Connect with us

Editorial

മിന്നല്‍ പരിശോധന എന്ന രാഷ്ട്രീയക്കളി

Published

|

Last Updated

അഴിമതി പിടികൂടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ “ഓപ്പറേഷന്‍ കിച്ചടി” എന്ന പേരില്‍ ചൊവ്വാഴ്്ചയും ചെക്ക് പോസ്റ്റുകളില്‍ ബുധനാഴ്ചയും വിജിലന്‍സ് വ്യാപകമായി മിന്നല്‍ പരിശോധന നടത്തുകയുണ്ടായി. സംസ്ഥാനത്തെ വിവിധ സബ്‌രജിസ്ട്രാര്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ജല അതോറിറ്റി ഓഫീസുകള്‍, അസി. ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസ്, വാണിജ്യനികുതി കാര്യാലയം, കെ എസ് ഇ ബി ഓഫീസുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ധാരാളം ക്രമക്കേടുകളും കണക്കില്‍ പെടാത്ത പണവും കണ്ടെത്തി. ചെക്ക്‌പോസ്റ്റ് പരിശോധനയിലും ക്രമക്കേടുകളും പണവും കണ്ടെത്തിയിട്ടുണ്ട്.
71 സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണത്രേ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢി മിന്നല്‍ പരിശോധനക്ക് ഉത്തരവിട്ടത്. എന്നാല്‍ പരിമിതമായ ചില ഓഫീസുകളില്‍ ഒതുങ്ങുന്നതല്ല ഉദ്യോഗസ്ഥ അഴിമതിയും ഉദാസീനതയും ക്രമക്കേടുകളും. സര്‍ക്കാര്‍ ഓഫീസുകളത്രയും ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. ഏത് സര്‍ക്കാര്‍ ഓഫീസിലും കാണേണ്ടതു പോലെ കണ്ടില്ലെങ്കില്‍ ഫയലുകളൊന്നും ചലിക്കില്ല. കുറച്ച് മുമ്പ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ എ കെ ആന്റണി ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞതാണ്. സര്‍വ ശിക്ഷാ അഭിയാന്‍, ആയുര്‍വേദ വകുപ്പ്, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍ തുടങ്ങി കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെല്ലാം അഴിമതി കൊടികുത്തി വാഴുന്നതായി സി എ ജി റിപ്പോര്‍ട്ട് വന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപയാണ് ഇതുമൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും സി എ ജി ചൂണ്ടിക്കാട്ടി. ആര്‍ ടി ഓഫീസുകളില്‍ നടക്കുന്നത് ചമ്പല്‍ കാടുകളിലെ കൊള്ളക്കാര്‍ നടത്തുന്നതിലും വലിയ കൊള്ളയാണെന്നും ആര്‍ ടി ഓഫീസുകളാണ് രാജ്യത്തെ ഏറ്റവും അഴിമതി കേന്ദ്രങ്ങളെന്നുമാണ് അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പ്രസ്താവിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ ജീവനക്കാര്‍ക്ക് പണമോ പാരിതോഷികമോ നല്‍കാതെ ഒരു കാര്യവും സാധിക്കാനാകാത്ത അവസ്ഥയാണിന്ന്. അഴിമതിയും ഉദാസീനതയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ശൈലി തന്നെയായി മാറിയിട്ടുണ്ട്.
