Connect with us

Gulf

കാലചക്ര ഗതിക്രമങ്ങള്‍.....

Published

|

Last Updated

പുതുവര്‍ഷം പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. ഓരോ വര്‍ഷവും വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് കടന്നുവരുന്നതെങ്കിലും മിക്കതും സഫലമാകില്ല. കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണല്ലോ ജീവിതത്തിന്റെ ഗതിവിഗതികള്‍. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം, എന്നേ പറയാന്‍ കഴിയൂ.
സാമൂഹികമായി, പോയ വര്‍ഷം സംഭവ ബഹുലമായിരുന്നില്ല. വ്യക്തിപരമാണെങ്കില്‍, ഓരോരുത്തര്‍ക്കും വ്യത്യസ്ത വീക്ഷണമായിരിക്കും. ചിലര്‍ക്ക് സ്‌നേഹവും പരിഗണനയും പ്രശസ്തിയും സമ്പത്തും വേണ്ടുവോളം ലഭിച്ചിരിക്കാം. ചിലര്‍ നിരാശയുടെ പടുകുഴിയില്‍ തള്ളപ്പെട്ടിരിക്കാം. മറ്റുചിലര്‍ക്ക് സമ്മിശ്ര അനുഭവങ്ങള്‍. എന്നാലും ആരും തൃപ്തരല്ലെന്നതാണ് യാഥാര്‍ഥ്യം. ഉള്ളത്‌കൊണ്ട് ഓണം പോലെ എന്നു കരുതുന്നവരില്‍ പോലും ദുഃഖഭാരമുണ്ട്.
ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ കാഴ്ചകളിലൂടെ കടന്നുപോകാന്‍ 2015ലും അവസരം ലഭിച്ചിരിക്കണം. കുടുംബം, ജോലി, എഴുത്ത്, വായന, കലാസ്വാദനം, യാത്ര എന്നിവയില്‍ ചുറ്റിപ്പറ്റിയാണ് ഈ വര്‍ഷവും കടന്നുപോകുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആയിരുന്നു പ്രവാസീ ഭാരതീയ ദിവസ്. ജനുവരിയുടെ തണുപ്പില്‍, അഹമ്മദാബാദില്‍ വിമാനമിറങ്ങുമ്പോള്‍, സൗഹൃദത്തിന്റെ ഒത്തുചേരലിലേക്കാണ് പലരും കാലെടുത്തുവെച്ചത്. മാധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഒക്കെയായി മൂന്നുദിനങ്ങള്‍. യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, എം എ യൂസുഫലി, രവി പിള്ള, ഇസ്മാഈല്‍ റാവുത്തര്‍, ഡോ. ഷംഷീര്‍ വയലില്‍, സുധീര്‍കുമാര്‍ ഷെട്ടി, അഡ്വ. ആശിഖ് എന്നിങ്ങനെ നിരവധി പേര്‍ അവിടെയും സജീവമായിരുന്നു. യു എ ഇ പ്രവാസിയും പരോപകാരിയുമായ അശ്‌റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ സമ്മാന്‍ ലഭിക്കുമെന്ന് നേരത്തെ തന്നെ ഊഹമുണ്ടായിരുന്നെങ്കിലും അവസാന നിമിഷംവരെ അനിശ്ചിതത്വം നിലനിന്നിരുന്നു. പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന വേദിയായ മഹാത്മാ മന്ദിര്‍ ഹാളില്‍, അശ്‌റഫിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ വലിയ ആരവമുണ്ടായി. അര്‍ഹതക്കുള്ള അംഗീകാരമെന്ന് ഏവരും ആശംസിച്ചു.
