Connect with us

Kozhikode

ജീവനക്കാരനെതിരെ കേസ്; ഭരണസമിതി വിജിലന്‍സിന് പരാതി നല്‍കും

Published

|

Last Updated

മുക്കം: നഗരസഭ ഓഫീസില്‍ നിന്ന് നികുതി രസീതി ബുക്ക് മോഷണം പോയ സംഭവത്തില്‍ നഗരസഭ ജീവനക്കാരനെതിരെ മുക്കം പോലീസ് കേസെടുത്തു. രശീതി ബുക്കിന്റെ സൂക്ഷിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തത്. അതേസമയം വിജിലന്‍സിന് പരാതി നല്‍കാന്‍ മുക്കം നഗരസഭ ഭരണസമിതി തീരുമാനിച്ചു. നേരത്തെ നിരവധി തവണ ഇതു സംബന്ധിച്ച് ഭരണസമിതിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് സെക്രട്ടറി പരാതി നല്‍കാന്‍ പോലും തയ്യാറായത്. നികുതി രശീതി ബുക്ക് മോഷണം പോയിട്ടും പ്രത്യേക ഭരണസമിതി യോഗം ചേരാത്തത് ചര്‍ച്ചയായിരുന്നു.
സംഭവം ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പാര്‍ട്ടികളിലെ ഉന്നതര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി ആരോപണമുണ്ട്. അതുകൊണ്ട് തന്നെ സി പി എമ്മിലെ പ്രമുഖരെ കൂട്ടുപിടിച്ചാണ് കേസ് ഒതുക്കാന്‍ ശ്രമം നടന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥ ഭരണം നിലനില്‍ക്കുന്ന സമയത്താണ് മുക്കം മുനിസിപ്പാലിറ്റിയില്‍ നിന്ന് നികുതിയുള്‍പ്പെടെ പിരിക്കുന്ന രശീതി ബുക്ക് മോഷണം പോയത്. ഇതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പ്രധാനമായും ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.