Connect with us

Articles

പ്രത്യേക വിദ്യാഭ്യാസ മേഖല പുത്തന്‍ വെല്ലുവിളി

Published

|

Last Updated

വിദ്യാഭ്യാസം ജന്മാവകാശമാണ്. ഭാരതമണ്ണില്‍ പിറന്നു വീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ് ജനാധിപത്യ വിദ്യാഭ്യാസം. നമ്മുടെ ഭരണഘടനയുടെ അനുശാസനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും അതായിരുന്നു. എന്നാല്‍, ആ ജനാധിപത്യ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ ആരംഭിക്കാന്‍ പോകുന്നു. ഡിസംബര്‍ 18-ന് തലസ്ഥാനത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന തിരുവനന്തപുരം പ്രഖ്യാപനത്തിന്റെ പ്രധാന ഹൈലൈറ്റ് പ്രത്യേക വിദ്യാഭ്യാസ മേഖലയുടെ കടന്നുവരവാണ്.
വ്യവസായ രംഗത്തെ പ്രത്യേക സാമ്പത്തിക മേഖല (SEZ) വിദ്യാഭ്യാസം പോലൊരു സേവന രംഗത്ത് ആവിഷ്‌ക്കരിക്കപ്പെടുമെന്ന് ആരും സ്വപ്‌നേപി വിചാരിച്ചിട്ടുണ്ടാകില്ല. വ്യവസായികളുടെ താത്പര്യങ്ങള്‍ക്കു വേണ്ടി തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സ്ഥലത്തിന്റെ പേരാണ് പ്രത്യേക സാമ്പത്തിക മേഖല. വ്യവസായത്തിന്റെ വികസനത്തിന് തൊഴിലാളികള്‍ മുണ്ടുമുറുക്കിയുടുക്കേണ്ട സ്ഥലമെന്നര്‍ഥം. വിദ്യാഭ്യാസരംഗത്ത് ഈ സോണുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരിക്കും?
തിരുവനന്തപുരം പ്രഖ്യാപനം അനുസരിച്ച് പ്രത്യേക വിദ്യാഭ്യാസ മേഖല കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തിന്റെ സ്വപ്‌ന കവാടമാണ്. മൂലധന നിക്ഷേപത്തിന് വന്‍ സാധ്യതകളാണ് ഈ കവാടം തുറന്നിടുന്നതിലൂടെ വരാന്‍ പോകുന്നത്. ഇരുപത് ഏക്കര്‍ സ്ഥലവും ഉന്നത ബിരുദകോഴ്‌സുകളില്‍ അഞ്ച് വര്‍ഷത്തെ നടത്തിപ്പുപരിചയവും വിദേശ സര്‍വകലാശാലയുമായി ധാരണാപത്രവും ഉണ്ടെങ്കില്‍ സംസ്ഥാനത്ത് എവിടെയും പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ ആരംഭിക്കാന്‍ ആരെയും അനുവദിക്കും. വന്‍ നികുതിയിളവുകള്‍, നിയന്ത്രണങ്ങള്‍ ഒഴിവാക്കല്‍, ലാഭം ഉറപ്പാക്കാന്‍ വാണിജ്യസ്ഥാപനങ്ങള്‍ അനുബന്ധമായി ആരംഭിക്കാന്‍ അനുമതി നല്‍കല്‍, ഏകജാലക രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കല്‍ തുടങ്ങിയവയൊക്കെ എസ്ഇ ഇസഡിന്റെ പ്രത്യേകതകളായിരിക്കും.
