Connect with us

Kozhikode

നരിക്കുനിയില്‍ സി പി എം- ബി ജെ പി സംഘര്‍ഷം

Published

|

Last Updated

നരിക്കുനി: പുതുവത്സര ദിനത്തില്‍ നരിക്കുനിയില്‍ ഡി വൈ എഫ് ഐ- ബി ജെ പി സംഘര്‍ഷം. പരുക്കേറ്റ ബി ജെ പി പഞ്ചായത്ത് സെക്രട്ടറിയെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ള്യാറക്കോട്ടക്ക് സമീപം സി പി എം പാര്‍ട്ടി ഓഫീസിനടുത്ത് വെച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സമീപത്ത് ഉദ്ഘാടനം ചെയ്യുന്ന ഷോപ്പിലുണ്ടായിരുന്നവരും തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സി പി എം- ബി ജെ പി സംഘര്‍ഷത്തില്‍ കലാശിച്ചത്.
പരുക്കേറ്റ ബി ജെ പി പഞ്ചായത്ത് സെക്രട്ടറി അനിലിനെ കോഴിക്കോട് ബിച്ച് ആശുപത്രിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ അബ്ദുല്‍ ജസീര്‍, റംഷീദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനിലിന്റെ ബൈക്കും അടിച്ച് തകര്‍ത്തിട്ടുണ്ട്.
നരിക്കുനി-പാവുംപൊയില്‍ താഴം റോഡിലെ സ്മരണ മോട്ടോര്‍സില്‍ നിര്‍ത്തിയിട്ട കാറും ജീപ്പും അക്രമിസംഘം അടിച്ചു തകര്‍ത്തു. വര്‍ക്ക്‌ഷോപ്പിലെ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സി പി എം പ്രവര്‍ത്തകനായ ടി പി ബാലന്റേതാണ് വര്‍ക്ക്‌ഷോപ്പ്. പി എം മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തകര്‍ത്ത് 500 മീറ്റര്‍ അകലെ വയലില്‍ തള്ളി. വില്ലേജ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട ഹീറോ ഹോണ്ട ബൈക്കും പാല്‍ സൊസൈറ്റിക്ക് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. സി പി എമ്മിന്റെ കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സി പി എം പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി.