറും ഇന്റര്‍സിറ്റി ബസുകള്‍ ഉണ്ടാകും. ഇവിടെനിന്ന് അബുദാബിയിലേക്ക് പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 11.40 വരെ ബസുകളുണ്ടാകും. യൂണിയന്‍ സ്‌ക്വയറില്‍ നിന്ന് 4.30 മുതല്‍ പിറ്റേ ദിവസം പുലര്‍ച്ചെ വരെ ഇന്റര്‍സിറ്റി ബസുകളുണ്ടാകും. ദേര സ്റ്റേഷന്‍ 5.35നു തുറക്കും. 11.30 വരെ പ്രവര്‍ത്തിക്കും. കറാമ സ്റ്റേഷന്‍ 6.10 മുതല്‍ രാത്രി 10.20 വരെയും അജ്മാന്‍ സ്റ്റേഷന്‍ പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.30 വരെയും ഫുജൈറ, ഹത്ത സ്റ്റേഷനുകള്‍ രാവിലെ ആറ് മുതല്‍ രാത്രി 10.05 വരെയും പ്രവര്‍ത്തിക്കും.
വാട്ടര്‍ ബസുകള്‍ ഉച്ച 12 മുതല്‍ രാത്രി 12 വരെയാണ്. അതേസമയം ഫെറി ദുബൈ സ്റ്റേഷനില്‍ നിന്ന് ദുബൈ മറീന മാളിലേക്ക് ദിവസം രണ്ട് സര്‍വീസുകള്‍ ഉണ്ടാകും. അബ്ര, ഇലക്ട്രിക്കല്‍ അബ്ര എന്നിവയുടെ സമയവും ദീര്‍ഘിപ്പിക്കുമെന്ന് സി ഇ ഒ അറിയിച്ചു.

പുതുവത്സരത്തലേന്ന്
അര മണിക്കൂര്‍ വെടിക്കെട്ട്
ദുബൈ: പുതുവത്സര തലേന്ന് ബുര്‍ജ് ഖലീഫ പരിസരത്ത് അര മണിക്കൂര്‍ വെടിക്കെട്ട്. ഇതോടൊപ്പം പ്രകാശം കൊണ്ടുള്ള അലങ്കാരങ്ങളും വ്യാപകമായി ഉണ്ടാകും. രാത്രി കൃത്യം 12 ഓടെയാണ് വെടിക്കെട്ട് ആരംഭിക്കുക. ബുര്‍ജുല്‍ അറബിലും കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുണ്ടാകും. പാം ജുമൈരയിലും വെടിക്കെട്ടുണ്ടാകുമെന്ന് ദുബൈ ടൂറിസം അധികൃതര്‍ അറിയിച്ചു. ബുര്‍ജ് ഖലീഫ ഭാഗത്തേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest