Connect with us

National

പത്താന്‍കോട് ഭീകരാക്രമണം: ശക്തമായി തിരിച്ചടിക്കും: ആഭ്യന്തര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിനെതിരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. പാക്കിസ്ഥാനുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കും. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളില്‍ അഭിമാനമുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
സൗഹൃദവും ഭീകരത യും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്രണത്തെ രാജ്യം അപലപിക്കുന്നു. ആക്രണം നടന്നയുടന്‍തന്നെ തക്കതായ പ്രത്യാക്രമണം നടത്തിയ ഇന്ത്യയുടെ വ്യോമസേന പ്രശംസ അര്‍ഹിക്കുന്നു. ഭീകരര്‍ എങ്ങനെയാണ് അവിടേക്ക് പ്രവേശിച്ചതെന്ന കാര്യം അന്വേഷിക്കണം. തക്കതായ മറുപടി ആക്രമികള്‍ക്ക് നല്‍കുമെന്ന് ഉചിതമായ പ്രതികരണമാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നല്‍കിയിട്ടുള്ളത്. സംഭവങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍, സൗഹൃദവും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലെന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും ജവദേക്കര്‍ വ്യക്തമാക്കി. സമാനമായ പ്രതികരണം മറ്റൊരു സഹമന്ത്രി ജിതേന്ദ്ര സിംഗും ആവര്‍ത്തിച്ചു. ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്. എന്നാല്‍, ഇത്തരം ആക്രമണങ്ങള്‍ നിരീക്ഷിക്കാനും നേരിടാനും സൈന്യം കൂടുതല്‍ കാര്യക്ഷമമാകണം. സുരക്ഷയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങളില്‍ പ്രസ്താവന നടത്തുന്നത് ഉചിതമല്ല. ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇക്കാര്യം അവലോകനം ചെയ്യുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിച്ചാലും സമാധാനശ്രമങ്ങള്‍ അതിന്റേതായ നിലയില്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

Latest