Connect with us

Malappuram

വേങ്ങര മണ്ഡലത്തിലെ 12 ഹൈമാസ്സ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

വേങ്ങര: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര മണ്ഡലത്തില്‍ സ്ഥാപിച്ച പന്ത്രണ്ട് ഹൈമാസ്സ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു.
ഊരകം, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, എ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലായി സ്ഥാപിച്ച ലൈറ്റുകളാണ് ഇന്നലെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തത്. പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം പോലും അറിയിക്കാതെ ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തത് വിവാദമായി. മറ്റു ഗ്രാമപഞ്ചായത്തുകളിലെല്ലാം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങ് നടന്നപ്പോഴാണ് പറപ്പൂരില്‍ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം പോലും ധരിപ്പിക്കാതിരുന്നത്.
വീണാലുക്കല്‍, പാലാണി, പൊട്ടിപ്പാറ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇവയുടെ വൈദ്യുതി ചാര്‍ജടക്കല്‍, അറ്റകുറ്റപണികള്‍ നടത്തല്‍ എന്നിവയുടെ ചുമതല ഗ്രാമപഞ്ചായത്തിനാണ്. ഇതിനായി ഫണ്ട് ചെലവിടാന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുമുണ്ട്. എന്നിരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയോ വാര്‍ഡ് അംഗങ്ങളെയോ അറിയിക്കാതെ ഉദ്ഘാടനം നിര്‍വഹിച്ചതാണ് വിവാദത്തിനിടയാക്കിയത്. മണ്ഡലത്തില്‍ ലീഗ് വിരുദ്ധ മുന്നണി ഭരണം നടത്തുന്ന ഏക ഗ്രാമപഞ്ചായത്താണ് പറപ്പൂര്‍. ഇതിലുള്ള വിരോധമാണ് ഉദ്ഘാടനത്തിലും പ്രതിഫലിച്ചത്.
പൊതുഫണ്ട് ഉപയോഗിച്ച് നടത്തിയ വികസനം പഞ്ചായത്തില്‍ അറിയിക്കാതെ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയും ഭരണ മുന്നണി അംഗങ്ങളും പ്രതിഷേധിച്ചു. ലൈറ്റിന്റെ വൈദ്യുതി ഇനത്തില്‍ പ്രതിമാസം 5000 രൂപയോളം ഗ്രാമപഞ്ചായത്ത് അധിക ചെലവ് വഹിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Latest