Connect with us

Gulf

ശിയാ നേതാവുള്‍പ്പെടെ സഊദി അറേബ്യയില്‍ 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Published

|

Last Updated

റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട 47 പേരുടെ ശിക്ഷ സഊദി അറേബ്യ നടപ്പാക്കി. ശിയാ നേതാവ് നിംറ് അല്‍നിംറ് ഉള്‍പ്പെടെയുള്ളവരുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അല്‍ഖാഇദയുമായി ബന്ധമുള്ള ഫാരിസ് അല്‍ സഹ്‌റാനിയും വധശിക്ഷക്ക് വിധേയരായവരില്‍ ഉള്‍പ്പെടും. വധശിക്ഷക്ക് വിധേയരായവരുടെ പേരുകള്‍ ഔദ്യോഗിക ടി വി ചാനലിലൂടെ പുറത്തുവിട്ടു. എല്ലാവരും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരാണ്. വധശിക്ഷക്ക് വിധേയരായവരില്‍ 45 പേരും സഊദി പൗരന്മാരാണ്. ഒരാള്‍ ഈജിപ്ത് പൗരനും മറ്റൊരാള്‍ ഛാഡ് സ്വദേശിയുമാണ്.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ശിയാ നേതാവായ നിംറ് അല്‍നിംറിന വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലാണ് വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്. രാജ്യദ്രോഹം, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കേസുകളാണ് നിംറിനെതിരെ ചുമത്തിയത്. തനിക്കെതിരെ ചുമത്തിയ രാഷ്ട്രീയ കേസുകള്‍ നിമര്‍ നിഷേധിച്ചില്ലെങ്കിലും ആയുധം കൈവശം വെക്കുകയോ അക്രമത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് നിംറ് വ്യക്തമാക്കിയിരുന്നു.
സഊദിയില്‍ 2003 മുതല്‍ 2006 വരെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരാണ് വധശിക്ഷക്ക് വിധേയരായവരില്‍ ഭൂരിഭാഗവും. ഇവരില്‍ മിക്കവര്‍ക്കും അല്‍ ഖാഇദയുമായി ബന്ധമുണ്ട്. ഫാരിസ് അല്‍ സഹ്‌റാനി കൊടും തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. ആയുധം കൈവശം വെച്ച കുറ്റത്തിന് 2004ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വധശിക്ഷ നടപ്പാക്കിയതിനെ അപലപിച്ച് ഇറാന്‍ രംഗത്തെത്തി. തീവ്രവാദത്തെ എതിര്‍ക്കുന്നവരെയാണ് സഊദി വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഈ നയം തുടര്‍ന്നാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വധശിക്ഷയില്‍ പ്രതിഷേധിച്ച് നിരവധി ശിയാ പ്രവര്‍ത്തകര്‍ നിംറിന്റെ ജന്മദേശത്ത് മാര്‍ച്ച് നടത്തി. അയല്‍രാജ്യമായ ബഹ്‌റൈനിലെ തെരുവുകളിലും പ്രതിഷേധം അലയടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചു. ലബനാനിലെ ഹിസ്ബുല്ലയും വധശിക്ഷയെ അപലപിച്ച് രംഗത്തെത്തി.