Connect with us

International

പ്രാര്‍ഥനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു; അമേരിക്കന്‍ കമ്പനി 200 മുസ്‌ലിം ജീവനക്കാരെ പുറത്താക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: ജോലിക്കിടെ നിസ്‌കരിക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട 200 മുസ്‌ലിം തൊഴിലാളികളെ അമേരിക്കന്‍ കമ്പനി പുറത്താക്കി. പടിഞ്ഞാറന്‍ സംസ്ഥാനമായ കൊലാര്‍ടൊയിലെ ഇറച്ചി പായ്ക്കിംഗ് പ്ലാന്റില്‍ ജോലി ചെയ്യുന്ന സോമാലിയയില്‍ നിന്നുള്ള തൊഴിലാളികളെയാണ് കമ്പനി പുറത്താക്കിയത്. കാര്‍ഗില്‍ മീറ്റ് സൊല്യൂഷന്‍ കമ്പനിയിലാണ് നടപടി.
കമ്പനിയില്‍ തൊഴിലാളികള്‍ക്ക് പ്രാര്‍ഥിക്കാനായി പ്രത്യേക മുറി സജ്ജമാക്കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് തൊഴിലാളികള്‍ക്ക് വിനയായത്. ഇതോടെ നിസ്‌കാരത്തിന് ആവശ്യമായ സമയമില്ലാതായി. പുറത്താക്കിയ തൊഴിലാളികളെല്ലാം മികച്ച തൊഴിലാളികളായിരുന്നുവെന്നും ജോലി നഷ്ടപ്പെടുന്നതിനേക്കാള്‍ നിസ്‌കാരം നഷ്ടപ്പെടുന്നതാണ് ഇവര്‍ക്ക് വലുതെന്നും അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ വക്താവ് ജീലാനി ഹുസൈന്‍ പറഞ്ഞു. നിസ്‌കാര സമയവുമായി ബന്ധപ്പെട്ടുള്ള നയത്തില്‍ വന്ന തെറ്റിദ്ധാരണയാണ് പുറത്താക്കുന്നതുമായി ബന്ധപ്പെട്ടതില്‍ കലാശിച്ചതെന്നും കമ്പനി തൊഴിലാളികളെ പ്രാര്‍ഥിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകാന്‍ മൂന്ന് ദിവസം സാവകാശം നല്‍കിയിരുന്നുവെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഇവര്‍ ഇതിന് തയ്യാറാകാത്തതിനാല്‍ ഇവരെ പുറത്താക്കുകയായിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.