Connect with us

Gulf

വരാനിരിക്കുന്ന വിസ്മയങ്ങള്‍

Published

|

Last Updated

ഈ വര്‍ഷം എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ചില ഊഹങ്ങള്‍ ഓരോരുത്തരുടെയും മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. എണ്ണവില താഴോട്ട് പോയാല്‍ സാമ്പത്തികമായി എന്തു പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ജീവിതച്ചിലവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും വരുമാനം കുറയുകയും ചെയ്താല്‍ എന്താണ് പോംവഴി?. എന്നിങ്ങനെ ആശങ്കകള്‍ ഓരോരുത്തരിലുമുണ്ട്. അതേസമയം, നല്ലത് മാത്രം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ് പുതുവത്സരത്തിലേക്ക് കാലെടുത്തുവെച്ചത്. യു എ ഇ നിവാസികളെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ കുതിപ്പ് ഇനിയും കാണാനാകുമെന്നാണ് പ്രതീക്ഷ. ദുബൈയില്‍ നഗരത്തിന്റെ മുഖച്ഛായമാറ്റുന്ന പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. ശൈഖ് സായിദ് റോഡിനു കുറുകെ കോടിക്കണക്കിന് ദിര്‍ഹം ചെലവ് ചെയ്ത് വാട്ടര്‍ കനാല്‍ പദ്ധതി ഈവര്‍ഷം അവസാനത്തോടെ ഏതാണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. അതിന്റെ പരിസരങ്ങളില്‍ നിരവധി വാണിജ്യസമുച്ഛയങ്ങള്‍ ഉയര്‍ന്ന്‌വരും. ക്രീക്കിനെയും കടലിനെയും ബന്ധിപ്പിച്ചുകൊണ്ട് ഉല്ലാസ നൗകകള്‍ ഏവര്‍ക്കും ആസ്വാദ്യകരമാകും.
പുതിയ തൊഴില്‍ നിയമത്തോടെയാണ് യു എ ഇ സാമൂഹിക ജീവിതം തുടങ്ങുന്നത്. തൊഴിലുടമ-തൊഴിലാളി സമൂലമായ പരിഷ്‌കരണമാണ് യു എ ഇ തൊഴില്‍വകുപ്പ് ലക്ഷ്യമാക്കുന്നത്. വിദഗ്ധ തൊഴിലാളികള്‍ക്ക് ഏത് സമയവും തൊഴില്‍മാറാമെന്നത് അനുഗ്രഹമാണ്. ആറ് മാസപ്രവേശ നിരോധം എടുത്ത്കളയുന്ന തൊഴില്‍ നിയമ പരിഷ്‌കരണമാണ് യാഥാര്‍ഥ്യമാകുന്നത്. 2016 യു എ ഇക്ക് വായനാവര്‍ഷമാണ്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരമാണിത്.
വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാവുകില്ലെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയാണ് പലരും പ്രവചിക്കുന്നത്. മാനവശേഷി കണ്‍സള്‍ട്ടന്റ് കമ്പനിയായ എ ഓണ്‍ ഹീവിറ്റ് പ്രവചിച്ചിരിക്കുന്നത് അഞ്ച് ശതമാനം ശമ്പളവര്‍ധനവ് ഉണ്ടാകുമെന്നാണ്. ഉയര്‍ന്ന് തസ്തികയിലുള്ളവര്‍ക്കാണിത്. അതേസമയം, അബുദാബിയില്‍ വാടക വര്‍ധിക്കുമെന്ന് കമ്പോള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദുബൈയില്‍ വാടക വര്‍ധനവിന് സാധ്യതയില്ല.
ഗള്‍ഫില്‍ മൊത്തം എണ്ണവിലയിടിവ് ഭരണ നിര്‍വഹണത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. കടക്കെണിയില്‍പെടാതിരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കുകയാണ്. വരുമാനത്തിനുമേല്‍ നികുതി ഏര്‍പ്പെടുത്താന്‍ വരെ ലക്ഷ്യമിടുന്നുണ്ട്. സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജീവിതാവസ്ഥ കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും ആശങ്ക ഒഴിയുന്നില്ല. എന്നാലും വിസ്മയങ്ങള്‍ കാത്തുെച്ചിട്ടുണ്ട്.
അബുദാബി