പൊതുഖജനാവ് ഉപയോഗിച്ച് ഭൗതിക സംവിധാനങ്ങള്‍ വാര്‍ത്തെടുക്കാന്‍ വിദേശ നിക്ഷേപകരുള്‍പ്പടെയുള്ളവര്‍ക്ക് അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സാര്‍വദേശീയ വിദ്യാഭ്യാസ വ്യാപാര സംരംഭമാണ് കേരളത്തിലെ പ്രത്യേക വിദ്യാഭ്യാസ മേഖല. ചൈന, യു കെ, എത്യോപ്യ, അമേരിക്ക, കെനിയ, ഇറാന്‍, ഇന്ത്യ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും മാനേജ്‌മെന്റ് വിദഗ്ധരുമാണ് ദ്വിദിന അന്തര്‍ദേശീയ സംഗമത്തില്‍ പങ്കെടുത്ത് ഓഫറുകള്‍ മുന്നോട്ടുെവച്ചത്. പന്ത്രണ്ട് സെഷനുകളിലായി 64 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസ മാനേജ്‌മെന്റ്‌രംഗത്തെ ഏറ്റവും പുതിയ പ്രവണതയാണ് സെമിനാറുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ലോകവ്യാപാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ വിഭാവനം ചെയ്യുന്ന ഗാട്‌സ്് (General Agreement on Trade in Service) എന്ന ഉടമ്പടിക്കനുസരിച്ചുള്ള പുനഃസംഘാടനം എങ്ങനെ വിദഗ്ധമായി നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കാം എന്ന മുഖ്യപ്രമേയം തന്നെയാണ് വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവത്കരണം (ആഗോളീകരണം) മുതല്‍ ഗുണനിലവാര മാനേജ്‌മെന്റിന് ഐ എസ് ഒ മാതൃകവരെയുള്ള കമ്പോള മാനദണ്ഡങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലകളിലേക്കു കൊണ്ടുവരുന്നതും ന്യൂതന പരിഷ്‌കാരങ്ങള്‍ എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്.
വാസ്തവത്തില്‍, തിരുവനന്തപുരം പ്രഖ്യാപനത്തിന് വേണ്ടിയാണ് മസ്‌ക്കറ്റ് ഹോട്ടലില്‍ വിദ്യാഭ്യാസ സമ്മേളനം ഇന്‍സെമ – 2015 (Internaitonal Conference on Educational Management and Administration) സംഘടിപ്പിച്ചത്. വിദ്യാഭ്യാസത്തെക്കുറിച്ചല്ല, പുതിയ ലോകസാഹചര്യത്തില്‍ കമ്പോള നിയന്ത്രിതാക്കള്‍ക്കു ആവശ്യമായ തൊഴില്‍ നൈപുണികളാര്‍ജിക്കുന്നവരുടെ പരിശീലനവും അതിന്റെ മാനേജ്‌മെന്റുമായിരുന്നു കേന്ദ്രപ്രമേയം. എന്നാല്‍, അത് പൊതു വിദ്യാഭ്യാസത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുമ്പോള്‍, നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥക്ക് പകരം വരാനിരിക്കുന്നത് മേല്‍പ്പറഞ്ഞ ആഗോള സാങ്കേതിക തൊഴില്‍ നൈപുണി വിദ്യ മാത്രമായിരിക്കുമെന്ന അപായ സൂചനയുണ്ട്. എന്നു മാത്രമല്ല, പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ എല്ലാവര്‍ക്കും പ്രവേശനമുള്ള സ്ഥലങ്ങളുമല്ലല്ലോ. അവയുടെ നിയമങ്ങള്‍ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കുന്ന അവകാശങ്ങളുടെ പരിധിക്ക് വളരെ അകലെയുമാണ്. ഇടപെടാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പോലും പരിമിതികള്‍ നേരിടേണ്ടിവരും.
വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കുന്നതിന് വിദേശ സംരംഭകരുമായി കൂട്ടുചേരാന്‍ അനുമതി നല്‍കുമ്പോള്‍, പുതിയ സങ്കീര്‍ണതകള്‍ ക്ഷണിച്ചുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആഗോള കോര്‍പറേറ്റുകള്‍ നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ എന്തൊക്കെയാകും സംഭവിക്കുക? വിദ്യാഭ്യാസം ഒരു ആഗോള ചരക്കായി മാറും. വിദ്യാഭ്യാസത്തിന്റെ വിമോചന ധര്‍മം കണ്ടെത്തിയ നവോത്ഥാന സങ്കല്‍പ്പങ്ങളുടെയും അതിനെ അടിസ്ഥാനപ്പെടുത്തിയ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുരോഗതിയെ അട്ടിമറിക്കാന്‍ പുതിയ അധികാരികള്‍ക്ക് നിഷ്പ്രയാസം കഴിയും.
ലോക വ്യാപാര സംഘടന ഗാട്‌സ് ഉടമ്പടിക്കു രൂപം നല്‍കിയത് വിദ്യാഭ്യാസത്തിന്റെ മാനവമൂല്യങ്ങളും ദര്‍ശനങ്ങളും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ആഗോള നിക്ഷേപകര്‍ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ദൗത്യങ്ങള്‍ക്ക് വില കല്‍പ്പിക്കില്ല. അവര്‍ക്കാവശ്യം കമ്പോളത്തിലെ വിലകുറഞ്ഞ അദ്ധ്വാന ശക്തിയെയാണ്. അതുകൊണ്ടാണവര്‍ സാങ്കേതിക വൈദഗ്ധ്യം നേടിയവരെ മാത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യസമൂഹത്തിന്റ ആകമാന പുരോഗതിക്കു ടെക്‌നോക്രാറ്റുകളെ ഉത്പാദിക്കുക എന്ന പരിമിതമായ ആവശ്യകത പൂര്‍ത്തീകരിച്ചാല്‍ മതിയോ?
കേരളത്തിലെ പ്രത്യേക വിദ്യാഭ്യാസ മേഖലയുടെ പ്രഖ്യാപനവും ഇന്ത്യയുടെ വാതിലുകള്‍ വിദേശമൂലധനത്തിനായി മലര്‍ക്കെ തുറക്കുമെന്ന കേന്ദ്ര ബി ജെ പി സര്‍ക്കാറിന്റെ ലോകവ്യാപാര സംഘടനക്കു നല്‍കിയ ഓഫറുകളും കൂട്ടി വായിക്കുക. ആനുഷംഗികമായി പറയട്ടെ, ലോകവ്യാപാര സംഘടനയുടെ നെയ്‌റോബി സമ്മേളനം സമാപിക്കുന്ന ഡിസംബര്‍ 18-ന് തന്നെയാണ് കേരളത്തിലെ പ്രത്യേക വിദ്യാഭ്യാസ മേഖല പ്രഖ്യാപനവും എന്ന കാര്യം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ലോകവ്യാപാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെയും പരിവര്‍ത്തനപ്പെടുത്തുന്ന അന്തിമ കരാറുകള്‍ ഒപ്പ് വെക്കപ്പെടുമ്പോള്‍, ഇന്ത്യയിലെ ജനാധിപത്യ-സാര്‍വത്രിക-പൊതുവിദ്യാഭ്യാസം എത്രമേല്‍ ഭീഷണികള്‍ നേരിടേണ്ടിവരുമെന്നതിന്റെ പ്രത്യക്ഷോദാഹരണമായി പ്രത്യേക വിദ്യാഭ്യാസ മേഖലാ പ്രഖ്യാപനത്തെ കാണാവുന്നതാണ്.
അതിന്റെ തുടര്‍ ചലനങ്ങള്‍ വരാനിരിക്കുന്ന നാളുകളില്‍ നമുക്കനുഭവിക്കാം. വിദ്യാഭ്യാസം ഒരു ആഗോളചരക്കല്ല, ലാഭേച്ഛയില്ലാത്ത മാനവ സമൂഹത്തിന്റെ വിദ്യാദാന പ്രക്രിയയാണത്. ജനാധിപത്യവും മതേതരത്വവും സാര്‍വത്രികതയും ഉള്‍ച്ചേരുന്ന മഹത്തായ സേവന രംഗമാണത്. എന്നാല്‍, ലോക വ്യാപാരത്തിന്റെ ഭാഗമാക്കി വിദ്യാഭ്യാസത്തെ മാറ്റാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിക്കുന്ന പ്രബുദ്ധ ജനത ഉണര്‍ന്നു വരുന്നതുവരെ പ്രതിലോമശക്തികള്‍ വിദ്യാഭ്യാസത്തെ ഭരിച്ചുകൊണ്ടിരിക്കും.