Connect with us

Qatar

ഖത്വര്‍ റെയില്‍ പദ്ധതിയുടെ പുതിയ കരാറുകള്‍ക്ക് ഒരുക്കം

Published

|

Last Updated

ദോഹ: ഖത്വറില്‍ നടന്നു വരുന്ന ദോഹ മെട്രോ, ലുസൈല്‍ ട്രാം, ദീര്‍ഘദൂര ട്രെയിന്‍ ഉള്‍പ്പെടെയുള്ള റെയില്‍ പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ കരാര്‍ നടപടികള്‍ക്ക് തയാറെടുപ്പു തുടങ്ങി. ദോഹ മെട്രോയുടെ ആദ്യഘട്ടം 2019ലാണ് പൂര്‍ത്തിയാകുക. ലുസൈല്‍ ട്രാം 2020ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കണ്‍സള്‍ട്ടന്റുമാരുമായി നിലവില്‍ ഒപ്പിട്ടിട്ടുള്ള കരാര്‍ ജൂണില്‍ അവസാനിക്കും. പുതിയ കരാര്‍ 2020 ജൂണ്‍ വരെ നാലു വര്‍ഷത്തേക്കാണ് ഒപ്പിടുകയെന്ന് അല്‍ ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ടെന്‍ഡര്‍ സംന്ധിച്ച് വിശദീകരിക്കുന്നതിന്, താത്പര്യമുള്ള കമ്പനികളുടെ യോഗം ഖത്വര്‍ റെയില്‍ ഈ മാസം അഞ്ചിനു വിളിച്ചു ചേര്‍ക്കും. കണ്‍സള്‍ട്ടേഷന്‍ സേവനത്തില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള കമ്പനികള്‍ യോഗത്തില്‍ സംബന്ധിക്കും. ദോഹ മെട്രോയുടെ രൂപകല്‍പ്പന, നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട എട്ട് കരാറുകളുടെ വിശദാംശങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ദോഹ മെട്രോ ഫെസിലിറ്റീസ് മാനേജ്‌മെന്റ്, ലുസൈല്‍ ട്രാം എന്നിവയ്ക്കു വേണ്ടിയുള്ള ടെന്‍ഡറുകള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ഖത്വര്‍ റെയില്‍ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്റെയും ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സുമായി ബന്ധപ്പെട്ട രണ്ടാമത്തെ ടെന്‍ഡര്‍ ഈ വര്‍ഷം രണ്ടാം പാദത്തിലും ക്ഷണിക്കും. ജി സി സി റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര റെയിലിന് വേണ്ടിയുള്ള ടെന്‍ഡറും മുന്നോട്ട് വെക്കും. ട്രെയ്‌നിലെ യാത്രക്കാര്‍, മെട്രോ സ്റ്റേഷനുകള്‍, ലുസൈല്‍ സിറ്റിയിലെ ലൈറ്റ് ട്രെയ്‌നുകള്‍ എന്നിവക്കു വേണ്ട ഐ ടി സേവനങ്ങള്‍, വാണിജ്യ സേവനങ്ങള്‍ തുടങ്ങിയവക്കുള്ള ടെന്‍ഡറുകളും ഖത്വര്‍ റെയില്‍ പഠിച്ചു വരികയാണ്.
ദോഹ മെട്രോ, ലുസൈല്‍ ട്രാം, ദീര്‍ഘദൂര റെയില്‍ എന്നിവ 2030ഓടെ പൂര്‍ത്തീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ സുഗമമായി ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത ഗതാഗത ശൃംഖല സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദോഹ മെട്രോയുടെയും ലുസൈല്‍ ട്രാമിന്റെയും ആദ്യഘട്ടം പൂര്‍ത്തിയായാല്‍ 2021ഓടെ ദിവസവും ആറു ലക്ഷം യാത്രക്കാരെയാണ് ഖത്വര്‍ റെയില്‍ പ്രതീക്ഷിക്കുന്നത്.