Connect with us

Articles

നാട്യങ്ങളില്ലാത്ത കമ്മ്യൂണിസ്റ്റ്

Published

|

Last Updated

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണം, ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നൊക്കെ സ്വപ്രവര്‍ത്തനത്തില്‍ കൂടി കാണിച്ചു തന്ന മാതൃകാ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എ ബി ബര്‍ദന്‍. ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയവും വിജ്ഞാനത്തിന്റെ ശേഷിയും സംയോജിപ്പിച്ച് പതിനാറ് വര്‍ഷക്കാലം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ച ബര്‍ദന്‍ പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും തലമുതിര്‍ന്ന നേതാവായിരുന്നു. പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന കാലത്ത് ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടുകൊണ്ട് പ്രവര്‍ത്തകരുടെയെല്ലാം മനസ്സില്‍ ഒരു ആവേശമായി അദ്ദേഹം മാറി. തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയും ജനസമ്മതി നേടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 1957 ല്‍ ആദ്യമായി നിയമസഭാംഗമായത്. പാര്‍ട്ടിക്ക് കാര്യമായ ബഹുജന അടിത്തറയില്ലാത്ത മണ്ഡലത്തില്‍ ബര്‍ദന്റെ വിജയം എതിരാളികളെ അത്ഭുതപ്പെടുത്തി. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനരംഗത്ത് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം മാറ്റുകയായിരുന്നു.
ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ ആദ്യത്തെ സമരസംഘടനയായ എ ഐ ടി യുസിയുടെ കേന്ദ്ര നേതൃത്വത്തില്‍ ബര്‍ദന്റെ വരവ് ഒരു നവചൈതന്യമായി മാറി. ഇന്ദ്രജിത് ഗുപ്ത ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കളോടൊപ്പം തൊഴിലാളി രംഗത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ വളര്‍ച്ചക്ക് വളരെയെറെ സഹായകമായിരുന്നു. 1990 വരെ എ ഐ ടി യു സിയുടെ ജനറല്‍ സെക്രട്ടറിയും 1996 മുതല്‍ 16 വര്‍ഷക്കാലം സി പി ഐ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അക്കാലത്താണ് പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഗണ്യമായ വര്‍ധനവുണ്ടായത്. ഏതാണ്ട് കാല്‍ നൂറ്റാണ്ടുകാലം സി പി ഐക്കെതിരെ എതിരാളികളും സുഹൃത്തുക്കളും പറഞ്ഞ ഒരു പരിഹാസമായിരുന്നു “ഇതു പരിപാടിയില്ലാത്ത പാര്‍ട്ടിയാണെന്ന്.” ഇത് ബര്‍ദനെയും മാനസികമായി തളര്‍ത്തിയിരുന്നു. 2015ല്‍ നടന്ന പോണ്ടിച്ചേരി പാര്‍ട്ടി കോണ്‍ഗ്രസില്‍ ബര്‍ദന്‍ അവതരിപ്പിച്ച പാര്‍ട്ടി പരിപാടി സമ്മേളനം കരഘോഷത്തോടെ സ്വീകരിച്ചു. അങ്ങനെ പാര്‍ട്ടിയുടെ പേരുദോഷം ദീര്‍ഘനാളത്തെ തീവ്രശ്രമത്തിനുശേഷം മാറ്റിയെടുക്കാന്‍ ആ വിപ്ലവകാരിക്കു കഴിഞ്ഞു. ബര്‍ദന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും അദ്ദേഹം പാര്‍ട്ടിക്കു നല്‍കിയ മഹത്തരമായ സംഭാവനയുമാണ് ഈ പാര്‍ട്ടി പരിപാടി.
