Connect with us

Kerala

ഹജ്ജ് അവസര നിഷേധം: കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ജനസംഖ്യാടിസ്ഥാനത്തില്‍ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ഹജ്ജ് തീര്‍ഥാടനത്തിന് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനേയും ബന്ധപ്പെട്ടവരേയും നേരില്‍ കണ്ട് ബോധ്യപ്പെടുത്തുകയാണ് പ്രതിനിധി സംഘത്തിന്റെ ഉദ്ദേശ്യം.
തുടര്‍ച്ചയായ നാല് വര്‍ഷം അപേക്ഷിച്ചിട്ടും ഹജ്ജ് തീര്‍ത്ഥാടനത്തിനായി അവസരം നിഷേധിക്കപ്പെട്ടത് 8726 പേര്‍ക്കാണ്. തുടര്‍ച്ചയായി നാലാം വര്‍ഷവും അപേക്ഷിക്കുന്നവരെ റിസര്‍വ് ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം രജിസ്റ്റര്‍ ചെയ്യുകയാണ് രീതിയെങ്കിലും ഇത്രയും പേര്‍ ഇപ്പോഴും പുറത്താണ്. ഓരോ വര്‍ഷവും ഹജ്ജിന് അപേക്ഷിക്കുന്ന മലയാൡകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ധന തുടര്‍ന്നിരുന്നു. ഇതില്‍ ഒരു തവണ അപേക്ഷിച്ചിട്ട് അവസരം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കുന്നതും പതിവാണ്. നാല് തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത 8726 പേരെ നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കാന്‍ ആവശ്യമായ ക്വാട്ട സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാറിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
കാറ്റഗറി ബി”യില്‍ (തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍) ആകെ 10,124 പേരാണുള്ളത്. ഇതില്‍ മുമ്പ് അവസരം ലഭിച്ചവരും ഉള്‍പ്പെടുന്നു. അതേ2സമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനു അപേക്ഷിച്ചത് 65,201 പേരാണ്. ഇതില്‍ 21 കുട്ടികളും ഉള്‍പ്പെടുന്നു. മൊത്തം അപേക്ഷകരില്‍ റിസര്‍വ് കാറ്റഗറി എ”യില്‍ (70 വയസ്സ് പൂര്‍ത്തിയായവരും സഹായിയും ഉള്‍പ്പടെ) 1,851 പേരും റിസര്‍വ് കാറ്റഗറി ബി പ്ലസില്‍ (തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍) 3,068 പേരുമാണുള്ളത്. ജനറല്‍ കാറ്റഗറിയില്‍ (പുതുതായി അപേക്ഷിച്ചവര്‍) പെട്ടവര്‍ 50,158 പേരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന് ഈ വര്‍ഷം അനുവദിച്ച ക്വാട്ട 5,633 മാത്രമായതിനാല്‍ അപേക്ഷകരില്‍ 90 ശതമാനത്തോളവും പുറത്തുതന്നെയായിരുന്നു. റിസര്‍വ് കാറ്റഗറി എ, ബി പ്ലസ് എന്നിവയില്‍പ്പെട്ടവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിക്കുമ്പോള്‍ അനുവദിച്ച ക്വാട്ടയിലേക്ക് ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനു റിസര്‍വ് കാറ്റഗറി ബിയില്‍ നിന്ന് നറുക്കെടുപ്പ് നടത്തുകയായിരുന്നു. 714 പേരെ കണ്ടെത്തുന്നതിനായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം 6,566 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
കേരളത്തില്‍ ഓരോ വര്‍ഷവും അപേക്ഷകരുടെ എണ്ണം വര്‍ധിക്കാറുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗവും ആ വര്‍ഷം ഹജ്ജ് ചെയ്യാനാകാതെ നിരാശരാകുന്ന അവസ്ഥയാണുള്ളത്. സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ 31 ഹജ്ജ് കമ്മിറ്റികള്‍ മുഖേനയാണ് ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത്. 2001ലെ മുസ്‌ലിം ജനസംഖ്യയുടെ അനുപാതം കണക്കിലെടുത്താണ് ഈ വര്‍ഷവും ക്വാട്ട നിശ്ചയിച്ചത്. 2011ല്‍ പുതിയ സെന്‍സസ് പട്ടിക പുറത്തുവന്നെങ്കിലും ഹജ്ജ് ക്വാട്ട നിശ്ചയിക്കാന്‍ പഴയ കണക്കുതന്നെയാണ് അവലംബിച്ചുവരുന്നത്. അശാസ്ത്രീയമായ ഈ മാനദണ്ഡം പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതില്‍ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.