Connect with us

International

ഇറാനും യു എസും ഇടയുന്നു

Published

|

Last Updated

പേര്‍ഷ്യന്‍ സമുദ്രത്തെയും ഒമാനിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് ജലപാത

ടെഹ്‌റാന്‍/ന്യൂയോര്‍ക്ക്: ആണവകരാറിന് ശേഷം റോക്കറ്റ് പരീക്ഷണ വിക്ഷേപത്തിന്റെ പേരില്‍ വീണ്ടും യു എസും ഇറാനും ഇടയുന്നു. ഒരാഴ്ച മുമ്പ് യു എസ് യുദ്ധക്കപ്പലിന് സമീപത്ത് വെച്ച് ഇറാന്‍ കപ്പലില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. പേര്‍ഷ്യന്‍ സമുദ്രത്തെയും ഒമാനിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് ജലപാതയിലായിരുന്നു പരീക്ഷണ വിക്ഷേപണം. സമുദ്രം വഴി നടക്കുന്ന എണ്ണ കച്ചവടത്തിന്റെ നാലില്‍ മൂന്നുഭാഗവും ഈ സമുദ്രവഴിയിലൂടെയാണെന്നതിനാല്‍ വളരെയേറെ തന്ത്രപ്രധാനമായ ഭാഗമായാണ് ഹോര്‍മുസിനെ കണക്കാക്കപ്പെടുന്നത്. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുമെന്ന് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
പാശ്ചാത്യ രാജ്യങ്ങളുമായി ഏര്‍പ്പെട്ട ആണവകരാറിന് ശേഷം ഇറാന്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇറാന്റെ ഈ നടപടിയെ അമേരിക്ക വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. അമേരിക്കയുടെ യു എസ് എസ് ഹാരി എസ് ട്രൂമാന്‍ എന്ന വിമാനവാഹിനി കപ്പലില്‍ നിന്ന് 1370 മീറ്റര്‍ ദൂരത്തുനിന്നായിരുന്നു പരീക്ഷണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് കൈല്‍ റെയിന്‍സ് പറഞ്ഞു. എന്നാല്‍ റോക്കറ്റുകള്‍ ഏതെങ്കിലും കപ്പലുകളെ ലക്ഷ്യമാക്കിയിരുന്നില്ല വിക്ഷേപിച്ചിരുന്നതെന്നും പ്രസ്താവനയിലുണ്ട്. വിക്ഷേപണം നടത്തുന്നതിന്റെ 23 മിനുട്ട് മുമ്പ് മാത്രമാണ് ഇറാന്‍ കപ്പലില്‍ നിന്ന് ഇതിനെ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടി വളരെ പ്രകോപനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ റോക്കറ്റ് വിക്ഷേപണത്തെ കുറിച്ചുള്ള അമേരിക്കന്‍ പ്രതികരണങ്ങളോട് ഇറാന്‍ ഒന്നും പ്രതികരിച്ചിട്ടില്ല.