അനീതിക്കെതിരെ കലഹിക്കുകയും അവകാശത്തിനുവേണ്ടി പോരാടുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത യഥാര്‍ഥ കമ്യൂണിസ്റ്റ് നേതാവായിരുന്നു ബര്‍ദന്‍. പാര്‍ട്ടി കേന്ദ്രമായ അജോയ് ഭവനിലെ കൊച്ചു മുറിയില്‍ എഴുത്തും വായനയും പാര്‍ട്ടി പ്രവര്‍ത്തനവുമായി കഴിഞ്ഞുകൂടുകയായിരുന്ന ബര്‍ദന് വളരെ പെട്ടെന്നാണ് പക്ഷാഘാതം ഉണ്ടായത്. അനാര്‍ഭാടകരമായ ജീവിതം, സത്യസന്ധമായ സാമൂഹിക പ്രവര്‍ത്തനം, കാപട്യമില്ലാത്ത പൊതുപ്രവര്‍ത്തനം, ഒരു കമ്യൂണിസ്റ്റുകാരനു ചേര്‍ന്ന ജീവിതരീതി, എല്ലാം ചേര്‍ന്ന ഒരു വിപ്ലവകാരിയെയാണ് നാടിന് നഷ്ടപ്പെട്ടത്.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ആവേശപൂര്‍വം എടുത്തുകാണിക്കാവുന്ന സമാനതകളില്ലാത്ത നേതാവായിരുന്നു ബര്‍ദന്‍. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെ അപകടനിലയിലേക്ക് നയിക്കുമ്പോള്‍ അതിനു പകരമായി ഇടതുപക്ഷ പ്രസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവസാന നിമിഷംവരെ അദ്ദേഹം കൈമെയ് മറന്ന് പോരാടി. ഇന്ത്യയില്‍ വ്യത്യസ്തതലങ്ങളില്‍ വിഹരിക്കുന്ന ജനാധിപത്യ ചേരികളിലെ പാര്‍ട്ടി നേതാക്കള്‍ക്കും ഭരണാധികാരത്തില്‍ ഇരിക്കുന്നവര്‍ക്കുമെല്ലാം ബര്‍ദന്റെ വിമര്‍ശങ്ങള്‍ അവഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുലായംസിംഗ് യാദവും ലാലുപ്രസാദ് യാദവും ദേവഗൗഡയും നിതീഷ് കുമാറും മമതാ ബാനര്‍ജിയും ജയലളിതയും മായാവതിയുമെല്ലാം വളരെ ആദരവോടുകൂടിയാണ് ബര്‍ദനോട് പെരുമാറിയിരുന്നത്.
ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ബര്‍ദന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഷനല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അജോയ് ഭവനില്‍ എത്തിയ ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി പാര്‍ട്ടി ആസ്ഥാനത്തെ കാന്റീനില്‍ ക്യൂ നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ബര്‍ദന്‍ ഒരു പ്ലേറ്റുമായി ക്യൂവില്‍ നിന്നു. മുന്‍നിരയിലുള്ളവര്‍ ആദരവോടെ മാറിനിന്നു. പക്ഷേ, ബര്‍ദന്‍ വഴങ്ങിയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ക്യൂ എല്ലാവര്‍ക്കും ബാധകമാണ്. ദാലും ചോറും ചപ്പാത്തിയും കാശ് കൊടുത്തു വാങ്ങി, കൂളറില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളവും എടുത്ത് ഞങ്ങള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് പ്ലേറ്റും ഗ്ലാസും കഴുകി യഥാസ്ഥാനത്ത് വെക്കുന്ന നേതാവിനെ ഞങ്ങള്‍ കൗതുകപൂര്‍വം നോക്കിനില്‍ക്കുകയായിരുന്നു.
പാര്‍ട്ടിക്ക് ആരില്‍നിന്നൊക്കെ ഫണ്ട് പിരിക്കാമെന്ന് വ്യക്തത ഉണ്ടാക്കിയതും ബര്‍ദനാണ്. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് സി പി ഐ സര്‍ക്കാറിനെ പിന്താങ്ങുകയാണ്. ഒരു ദിവസം ഇന്ത്യയിലെ ഒരു വന്‍ വ്യവസായി ജനറല്‍ സെക്രട്ടറിയെ കാണാനെത്തി. ഒരു വലിയ തുക പാര്‍ട്ടിക്ക് നല്‍കാനാണ് വന്നത്. ബര്‍ദന്‍ അദ്ദേഹത്തോട് പറഞ്ഞു. “സോറി, നിങ്ങളുടെ സംഭാവന ഞങ്ങള്‍ക്ക് വേണ്ട”. കേരളത്തിലെ പാര്‍ട്ടി നേതാക്കളുമായി, പ്രത്യേകിച്ച് എന്‍ ഇ ബാലറാം, പി കെ വി, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരോട് ബര്‍ദന്‍ പ്രത്യേക സൗഹൃദം പുലര്‍ത്തിയിരുന്നു. അഭിപ്രായ സ്ഥിരതയും കര്‍ക്കശമായ പെരുമാറ്റവും തനിക്ക് ശരിയെന്നു തോന്നുന്ന ആശയങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ വ്യക്തിബന്ധങ്ങളില്‍ അവയൊന്നും പ്രകടിപ്പിക്കുമായിരുന്നില്ല. ഏതു സാധാരണക്കാരനും നേരിട്ടു ചെല്ലാനും സംസാരിക്കാനും കഴിയുന്ന ഉയര്‍ന്ന നേതാവും വിശാല മനസ്‌കനുമായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ബര്‍ദനുമായി നേരിട്ടു പരിചയപ്പെടാനും കുറച്ചുകാലം ഒരുമിച്ചു പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍.

Latest