Connect with us

Sports

അഫ്ഗാന്റെ 'യൂറോപ്യന്‍' കരുത്തിനെ മറികടക്കാന്‍ ഇന്ത്യക്കാകും : കോണ്‍സ്റ്റന്റൈന്‍

Published

|

Last Updated

തിരുവനന്തപുരം : യുറോപ്യന്‍ ശൈലിയിലുള്ള കളി അഫ്ഗാനിസ്ഥാനെ സാഫിലെ ഫേവറിറ്റുകളാക്കുന്നുവെന്ന് ഇന്ത്യന്‍ കോച്ച് സീറ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് അഫ്ഗാന്‍ എന്നു കരുതുന്നില്ലെന്നും കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കി. അഫ്ഗാന്റെ ശക്തി മനസിലാക്കി സമ്മര്‍ദങ്ങളില്ലാതെ കളിക്കും. വിദേശ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ അഫ്ഗാന്റെ പ്ലസ് പോയിന്റാണ്. മികച്ച എതിരാളികള്‍ തന്നെയാണ് അവര്‍. എന്നാല്‍ സ്വന്തം നാട്ടില്‍ കളിക്കുന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്.
കളിയുടെ എല്ലാമേഖലകളിലും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഗെയിംപ്ലാനായിരിക്കും ഒരുക്കുക. ടീമിന് യാതൊരു ദൗര്‍ബല്യവുമില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ളവര്‍ മികച്ച രീതിയിലാണു കളിക്കുന്നത്. യുവകളിക്കാരുടെ പ്രകടനം പ്രതീക്ഷക്കൊത്തതും മികച്ചതുമാണ്. മത്സരം കടുത്തതാകും ഏതു നിമിഷവും സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള ടീമാണ് അഫ്ഗാന്‍. അതിനാന്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും കോണ്‍സ്റ്റന്റൈന്‍ വിലയിരുത്തി. തുടക്കം മുതല്‍ ഒടുക്കംവരെ പോരാടുക എന്നതാണു നമ്മുടെ ലക്ഷ്യം. മികച്ച കളി പുറത്തെടുത്താല്‍ വിജയിക്കാനാകും.
എന്നാല്‍ എല്ലാ കളിക്കാര്‍ക്കും ടീമില്‍ തുല്യ പ്രാധാന്യമാണ്. ഒരാള്‍ മികച്ച ഫോമില്‍ കളിച്ചിട്ടു മാത്രം കാര്യമില്ല. എല്ലാവരും മികച്ച കളി പുറത്തെടുത്താല്‍ മാത്രമേ ജയം സാധ്യമാകൂ. ഒരു പ്രത്യേക കളിക്കാരനെ കേന്ദ്രീകരിച്ചു ടീം സജ്ജമാക്കുന്നതു തന്റെ ശൈലിയല്ലെന്നും കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കി. ഏഷ്യന്‍ താരങ്ങളും യൂറോപ്യന്‍ താരങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുവാമുമായുള്ള മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിയില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. ഗുവാം കളിക്കാരില്‍ അധികവും യൂറോപിലും യുഎസ്എയിലും കളിക്കുന്നവരായിരുന്നു.

അഫ്ഗാന്‍ ജനതക്കായുള്ള പോരാട്ടം: പീറ്റര്‍ സെഗ്രറ്റ്
തിരുവനന്തപുരം : സാഫ് കപ്പ് ഫൈനലില്‍ അഫ്ഗാന്‍ ജനതക്കായി 90 മിനിറ്റും പൊരുതുമെന്നു കോച്ച് പീറ്റര്‍ സെഗ്രറ്റ്. ഇന്ത്യയെ കരുത്തരായ എതിരാളികളായാണ് കാണുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഇന്ത്യക്കുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കളി കുറവായതും കടുത്ത എതിരാളികള്‍ ഇല്ലാത്തതും താരങ്ങളുടെ ശാരീരികക്ഷമത നിലനിര്‍ത്താന്‍ സഹായാകരമായിട്ടുണ്ട്. എന്നാല്‍ അഫ്ഗാന്‍ ജനതക്കായി ഫൈനല്‍ ജയിക്കുകയാണ് ലക്ഷ്യം. അവസാന നിമിഷം വരെ പൊരുതും.
ടീമിലെ എല്ലാവരും മികച്ച ഫോമിലാണ്. ആരെയും പരുക്ക് അലട്ടുന്നില്ലെന്നും സെഗ്രറ്റ്. 2011ലും 2013ലും ഇന്ത്യയും അഫ്ഗാനും സാഫ് കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയകാര്യം പരിഗണിക്കേണ്ടതില്ലെന്നും ഇന്ന് ഒരു പുതിയ ദിവസമാണെന്നും ഇന്നത്തേതു പുതിയ മത്സരമാണെന്നും സെഗ്രറ്റ് പറഞ്ഞു.
രണ്ടു ടീമുകളും വിജയിക്കാന്‍ വേണ്ടിയാണു ഫൈനലിനിറങ്ങുന്നത്. അതിനാല്‍ത്തന്നെ ഇരു ടീമുകള്‍ക്കും ഇതൊരു പുതിയ ദിവസവും മത്സരവുമാണ്. ഇന്ത്യയെ വിലകുറച്ചു കാണുന്നില്ല. അവര്‍ കരുത്തരായ ടീം തന്നെയാണ്. ഇന്ത്യയുമായുള്ള മത്സരം അഫ്ഗാനു കടുത്തതാകും. കരുത്തരായ കളിക്കാരും സ്വന്തം കാണികളുടെ പിന്‍തുണയും ചേരുമ്പോള്‍ ഇന്ത്യയുടെ ശക്തി വര്‍ധിക്കും.
ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണു ഫൈനലിനെത്തുന്നത് എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. ഗ്രൂപ് സ്റ്റേജില്‍ എന്തു ചെയ്തു എന്നതിനല്ല അഫ്ഗാനിസ്ഥാനു വേണ്ടി കപ്പ് നേടുക എന്നതിനാണു പ്രാധാന്യം നല്‍കുന്നതെന്നും സെഗ്രറ്റ്. 2013ലെ വിജയികളായ അഫ്ഗാന്‍ ടീമില്‍ നിന്നും ഏഴു കളിക്കാര്‍ പിന്‍വാങ്ങി. ഇവരില്‍ പലരും പ്രധാന താരങ്ങളായിരുന്നു.
ഈ സാഹചര്യത്തില്‍ 2015ലേക്കായി പുതിയ ടീമിനെ തെരഞ്ഞെടുക്കേണ്ടിവന്നു. പുതിയ ടീമില്‍ യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്നു കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായത് ഇതിനാലാണെന്നും സെഗ്രറ്റ് പറഞ്ഞു. അഫ്ഗാന്‍ ടീമിലെ 20 താരങ്ങളില്‍ അഞ്ചുപേര്‍ മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ കളിക്കുന്നവരായുള്ളൂ. ശേഷിക്കുന്ന 15 പേര്‍ ഡെന്മാര്‍ക്ക്, ജര്‍മ്മനി, യുഎസ്എ, ബഹ്‌റിന്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കളിക്കുന്നവരാണ്.