വന്‍ വികസനമാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നടക്കുന്നത്. മിഡ്ഫീല്‍ ടെര്‍മിനല്‍ കോംപ്ലക്‌സ് ഉദ്ഘാടനം 2017ലാണ് ലക്ഷ്യമിടുന്നതെങ്കിലും ഈ വര്‍ഷം മിക്ക ഭാഗങ്ങളും പൂര്‍ത്തിയാകും. മണിക്കൂറില്‍ 8,500 യാത്രക്കാരാണ് ഇവിടെ വന്നുപോവുക. വിനോദ സഞ്ചാര, വാണിജ്യ മുന്നേറ്റത്തില്‍ അബുദാബിക്ക് നിര്‍ണായക വര്‍ഷമാണിത്. സാദിയാത്ത് ദ്വീപില്‍ മ്യൂസിയം അടക്കം വികസന പദ്ധതികള്‍ പുരോഗമിക്കുന്നു. അതിനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സജീവം. പുതിയ റോഡുകളും പാലങ്ങളും വൈദ്യുത, ജല സ്രോതസുകളും കണ്ടെത്തുന്നുണ്ട്. ഇത്തിഹാദ് റെയില്‍ നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മുസഫ്ഫ മുതല്‍ ഖലീഫ തുറമുഖം വരെയും അബുദാബി മുതല്‍ ദുബൈ വരെയും റെയില്‍പാത നീട്ടാന്‍ സ്ഥലമെടുപ്പ് കഴിഞ്ഞു.
ഒന്നാം ഘട്ടത്തില്‍ 470 കോടി ദിര്‍ഹമാണ് ചെലവു ചെയ്തത്. ഷാ അബ്ഷാനില്‍ നിന്ന് റുവൈസിലേക്കാണ് പാത തുറന്നത്. അബുദാബി മെട്രോ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ബനിയാസ് ഉള്‍പടെ ചെറിയ ദ്വീപുകളിലേക്ക് വന്‍തോതില്‍ സഞ്ചാരികള്‍ എത്തുന്നു. റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ തഴച്ചുവളരുന്നു.
ദുബൈ
ദുബൈയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സഅബീല്‍ പാര്‍ക്കില്‍ “ദുബൈ ഫ്രെയിം” ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഒരു ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ പഴയ ദുബൈയും മറുഭാഗത്തു നിന്ന് നോക്കുമ്പോള്‍ പുതിയ ദുബൈയും കാണാന്‍ കഴിയുന്ന ചതുരാകൃതിയിലുള്ള നിരീക്ഷണ കെട്ടിടമാണിത്. ലോകത്തിലെ ആകര്‍ഷകമായ പദ്ധതികളിലൊന്നാണിതെന്ന് ബ്രിട്ടനിലെ ദി ടെലിഗ്രാഫ് പത്രം ഇതിനെ വിശേഷിപ്പിച്ചിരുന്നു. 150 മീറ്ററാണ് ഉയരം.
ഈ വര്‍ഷം ഒക്‌ടോബറില്‍ ശൈഖ് സായിദ് റോഡിന് സമീപം മോഷന്‍ ഗേറ്റ്, ബോളിവുഡ് തീം പാര്‍ക്ക് പൂര്‍ത്തിയാകും. 2.5 കോടി ചതുരശ്രയടി വിസ്തീര്‍ണത്തിലാണിത്. 11,000 തൊഴിലാളികളാണ് ഇതിന്റെ നിര്‍മാണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഡ്രാഗണ്‍ മാര്‍ട്ടിന് സമീപം ദുബൈ സഫാരി ഈ വര്‍ഷം തുറക്കും. 119 ഹെക്ടറില്‍ ആയിരത്തോളം മൃഗങ്ങളാണ് ഇവിടെ ഉണ്ടാവുക.
ദുബൈയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ പാതയായ ശൈഖ് സായിദ് റോഡിനടിയില്‍ കനാല്‍ നിര്‍മിക്കുന്നതാണ് മറ്റൊരു സവിശേഷത. 2013ലാണ് നിര്‍മാണം തുടങ്ങിയത്. അടുത്ത വര്‍ഷമാണ് പൂര്‍ണമാകുകയെങ്കിലും കനാലിന്റെ ഇരുകരകളിലും ധാരാളം വാണിജ്യ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരും.
ബിസിനസ് ബേയെയും അറേബ്യന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന, മൂന്നുകിലോമീറ്റര്‍ നീളവും 120 മീറ്റര്‍ വീതിയുമുള്ള കനാല്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കും. 450 ഓളം റസ്റ്റോറന്റുകളും നാല് പഞ്ചനക്ഷത്രഹോട്ടലുകളും ഇരുകരകളിലായി വരുന്നുണ്ട്. ഇവിടെയൊക്കെ ഓരോരുത്തര്‍ക്കും ജീവിതോപാധി ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അത് കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

---- facebook comment plugin here -----

Latest