Connect with us

Kasargod

ബോവിക്കാനത്ത് പോലീസ് അതിക്രമം; കടകളില്‍ കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചു

Published

|

Last Updated

കാസര്‍കോട്: ബോവിക്കാനം ടൗണില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി. ആദൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബോവിക്കാനത്ത് അതിക്രമം കാണിച്ചതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രാത്രി പോലീസ് വാഹനത്തിലെത്തിയ പ്രിന്‍സിപ്പല്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം കടകളിലേക്ക് പാഞ്ഞുകയറുകയും ബലമായി അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വ്യാപാരികള്‍ പരാതിപ്പെട്ടു.
ബോവിക്കാനത്തെ ശഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് കട, അശോകന്റെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ബേക്കറി, കുളത്തിങ്കര മുഹമ്മദിന്റെ ഉടമസ്ഥതിയിലുള്ള കുളത്തിങ്കര കഫ്‌റ്റേരിയ എന്നി കടകളിലാണ് പോലീസ് അതിക്രമം കാണിച്ചത്. കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഷെഫീഖിന്റെ അനുജന്‍ മുജീബിനെ കടയില്‍ നിന്ന് ജീപ്പിലേക്ക് വലിച്ചിഴിച്ചുകൊണ്ടുപോയതായും പരാതിയുണ്ട്. മറ്റൊരു വ്യാപാരിയായ അശോകനെയും മകള്‍ സനുഷയെയും മരുമകന്‍ പ്രദീപിനെയും എസ് ഐ ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നു.
അതിക്രമം ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ െ്രെഡവര്‍മാരെയാണ് രാത്രി വാടക പാടില്ലെന്ന് പറഞ്ഞ് ഓടിച്ചത്.
എസ് ഐയുടെ പരാക്രമത്തിനെതിരെ വ്യാപാരികളും അക്രമത്തിന് ഇരയായവരും അഭ്യന്തര മന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, പോലീസ് കംപ്ലന്റ് അതോറിറ്റി സെല്‍ എന്നിവക്ക് പരാതി നല്‍കും.
സംഭവത്തില്‍ പ്രതിഷേധിച്ച് ബോവിക്കാനത്ത് വ്യാപാരികള്‍ പ്രകടനം നടത്തി.
പ്രസിഡന്റ് പി എം എം റഹ്മാന്‍, ഗണേഷ് നായക്, മഹ്മൂദ് മുളിയാര്‍, നാരായണന്‍ ബ്രദേഴ്‌സ്, അസൈന്‍ നവാസ്, ഹമീദ് മെഗ, ആസിഫ് ബെള്ളിപ്പാടി, മുസ്തഫ ബിസ്മില്ല, മുജീബ് റഹ്മാന്‍, ജയന്‍ നേതൃത്വം നല്‍കി.