Connect with us

International

അമേരിക്ക ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് റഷ്യ

Published

|

Last Updated

മോസ്‌കോ: അമേരിക്ക ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് റഷ്യ. ഇതാദ്യമായാണ് റഷ്യ അമേരിക്കയെ ദേശീയ സുരക്ഷക്ക് ഭീഷണിയായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വസ്ഥയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. റഷ്യന്‍ ഫെഡറേഷന്റെ ദേശീയ സുരക്ഷയെ കുറിച്ചുള്ള ഒരു രേഖയിലാണ് അമേരിക്കയെ ഭീഷണിയായി എണ്ണിയിരിക്കുന്നത്. പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഈ രേഖയില്‍ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. 2009ല്‍ അവതരിപ്പിച്ച രേഖയില്‍ നാറ്റോയെയോ അമേരിക്കയെയോ ഭീഷണിയായി എണ്ണിയിരുന്നില്ല. അന്ന് പ്രസിഡന്റ്പദത്തിലുണ്ടായിരുന്നത് ദിമിത്ര മെദ്‌വദേവ് ആയിരുന്നു. അദ്ദേഹം ഇപ്പോള്‍ റഷ്യന്‍ പ്രധാനമന്ത്രിയാണ്.
ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അന്താരാഷ്ട്രതലത്തിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിലും റഷ്യ അതിന്റെ പങ്ക് കൂടുതല്‍ സജീവമാക്കിയതായി രേഖകള്‍ പറയുന്നു. ഇതിന്റെ പ്രധാന കാരണം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങളാണെന്നും ഇതിലുണ്ട്. റഷ്യയുടെ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും ആഭ്യന്തര ഇടപെടലുകള്‍ക്കും എതിരെ അമേരിക്കയും അവരുടെ സഖ്യരാജ്യങ്ങളും പ്രതിപ്രവര്‍ത്തനം നടത്തുന്നുണ്ട്. ആഗോള വിഷയത്തില്‍ അവരുടെ ആധിപത്യം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രസിഡന്റ് ഒപ്പ് വെച്ച സുപ്രധാന രേഖകളിലുണ്ട്.
2014 മാര്‍ച്ചില്‍ ഉക്രൈനിന്റെ ഭാഗമായിരുന്ന ക്രീമിയ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത് റഷ്യയുടെ ഭാഗമാക്കിയിരുന്നു. ഇത് മുതല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.