Connect with us

National

ബിരുദം 'യോഗ്യത'യാക്കി മൂവായിരം യാചകര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോഴും ബസ്സ്റ്റാ ന്‍ഡിലും മറ്റും നില്‍ക്കുമ്പോഴും മുഷിഞ്ഞുനാറിയ വസ്ത്രവുമായി ഭിക്ഷ തേടിയെത്തുന്നവരെ അസ്വസ്ഥതയോടെ നോക്കാന്‍ വരട്ടെ. അവരില്‍ പലരും ഉയര്‍ന്ന ബിരുദങ്ങളുള്ളവരാണ്. വെറുതേ പറയുന്നതല്ല. അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം രാജ്യത്ത് ഭിക്ഷാട നം നടത്തുന്നവരില്‍ 3,000ത്തോളം പേര്‍ക്ക് ബിരുദമോ അതിലധികമോ യോഗ്യതയുണ്ട്. ഇതില്‍ത്തന്നെ 410 പേര്‍ സാങ്കേതിക മേഖലയില്‍ ബിരുദം ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
രാജ്യത്തെ ഭിക്ഷാടകരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സംഖ്യ വളരെ കുറവാണെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വിവിധ കാരണങ്ങളാല്‍ രാജ്യത്ത് ഭിക്ഷാടകരാകുന്നുണ്ട് എന്ന വസ്തുതയാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് 3.27 ലക്ഷം യാചകര്‍ ഉണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്.
ഉന്നത ബിരുദധാരികളായ യാചകരില്‍ 745 പേര്‍ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ഡിപ്ലോമ, ഡിഗ്രി, പി ജി തുടങ്ങിയ ഉന്നത സാങ്കേതി വിദ്യാഭ്യാസം നേടിയ യാചകരിലുമുണ്ട് 137 സ്ത്രീകള്‍.
സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോള്‍, ഉന്നത യോഗ്യതയുള്ള യാചകര്‍ ഏറ്റവും കൂടുതലുള്ളത് പശ്ചിമ ബംഗാളിലാണ്. 540 പേര്‍ക്ക് ബിരുദവും അതില്‍ക്കൂടുതലും യോഗ്യതയുണ്ട്. സാങ്കേതിക യോഗ്യതയുള്ള 34 ഭിക്ഷാടകരെയും പശ്ചിമ ബംഗാളില്‍ കണ്ടെത്താനായി. സാങ്കേതിക ബിരുദമുള്ള യാചകര്‍ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. അവിടെ സാങ്കേതിക വിഷയത്തി ല്‍ ഉന്നത യോഗ്യതയുള്ള 61 പേര്‍ ഉള്ളപ്പോള്‍ ആന്ധ്രാ പ്രദേശില്‍ 55ഉം കര്‍ണാടകയില്‍ 44ഉം പേരുണ്ട്.
സാക്ഷരതാ നിരക്ക് കൂടുതലുള്ള കേരളത്തിലും ഇത്തരം യാചകര്‍ കുറവല്ല. ബിരുദവും അധിക യോഗ്യതയുമുള്ള 24 പേരെയും സാങ്കേതിക യോഗ്യതകളുള്ള അഞ്ച് പേരെയും കേരളത്തില്‍ നിന്ന് ഭിക്ഷാടകരായി കണ്ടെത്തിയിട്ടുണ്ട്.
സെന്‍സസ് പരിധിയില്‍ വന്ന ഭിക്ഷാടകരില്‍ 78.66 ശതമാനം (2.92 ലക്ഷം) പേര്‍ സാക്ഷരരും 79,415 പേര്‍ നിരക്ഷരരുമാണ്. എസ് എസ് എല്‍ സിക്ക് മുകളില്‍ യോഗ്യതയുള്ള 53,963 പേരും അതിന് മുകളിലും ബിരുദത്തിന് താഴെയും യോഗ്യതയുള്ള 10,058 പേരും 195 ഡിപ്ലോമക്കാരും സെന്‍സസില്‍ ഉള്‍പ്പെട്ടിട്ടിരുന്നു.