അഴിമതിമുക്ത ഭരണം വാഗ്ദാനം ചെയ്താണ് സര്‍ക്കാറുകളെല്ലാം അധികാരത്തിലേറിയത്. എന്നാല്‍ ഇടക്കിടെ നടത്തുന്ന മിന്നല്‍ പരിശോധനകളിലൊതുങ്ങുകയാണ് സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ പോരാട്ടം. ഇത്തരം പരിശോധനകള്‍ പലപ്പോഴും പ്രഹസനവുമാണ്. ഈയിടെ ആഭ്യന്തര വകുപ്പ് ഓപറേഷന്‍ കുബേര എന്ന പേരില്‍ വലിയ കൊട്ടിഘോഷത്തോടെ ബ്ലേഡ് കമ്പനികളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പല സ്ഥാപനങ്ങളിലും മുന്‍കൂട്ടി വിവരം നല്‍കിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധനക്ക് ഇറങ്ങിത്തിരിച്ചതെന്ന വിവരം പിന്നീട് പുറത്തുവന്നു. പ്രമുഖ കമ്പനികളെ ഒഴിവാക്കി ചെറുകിടക്കാരെ മാത്രമാണ് പിടികൂടിയതെന്ന പരാതിയും ഉയര്‍ന്നു. അഴിമതിക്കെതിരെ എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു രാഷ്ട്രീയത്തട്ടിപ്പ് എന്നതില്‍ കവിഞ്ഞ് ഇതിലൊന്നും ഒട്ടും ആത്മാര്‍ഥതയില്ലെന്നതാണ് വസ്തുത.
സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കണമെങ്കില്‍ ഭരണത്തിലിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. ഇന്ന് ഭരണ സിരാകേന്ദ്രത്തിലുള്ള പലരും അഴിമതി ആരോപണത്തിന് വിധേയരാണ്. സോളാര്‍ തട്ടിപ്പ്, ബാര്‍കോഴ, കടകംപള്ളി- കളമശ്ശേരി ഭൂമി തട്ടിപ്പ്, സപ്ലൈകോ അഴിമതി, മരാമത്ത് വകുപ്പ് അഴിമതി, ഏഷ്യന്‍ ഗെയിംസ് അഴിമതി എന്നിങ്ങനെ ഈ സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നുവന്ന കേസുകള്‍ നിരവധിയാണ്. ഇവയിലെ പ്രതിപ്പട്ടികകളിലും കാണാമറയത്തും മന്ത്രിസഭയിലെ പ്രമുഖരും ഉള്‍പ്പെടുന്നു. ഭരണത്തിന് പുറത്തുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ കരങ്ങളും അഴിമതിയുടെ പാപക്കറകളില്‍ നിന്ന് മുക്തമല്ല. മുമ്പ് അപൂര്‍വമായി ഭരണ തലത്തിലെ ചില വ്യക്തികളില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു പ്രതിഭാസമായിരുന്നു അഴിമതി. ക്രമേണ സര്‍ക്കാറിനെ മൊത്തത്തില്‍ ഇത് ഗ്രസിച്ചു. തുടര്‍ന്ന് സര്‍ക്കാറുകളെ പിന്നില്‍ നിന്ന് നയിക്കുന്ന പാര്‍ട്ടികളിലേക്കും പാര്‍ട്ടികളുടെ കേഡറുകളിലേക്കും യൂനിയനുകളിലേക്കും രാഷ്ട്രീയകക്ഷികളുടെ താഴ്ന്ന തലത്തിലുള്ള പ്രവര്‍ത്തകരിലേക്ക് പോലും അത് പടരുകയായിരുന്നു. മൊത്തത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം തന്നെ അവിഹിത മാര്‍ഗത്തിലൂടെയുള്ള സമ്പാദന മാര്‍ഗമായി മാറിക്കഴിഞ്ഞു. ഈ ഒരവസ്ഥയില്‍ ഉദ്യോഗസ്ഥ തലങ്ങളിലെ ക്രമക്കേടുകള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ സര്‍ക്കാറിനെന്ത് അവകാശം? വിരല്‍ ചൂണ്ടിയാല്‍ അത് തിരിഞ്ഞുകുത്തുമെന്നാണ് ബാര്‍ കേസിലെയും സോളാര്‍ കേസിലെയും പ്രതികളുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇടക്കിടെ അരങ്ങേറുന്ന മിന്നല്‍ പരിശോധനകള്‍ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്നാരെങ്കിലും ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റു പറ്റി. രാഷ്ട്രീയ പകിടകളിയിലെ ഒരിനം മാത്രമാണിത്.

Latest