Connect with us

Editorial

സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കരുത്

Published

|

Last Updated

സബ്‌സിഡിയെന്ന സാമ്പത്തിക ആനുകൂല്യം ഘട്ടംഘട്ടമായി പരിമിതപ്പെടുത്തി എടുത്തുകളയുകയെന്ന അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബേങ്കിന്റെയും നിര്‍ദേശം നടപ്പാക്കുന്നതില്‍ വ്യഗ്രതയാണ് ഭരണകൂടങ്ങളില്‍ നിന്നുണ്ടാവുന്നത്. സബ്‌സിഡി ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും തോത് നിയന്ത്രിക്കുകയെന്നതാണ് ഇതില്‍ പ്രധാനം . ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പരിഷ്‌കാരങ്ങളുടെ മറവില്‍ അടുത്ത കാലത്തായി ഇതൊരു നയമായി സര്‍ക്കാറുകള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുതുവര്‍ഷ ദിനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടത്തരക്കാരുടെ വീടുകളില്‍ ഉപയോഗിച്ചുവരുന്ന പാചകവാതകത്തിന് വില കൂട്ടാന്‍ തീരുമാനിച്ചതും മേല്‍നയത്തിന്റെ സൂചനയായി വേണം കരുതാന്‍. മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് പാചകവാതക വില വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡിയുള്ള സിലിന്‍ഡറുകള്‍ക്ക് 49.50 രൂപയും സബ്‌സിഡിയില്ലാത്ത സിലിന്‍ഡറുകള്‍ക്ക് 52 രൂപയുമാണ് കൂട്ടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറുകളുടെ വില 78.50 രൂപയാണ് വര്‍ധിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വിലവര്‍ധന സബ്‌സിഡി രഹിത വിഭാഗത്തിന് മാത്രമാണ് ബാധകമെന്ന് എണ്ണക്കമ്പനികളും സര്‍ക്കാറും അവകാശപ്പെടുന്നുണ്ടെങ്കിലും സബ്‌സിഡി നേരിട്ട് ബേങ്ക് അക്കൗണ്ടില്‍ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ഉപഭോക്താവ് വിപണിവില തന്നെ നല്‍കേണ്ടി വരും. വര്‍ധിപ്പിച്ച തുക സബ്‌സിഡിയില്‍ ചേര്‍ത്ത് പിന്നീട് ലഭിക്കുമെന്ന് മാത്രം. പത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്‌സിഡി ആനുകൂല്യം എടുത്തുമാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും പുതുവര്‍ഷ ദിനത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. പാചക വാതകത്തിന് പുറമെ മണ്ണെണ്ണ സബ്‌സിഡിയും പരിമിതപ്പെടുത്തുമെന്ന് കേന്ദ്രം സൂചന നല്‍കിയിരിക്കയാണ്. മണ്ണെണ്ണ സബ്‌സിഡി നേരിട്ട് ബേങ്ക് അക്കൗണ്ടില്‍ നല്‍കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . മണ്ണെണ്ണ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉയര്‍ന്ന വരുമാനം ഉള്ളവര്‍ സബ്‌സിഡി സ്വയം വേണ്ടെന്നുവെക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ “സബ്‌സിഡി ഉപേക്ഷിക്കൂ” പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന് പുറമെയാണ് പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരെ സബ്‌സിഡിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നത്. എണ്ണക്കമ്പനികള്‍ പെരുപ്പിച്ചുകാട്ടുന്ന നഷ്ടക്കണക്കുകള്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാറുകള്‍ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതിലൂടെ വരുത്തിവെച്ച ദ്രോഹം തുടരുകയാണ്. വിലനിയന്ത്രണം നീക്കിയാല്‍ ആഗോള കമ്പോളത്തിലെ വിലക്ക് ആനുപാതികമായി രാജ്യത്തും പെട്രോള്‍, ഡീസല്‍, പാചക വാതക വില ആകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എല്ലാ ഭാരവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് കൈയൊഴിയുന്ന സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറുകള്‍ പുലര്‍ത്തി വരുന്നത്. ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഔത്സുക്യം കാണിക്കുന്ന ഭരണകൂടം ജനങ്ങള്‍ക്ക് പ്രയോജനകരമായേക്കാവുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പിശുക്ക് കാട്ടുന്നുവെന്നതാണ് ഖേദകരം.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായില്ല. പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ തീരുവകളും നികുതിയും കൂട്ടി വില ഒരിക്കലും കുറക്കാത്ത രീതിയാണ് തുടരുന്നത്. ഇടക്കു ചില കുറവുകള്‍ വരുത്തുന്നതു പോലും പിന്നീട് അധികമായി കൂട്ടാനാവശ്യമായ കണ്ണില്‍ പൊടിയിടലാകുകയാണ് . കുറക്കുമ്പോള്‍ തന്നെ എക്‌സൈസ് തീരുവയും മറ്റു നികുതികളും കൂട്ടി ഉപഭോക്താവിന് ആനുകൂല്യം ലഭിക്കാത്ത സാഹചര്യവും വന്നുപെടുന്നു. അന്താരാഷ്ട്ര വിലയെന്തായാലും ന്യായവിലക്ക് ഇന്ധനവും പാചകവാതകവും ലഭിക്കുന്ന സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്. എണ്ണക്കമ്പനികള്‍ക്ക് ഇതുകാരണം അന്താരാഷ്ട്ര വില കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് അവരുടെ നഷ്ടം നികത്താന്‍ വിലനിയന്ത്രണം നീക്കിയത്. ഇപ്പോള്‍ അന്താരാഷ്ട്ര കമ്പോളത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്കാനുപാതികമായ പ്രയോജനം ഉപഭോക്താവിന് ഒരു നിലക്കും ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ മൂലമുണ്ടായേക്കാവുന്ന ഉത്പന്ന വില വര്‍ധന സ്വാഭാവികമാണെങ്കിലും ഭരണകൂടങ്ങളുടെ പിടിപ്പു കേടിന്റെയും ജനവിരുദ്ധ നയങ്ങളുടെയും ഫലമായുണ്ടാകുന്ന അധിക ഭാരം സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ് ചെയ്യുന്നത്. ഇതിന് അറുതി വരുത്തിയേ തീരൂ. സാമ്പത്തിക പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുമ്പോള്‍ ജനപക്ഷത്ത് നില്‍ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. വിലവര്‍ധന എന്ന രീതിശാസ്ത്രത്തിന് മാറ്റം വരുത്തി സാങ്കേതികവിദ്യയുടെ മുന്നേറ്റം പൂര്‍ണമായും പ്രയോജനപ്പെടുത്തി ഉത്പന്നങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുകയും വില കുറച്ചുകൊണ്ടു വരികയുമാണ് വേണ്ടത്.

Latest