ദീര്‍ഘകാലം ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് വികസനത്തില്‍ മാതൃകാസംസ്ഥാനമാണെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍, അവിടത്തെ കാഴ്ചകള്‍ നേര്‍ വിപരീത ചിത്രമാണ് നല്‍കിയത്. പശുക്കളും നായ്ക്കളും അലഞ്ഞുതിരിയുന്ന തെരുവുകള്‍, നഗരത്തില്‍ പോലും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍, വഴിയോരത്ത് പെട്രോളും പച്ചക്കറികളും വില്‍ക്കുന്ന കുട്ടികള്‍, ആരാധനാലയങ്ങളുടെ പരിസരങ്ങളിലും സ്ത്രീകളും വൃദ്ധരും അടങ്ങുന്ന യാചകര്‍. വര്‍ഗീയ കലാപത്തിന്റെ വടുക്കള്‍ പേറുന്ന കുടുംബങ്ങള്‍.
കേരളവുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല, ഗുജറാത്ത്. അകത്ത്, നിരവധി ഖബര്‍സ്ഥാനുകളുമായി ന്യൂലക്കി റസ്റ്റോറന്റ് കൗതുകം പകര്‍ന്നു. ചിത്രകാരന്‍ എം എഫ് ഹുസൈന് പ്രിയപ്പെട്ട റെസ്റ്റോറന്റായിരുന്നു ഇത്. കോഴിക്കോട്ടുകാരന്‍ മുഹമ്മദ് ഭായി സ്ഥാപിച്ചതാണിത്. എം എഫ് ഹുസൈന്‍ വരച്ച ചിത്രം ചുവരില്‍.
****
മധ്യപൗരസ്ത്യദേശത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെയും അധിനിവേശങ്ങളെയും ആധിയോടെയാണ് നോക്കിക്കാണുന്നത്. പിന്നീട്, സിറിയയില്‍ ബശാര്‍ അല്‍ അസദിനെതിരെ ഭീകരവാദം കൊഴുത്തു. യമനില്‍ ഹൂത്തി തീവ്രവാദികള്‍ കലാപം അഴിച്ചുവിട്ടു. ഇതിന്റെയൊക്കെ അനുരണനങ്ങള്‍ 2015ല്‍ മേഖലയില്‍ തീയും പുകയും സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
സിറിയയില്‍ അഭയാര്‍ഥിയായ അയ്‌ലാന്‍ കുര്‍ദി എന്ന മൂന്നുവയസുകാരന്റെ ജീവനറ്റ ശരീരം തുര്‍ക്കിയുടെ കടല്‍ തീരത്തടിഞ്ഞത് ലോകത്തെ നടുക്കി. നമ്മുടെ അയല്‍പക്കത്തെ ഹൃദയഭേദകമായ ഇത്തരം കാഴ്ചകള്‍ എവിടെയും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെയെന്ന് ഏവരും പ്രാര്‍ഥിച്ചു.
അധിനിവേശവും അനുബന്ധ സംഭവ വികാസങ്ങളും നടമാടുന്നത് ചില രാജ്യങ്ങളില്‍ മാത്രമാണെങ്കിലും സാമ്പത്തികവും മറ്റുമുള്ള അതിന്റെ അനുരണനങ്ങള്‍ അരങ്ങുതകര്‍ക്കുന്നത് മറ്റൊരുപാട് രാജ്യങ്ങളില്‍ കൂടിയാണ്. മേഖലയിലെ രാഷ്ട്രീയ അസ്ഥിരതയുടെയും മറ്റും കാരണമായി എണ്ണവില ചരിത്രത്തിലെ ഏറ്റവും വീഴ്ച നേരിട്ടുകൊണ്ടിരിക്കുന്നത് അവസാനിക്കുന്ന വര്‍ഷത്തിന്റെ അശുഭകരമായ ഓര്‍മകളാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദര്‍ശിച്ചത് ചരിത്ര സംഭവമായി. ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇയിലെത്തുന്നത്. ഇന്ത്യ-യു എ ഇ ബന്ധത്തില്‍ നാഴികക്കല്ലായി എന്നതിനപ്പുറം വാണിജ്യ, നിക്ഷേപ മേഖലകളില്‍ പുത്തനുണര്‍വ് പ്രകടമായി.
