Connect with us

Wayanad

രക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ ബാബുവിന്റെ സഹോദരന് വനംവകുപ്പില്‍ ജോലി

Published

|

Last Updated

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദിവാസി യുവാവ് ബാബുവിന്റെ സഹോദരന് വനംവകുപ്പില്‍ വാച്ചര്‍ ആയി ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ബാബുവിന്റെ സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് കഴിഞ്ഞദിവസം ബാണാസുരന്‍ മലയിലെ പത്തരക്കുന്ന് അംബേദ്ക്കര്‍ കോളനിയിലെ ബാബുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. ഈ വാക്ക് പാലിച്ചാണ് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്.
സര്‍ക്കാരിന്റെ ധനസഹായമായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രി ബാബുവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരുലക്ഷം രൂപയും ബാബുവിന്റെ കുടുംബത്തിന് നല്‍കും. അംബേദ്കര്‍ കോളനിയിലെ കൂലിപ്പണിക്കാരനായ വാസുവിന്റെയും അനിതയുടെയും മകനായ ബാബു ചന്നലോട് പത്തായക്കോടന്‍ റഊഫിനെ ജീവിതത്തിലേക്ക് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ചത്.
തന്റെ ജീവന്‍പോലും വെടിഞ്ഞ് സഹജീവിയെ രക്ഷപ്പെടുത്താന്‍ ബാബു കാണിച്ച ധീരതയെ പ്രകീര്‍ത്തിച്ച് ഇപ്പോഴും നിരവധി ആളുകള്‍ മലമുകളിലെ ബാബുവിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്.

Latest