Connect with us

Kerala

കേരളോത്സവം കൊടിയിറങ്ങി; കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

Published

|

Last Updated

സംസ്ഥാന കേരളോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ കണ്ണൂര്‍ ജില്ലാ താരങ്ങള്‍ ട്രോഫി സമ്മാനിച്ച കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്കൊപ്പം

കോഴിക്കോട്: 28ാമത് സംസ്ഥാന കേരളോത്സവം സമാപിച്ചപ്പോള്‍ 312 പോയിന്റ് നേടി കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 54 ഇനങ്ങളില്‍ നടന്ന കലാ മത്സരങ്ങളില്‍ 112ഉം 41 ഇനങ്ങളുള്ള കായികോത്സവത്തില്‍ 200 പോയിന്റുകളും നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. കലാവിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കോഴിക്കോടും (102)ഉം മലപ്പുറവും(71)ഉം നേടിയപ്പോള്‍ കായികവിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കോഴിക്കോടിനും(181) പാലക്കാടിനു(139)മാണ്. കലാപ്രതിഭയായി കെ എന്‍ അനൂപിനെയും കലാതിലകമായി ബി പ്രിയങ്കയെയും (ഇരുവരും തൃശൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. അപര്‍ണ വിനോദാണ് (കോഴിക്കോട്) മികച്ച നടി.
കായികോത്സവത്തില്‍ പുരുഷ വിഭാഗത്തില്‍ പാലക്കാടിന്റെ അനില്‍കുമാറും വനിതാവിഭാഗത്തില്‍ ആലപ്പുഴയുടെ റീഹമാത്യുവും വ്യക്തിഗതതാരങ്ങളായി. 100 മീറ്റര്‍, ലോംഗ്ജംമ്പ്, ട്രിപ്പിള്‍ ജംമ്പ് എന്നിവയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി 15 പോയിന്റാണ് അനില്‍കുമാറിനുള്ളത്. 100, 200, 400 മീറ്ററുകളില്‍ സ്വര്‍ണ നേട്ടവുമായാണ് റീഹമാത്യു വ്യക്തിഗത താരമായത്. യൂത്ത് ബോയ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടത്തിന് മൂന്നവകാശികളുണ്ട്. 100ലും 200ലും സ്വര്‍ണം നേടിയ ലിയാസ് വി എം, 800ലും 1500ലും സ്വര്‍ണം നേടിയ പാലക്കാടിന്റെ സുഗന്ധകുമാര്‍, ലോംഗ്ജംമ്പിലും ട്രിപ്പിള്‍ ജംമ്പിലും സ്വര്‍ണം നേടിയ എല്‍ദോസ് പോള്‍ എന്നിവരാണ് പത്ത് പോയിന്റ് വീതം നേടി.
വ്യക്തിഗത ചാമ്പ്യന്‍മാര്‍. യൂത്ത് ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോടിന്റെ അനഘടോം 800ലും 5000ത്തിലും 1500ലും സ്വര്‍ണം നേടിയ 15 പോയിന്റുമായി വ്യക്തിഗത ചാംപ്യനായി. യൂത്ത് ബോയ്‌സ് 400മീറ്ററില്‍ ഇടുക്കിയുടെ ഷാന്‍ മാത്യുവും 5000മീറ്ററില്‍ ജിബിന്‍ തോമസും ഹൈജംപില്‍ ആലപ്പുഴയുടെ എസ് വിഷ്ണുവും യൂത്ത് ബോയസ് ജാവലിന്‍ത്രോയില്‍ ആലപ്പുഴയുടെ എസ് ആരോമലും 200 മീറ്രര്‍ പുരുഷ വിഭാഗത്തില്‍ തൃശൂരിന്റെ കെ സഗീറും 800ല്‍ മലപ്പുറത്തിന്റെ പി അഖിലും 5000ത്തില്‍ മലപ്പുറത്തിന്റെ എം വിഷ്ണുവും ജാവലിന്‍ത്രോയില്‍ മലപ്പുറത്തിന്റെ ജിബിന്‍ വര്‍ഗീസും യൂത്ത് ഗേള്‍സ് 200 മീറ്ററില്‍ പാലക്കാടിന്റെ കെ വിന്‍സിയും ട്രിപ്പിള്‍ ജംമ്പില്‍ ആലപ്പുഴയയുടെ എ ആതിരയും ജാവലിന്‍ ത്രോയില്‍ ഇടുക്കിയുടെ ജിന്‍സി ബെന്നിയും വനിതാവിഭാഗം 800മീറ്ററില്‍ കോട്ടയത്തിന്റെ രേഷ്മരവീന്ദ്രനും, 5000ത്തില്‍ മലപ്പുരത്തിന്റെ ഡി ആര്‍ സാനികയും ട്രിപ്പിള്‍ജംമ്പില്‍ തൃശൂരിന്റെ ആതിര വിക്രമും ഡിസ്‌ക്കസ്‌ത്രോയില്‍ ആലപ്പുഴയുടെ മാളവിക ചന്ദ്രനും ജാവലിന്‍ത്രോയില്‍ കണ്ണൂരിന്റെ വി ശോഭനയും 4 ഗുണം നൂറ് റിലേയില്‍ തിരുവനന്തപുരം ടീമും ജേതാക്കളായി.
ബാസ്‌ക്കറ്റ്ബാളില്‍ പുരുഷവിഭാഗത്തില്‍ ആലപ്പുഴയെ തോല്‍പ്പിച്ച് കാസര്‍കോടും വനിതാവിഭാഗത്തില്‍ കണ്ണൂരിനെ തോത്പിച്ച് കോഴിക്കോടും ജേതാക്കളായി. ഷട്ടില്‍ബാഡ്മിന്റില്‍ വനിതാ സിംഗിള്‍സില്‍ കണ്ണൂരിന്റെ ട്രീസാവില്‍സണ്‍ ജേതാവായി. മലപ്പുറത്തിന്റെ യു ആര്‍ ഉത്തരക്കാണ് റണ്ണറപ്പ്. വനിതാഡബിള്‍സില്‍ കണ്ണൂരിന്റെ ട്രീസാവില്‍സണ്‍ ജിസ്‌ന ജോണ്‍ സഖ്യം വിജയിച്ചു
പുരുഷ സിംഗിള്‍സില്‍ പാലക്കാടിന്റെ ശ്യാംകുമാര്‍ ജേതാവായി. കോഴിക്കോടിന്റെ കെ വൈശാഖ് രണ്ടാംസ്ഥാനം നേടി. പുരുഷ ഡബിള്‍സില്‍ കോഴിക്കോടിന്റെ രംശീഖ്, സുമേഷ് സഖ്യം വിജയിച്ചു. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കളരിപ്പയറ്റ് മത്സരത്തില്‍ തെക്കന്‍ വടക്കന്‍ വിഭാഗത്തില്‍ കോഴിക്കോട് ചാംപ്യന്‍മാരായി കണ്ണൂരിനാണ് രണ്ടാംസ്ഥാനം.
കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. യുവജനക്ഷേമബോര്‍ഡ് എക്‌സപര്‍ട്ട് മെമ്പര്‍ സി കെ സുബൈര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌റീന മുണ്ടേങ്ങാട്ട്, മെമ്പര്‍ നജീബ് കാന്തപുരം, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പിഎ ഹംസ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ എ ഷിയാലി, ഒ ശരണ്യ, റിയാസ് മുക്കോളി, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, ഗവാസ്, കെ രാധാകൃഷ്ണന്‍ നായര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇഷാന്‍ദേവ് സംഗീതവിരുന്നൊരുക്കി.

---- facebook comment plugin here -----

Latest