****
പ്രവാസത്തിന്റെ പാരസ്പര്യവും വിരഹവും നോവും അനുഭവിപ്പിക്കുന്ന പത്തേമാരി എന്ന സിനിമ പലര്‍ക്കും ഗുണപാഠങ്ങള്‍ നല്‍കുന്നുണ്ട്. വര്‍ഷങ്ങളായുള്ള ഗള്‍ഫ് ജീവിതം കൊണ്ട് എന്തുനേടിയെന്ന ചോദ്യത്തിന്, പലര്‍ക്കും പ്രകാശം നല്‍കാനായി എന്നത് ഒരേ സമയം ആര്‍ദ്രവും യുക്തിപൂര്‍ണവുമായ മറുപടിയാണ്.
പത്തേമാരി, സിനിമ എന്നതിനപ്പുറം മലയാളിയുടെ കുടിയേറ്റത്തിന്റെ രേഖപ്പെടുത്തല്‍ (ഡോക്യുമെന്റേഷന്‍) കൂടിയാണ്. ദുബൈയിലെ സുഹൃത്തുക്കളായ അഡ്വ. ആശിഖും സുധീഷും നിര്‍മിച്ചതാണെന്നതും വ്യക്തിപരമായി ആ ചിത്രത്തെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ദുബൈ മലയാളിയായ ജോഷി മംഗലത്ത് തിരക്കഥ രചിച്ച ഒറ്റാല്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയത് മറ്റൊരു സന്തോഷം.
കലയെയും സാഹിത്യത്തെയും ഗള്‍ഫ് മലയാളി ഗൗരവമായി കാണുന്നുവെന്ന് ഒരിക്കല്‍കൂടി വെളിവാക്കിയ വര്‍ഷമാണ് കടന്നുപോകുന്നത്. മലയാള നോവല്‍ ശാഖക്ക് മികച്ച സംഭാവന അര്‍പിക്കാന്‍ ഷെമി, ഷാബു കിളിത്തട്ടില്‍, ഹണി ഭാസ്‌കരന്‍, തോമസ് ചെറിയാന്‍ എന്നിവര്‍ക്കായി.
സര്‍ഗ സൃഷ്ടിക്ക് വളക്കൂറുള്ള മണ്ണാണ് യു എ ഇ. വൈവിധ്യമാര്‍ന്ന അനേകം മുഖങ്ങള്‍, സ്ഥലങ്ങള്‍. ഇവ എഴുത്തുകാരനെ പ്രലോഭിപ്പിക്കും. പക്ഷേ, എവിടെനിന്ന് തുടങ്ങണം എങ്ങിനെ അവസാനിപ്പിക്കണം എന്നത് വെല്ലുവിളി. ആദിമധ്യാന്തപ്പൊരുത്തമില്ലെങ്കില്‍ സൃഷ്ടി പാളിപ്പോകും. എങ്കിലും എഴുതിയേ മതിയാകൂ എന്ന തോന്നലുണ്ടാകുമ്പോള്‍ ഭാഷയോ ഘടനയോ ആരും കണക്കിലെടുക്കില്ല.
ഷെമിയുടെ നടവഴിയിലെ നേരുകള്‍, കേരളത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവുലകളിലൊന്നാണ്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മലയാളികളുടെ സാന്നിധ്യം, പല വിധത്തിലായി ഇത്തവണയും ശ്രദ്ധേയമായിരുന്നു. കഥാകാരന്‍മാരായ ടി പത്മനാഭന്‍, എന്‍ എസ് മാധവന്‍ എന്നിവരുടെ സര്‍ഗ സംഭാഷണങ്ങള്‍ ആവേശകരമായിരുന്നു.
****
കാലചക്രമിനിയുമുരുളും, വിഷുവരും വര്‍ഷം വരും, പിന്നെ ഓരോ തളിരിനും പൂവരും കായ്‌വരും, അപ്പോള്‍ ആരെന്നുമെന്തെന്നും ആര്‍ക്കറിയാം എന്ന് കവി കക്കാട് മനസില്‍ തികട്ടിവരുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest